കൊച്ചി-മുസിരിസ് ബിനാലെ 2025:  വനങ്ങളും നദികളും ഇല്ലാതാക്കുന്ന വികസനം - 'ഇമാജിനിംഗ് സോമിയ'പ്രഭാഷണം

New Update
KMB 2

കൊച്ചി: വികസനത്തിന്റെ പേരിൽ നടക്കുന്ന പ്രകൃതിചൂഷണങ്ങൾക്കെതിരെ ശക്തമായ വിമർശനം ഉയർത്തി തായ് വിഷ്വൽ ആർട്ടിസ്റ്റും ഡോക്യുമെന്ററി സംവിധായികയുമായ സോം സുപ്പപരിണ്യ.  കൊച്ചി-മുസിരിസ് ബിനാലെ വേദിയായ ബാസ്റ്റ്യൻ ബംഗ്ലാവ് പവലിയനിൽ നടന്ന 'ഇമാജിനിംഗ് സോമിയ' എന്ന പരിപാടിയുടെ ഭാഗമായിരുന്നു പ്രഭാഷണം.

മധ്യേഷ്യ മുതൽ തെക്കുകിഴക്കൻ ഏഷ്യയുടെ തെക്കേ അറ്റം വരെ നീളുന്നതും ഇന്ത്യയുടെയും ചൈനയുടെയും ഭാഗങ്ങൾ ഉൾപ്പെടുന്ന ഉയർന്ന പ്രദേശങ്ങളെയാണ് 'സോമിയ' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.

അവരുടെ 'ദ റിവേഴ്സ് ദേ ഡോണ്ട് സീ'  എന്ന 2024-ലെ വീഡിയോ ഇൻസ്റ്റലേഷനിലൂടെ സാൽവീൻ, പിംഗ്, ചാവോ ഫ്രായ എന്നീ നദികളുടെ ഗതി വഴിതിരിച്ചുവിടലുകളെയും, അണക്കെട്ട് നിർമ്മാണങ്ങളെയും ഹരിത ഊർജ്ജ നയങ്ങളിലെ വൈരുദ്ധ്യങ്ങളെയും വിശകലനം ചെയ്യുന്നു. വെറും നാശനഷ്ടങ്ങളെ കാണിക്കുന്നതിനുപരി, ഉണങ്ങിയ നദിത്തടങ്ങൾ, ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങൾ, വികസനത്തിന്റെ പേരിൽ ഇല്ലാതായ ആവാസ വ്യവസ്ഥകൾ എന്നിവയെയാണ് ഈ സൃഷ്ടി  പ്രതിവാദിക്കുന്നത്.

 വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എത്തരത്തിലാണ് പ്രകൃതിദൃശ്യങ്ങളെയും മനുഷ്യജീവിതത്തെയും മാറ്റിമറിച്ചതെന്ന്  അവർ വിശദീകരിച്ചു. മനുഷ്യനിർമ്മിതമായ ഭൂകമ്പങ്ങൾ, നദീതടങ്ങളുടെ തകർച്ച, നിർബന്ധിത കുടിയൊഴിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മ്യാൻമറിൽ നിന്നുള്ള അഭയാർത്ഥികൾ, കുടിയേറ്റ തൊഴിലാളികൾ,  നദീതീരങ്ങളിൽ താമസിക്കുന്നവർ എന്നിവരുടെ  രേഖപ്പെടുത്തപ്പെടാത്ത ശബ്ദങ്ങളെ സുപ്പപരിണ്യ തന്റെ സൃഷ്ടിയിലൂടെ പുറംലോകത്തെത്തിക്കുന്നു.  ഡാമുകളും പ്രളയങ്ങളും വികസനവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രതിസന്ധികളും നേരിടുന്ന കേരളത്തിന്റെ സാഹചര്യത്തിൽ സുപ്പപരിണ്യയുടെ സൃഷ്ടികൾക്ക് വലിയ പ്രസക്തിയുണ്ട്. പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിലുപരി, വർത്തമാനകാലത്തെ അനിശ്ചിതത്വങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ചിന്തിക്കാൻ ഈ സൃഷ്ടി പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.

നാഗാലാൻഡിലെ വനജീവിതത്തെയും കൃഷിരീതികളെയും കുറിച്ചുള്ള 'അബൻഡൻസ്: ലിവിംഗ് വിത്ത് എ ഫോറസ്റ്റ്'  എന്ന ഡോക്യുമെന്ററിയും  പ്രദർശിപ്പിച്ചു. ഖുമത്സു വനത്തിലെ സാറെനോ എന്ന ലോത്ത വംശജയെ പിന്തുടരുന്ന ഈ ചിത്രം തദ്ദേശീയരുടെ അറിവുകളും സർക്കാർ നയങ്ങൾ മൂലം അവർ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്യുന്നു.  തുടർന്ന് ആർട്ടിസ്റ്റ്-ക്യൂറേറ്ററായ യുടോങ് ലിൻ ഹിമാലയത്തിലെ സസ്യശേഖരണ ചരിത്രത്തെക്കുറിച്ചുള്ള ഓൺലൈൻ പ്രഭാഷണവും നടത്തി.

Advertisment
Advertisment