തിരമാലകളുടെ കൊച്ചി: വരയുടെ മാന്ത്രികതയുമായി ഫൈസ ഹസൻ കൊച്ചി ബിനാലെയിൽ

author-image
സൂര്യ ആര്‍
New Update
PHOTO 1
കൊച്ചി: ഫൈസ ഹസന്റെ കലയിൽ ഓർമ്മകളുടെ തിരമാലകളും വികാരങ്ങളുടെ വേലിയേറ്റവും ഇരച്ചെത്തുന്നതായാണ് കാഴ്ചക്കാരന് അനുഭവപ്പെടുന്നത്. 2014 ൽ സ്റ്റുഡൻ്റ്സ് ബിനാലെ ക്യൂറേറ്ററായും 2016 ൽ ഫൗണ്ടേഷന്റെ പ്രോഗ്രാമിംഗ് വിഭാഗം തലവനായും പ്രവർത്തിച്ച ഫൈസ കൊച്ചിയുടെ കടലിനെ അടുത്തറിയുന്നു.

PHOTO 2


ഫോർട്ട് കൊച്ചി ആസ്പിൻവാൾ ഹൗസിലെ ഡയറക്ടർ ബംഗ്ലാവിന്റെ ഒന്നാം നിലയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫൈസയുടെ 'കൽ' (2025) എന്ന സൃഷ്ടി സമയത്തെയും മാറ്റങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകളാണ് പങ്കുവെക്കുന്നത്. മരത്തറയുടെ കോണിൽ തിരമാലയുടെ അവസാന ഭാഗം ഫൈസ അതിമനോഹരമായി വരച്ചുചേർത്തിരിക്കുന്നു.  2020 മുതൽ 2025 വരെ കരി ഉപയോഗിച്ച് വരച്ച ആറ് ചിത്രങ്ങളും ചുവരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് പുറത്തെ കടലും ഉള്ളിലെ വികാരങ്ങളും തമ്മിലുള്ള  ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.

 വെളിച്ചവും നുരഞ്ഞുപൊങ്ങുന്ന തിരമാലകളിലൂടെ  കടൽക്കാറ്റിന്റെ മണമറിയാനും കപ്പലുകൾ കാണാനും പുരാതന നാവികരുടെ ദീർഘനിശ്വാസങ്ങൾ കേൾക്കാനും സാധിക്കും. തറയിലെ വെള്ളത്തിന്റെ അനക്കങ്ങൾ ജനലിലൂടെ ഒഴുകിയെത്തുന്ന കടലിന്റെ പ്രതീതിയാണ് ജനിപ്പിക്കുന്നത്.

 കൊച്ചി-മുസിരിസ് ബിനാലെ 2025-ന്റെ ക്യൂറേറ്റർ നിഖിൽ ചോപ്രയുടെ സമയത്തെയും ശരീരത്തെയും ഓർമ്മയെയും കുറിച്ചുള്ള ആശയങ്ങളോടുള്ള പ്രതികരണമാണ് തന്റെ സൃഷ്ടിയെന്ന് ഹൈദരാബാദ് സ്വദേശിയായ ഫൈസ പറഞ്ഞു.  വളരെ സൂക്ഷ്മമായ രീതിയിൽ 'വരഖ്' (വെള്ളിപ്പാളികൾ) ഉപയോഗിച്ചാണ് ഫൈസ തറയിൽ വെള്ളത്തിന്റെ ദൃശ്യം ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ പുരാതന കലയോടുള്ള ആദരവ് കൂടിയാണിത്.

PHOTO 3



വെള്ളം തന്റെ സൃഷ്ടികളിൽ ആവർത്തിച്ചു വരുന്ന ഒന്നാണെന്നും കൊച്ചിയുമായുള്ള തന്റെ ബന്ധത്തെയും ഇവിടുത്തെ ചരിത്രത്തെയുമാണ് ഇത് ഓർമ്മിപ്പിക്കുന്നതെന്നും ഫൈസ പറഞ്ഞു.

 പങ്കാളിത്ത കലാകാരിയായി ബിനാലെയിൽ വീണ്ടും എത്തുമ്പോൾ തന്റെ കൊച്ചി അനുഭവങ്ങൾ പൂർണ്ണതയിലെത്തിയതായി ഫൈസ കരുതുന്നു.
Advertisment
Advertisment