/sathyam/media/media_files/2026/02/21/photo-1-2026-02-21-15-53-59.jpeg)
കൊച്ചി: ക്രിസ്ത്യന്‍ പള്ളികളുടെ അള്‍ത്താരകളെ ഓര്‍മ്മിപ്പിക്കുന്ന ഭിത്തിപ്പൊക്കമുള്ള വലിയൊരു ഹാള്‍. അതിന്റെ വശങ്ങള്‍ ചാക്കുകള്‍ തുന്നി മറച്ചിരിക്കുന്നു. ഇരുവശങ്ങളിലും ദര്‍ബാര്‍ പോലെ കസേരകള്‍ നിരത്തിയിട്ടിരിക്കുകയാണ്. ഒന്നു കൂടി സൂക്ഷിച്ച് നോക്കിയാല്‍ അത് പഴയ കസേരകളാണെന്ന് തിരിച്ചറിയുന്നു. അധീശത്വം ഉറപ്പിക്കാന്‍ അധികാരിവര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന പാര്‍ലമന്റ് മന്ദിരങ്ങളുടെ സ്വത്വത്തെയാണ് ഇത് ചോദ്യം ചെയ്യുന്നത്.
മട്ടാഞ്ചേരി ബസാർ റോഡിലെ ആനന്ദ് വെയർഹൗസിൽ ഘാന സ്വദേശിയായ ആർട്ടിസ്റ്റ് ഇബ്രാഹിം മഹമ ഒരുക്കിയ 'പാർലമെന്റ് ഓഫ് ഗോസ്റ്റ്‌സ്' എന്ന കലാപ്രതിഷ്ഠ ക്രമീകരണം കൊണ്ടും പ്രമേയം കൊണ്ടും കലാസ്വാദകരെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതാണ്. 2025-ലെ ആർട്ട് റിവ്യൂ പവർ 100 പട്ടികയിൽ ഒന്നാമതെത്തിയ കലാകാരനാണ് ഇബ്രാഹിം മഹമ.
ഉപേക്ഷിക്കപ്പെട്ട ഗോഡൗണിലെ ചുമരുകളിൽ തുന്നിച്ചേർത്ത ചാക്കുകൾ കൊണ്ട് നിർമ്മിച്ച കർട്ടനുകളും നിരനിരയായി ക്രമീകരിച്ച പഴയ കസേരകളും ചേർന്ന ഈ സൃഷ്ടി അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചരിത്രമാണ് സംസാരിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2026/02/21/photo-2-2026-02-21-15-54-56.jpeg)
പ്രാദേശികമായി ശേഖരിച്ച ചാക്കുകൾ തുന്നിച്ചേർക്കാൻ വീട്ടമ്മമാരും പഴയ കസേരകൾ അറ്റകുറ്റപ്പണി നടത്തി പുനരുപയോഗിക്കാൻ ബിനാലെ ഫൗണ്ടേഷനിലെ സഹായികളും വോളണ്ടിയർമാരും വിദ്യാർത്ഥികളും മഹമയെ സഹായിച്ചു. ഹാളില്‍ നിരത്തിയിട്ട ഓരോ കസേരയും വ്യത്യസ്തമാണെന്നതും കൗതുകകരമാണ്.
കലയിലൂടെ സമൂഹത്തെ ബോധവത്കരിക്കാനും ശാക്തീകരിക്കാനുമാണ് മഹമ ഇതിലൂടെ ലക്ഷ്യമിടുന്നത്. കൊളോണിയൽ കാലത്തെ ചൂഷണത്തെയും ചണ വ്യവസായത്തിന്റെ ചരിത്രത്തെയും സൃഷ്ടി ഓർമ്മിപ്പിക്കുന്നു. അധ്വാനത്തിന്റെ ഓർമ്മകൾ പേറുന്ന വസ്തുക്കളാണ് താൻ ഇതിനായി തിരഞ്ഞെടുക്കുന്നതെന്ന് മഹമ പറഞ്ഞു.
ആഗോളതലത്തിലെ സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ പാർലമെന്റുകളുടെ പങ്കിനെക്കുറിച്ചും അദ്ദേഹത്തിന്റെ കലാപ്രതിഷ്ഠ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ആഡംബര സീറ്റുകളിലിരുന്ന് ജനപ്രതിനിധികൾ നടത്തുന്ന ചർച്ചകൾ പലപ്പോഴും പാവപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്നും അവരുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നുവെന്നും മഹമ അഭിപ്രായപ്പെട്ടു.
ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെയും കെട്ടിടങ്ങളെയും പ്രയോജനകരമായ രീതിയിൽ മാറ്റിയെടുക്കാം എന്നതിന് ഉദാഹരണമാണ് ഈ കലാപ്രതിഷ്ഠ.
മാഞ്ചസ്റ്റർ, ലണ്ടൻ, പാരീസ് എന്നിവിടങ്ങളിലെ ചരിത്രപരമായ പശ്ചാത്തലത്തിൽ സമാനമായ പ്രോജക്റ്റുകൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയും ഘാനയും നേരിട്ട സമാനമായ ദുരിതങ്ങളെക്കുറിച്ചും മഹമ പറഞ്ഞ് വയ്ക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us