/sathyam/media/media_files/2025/12/03/anwar-sadath-2025-12-03-21-19-48.webp)
കൊച്ചി: കൊച്ചിൻ ഷിപ്‍യാർഡിൽ നാവികസേനാ കപ്പലിന്‍റെ അറ്റകുറ്റപ്പണിക്കിടെ കരാർ തൊഴിലാളിയായ ഡൈവർ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പൻതൊടി വീട്ടില്‍ അബൂബക്കറിന്‍റെ മകൻ അൻവർ സാദത്ത് (25) ആണ് മരിച്ചത്.
എറണാകുളം ചുള്ളിക്കൽ ആസ്ഥാനമായ ഡൈവിംഗ് അക്കാദമിയിലെ മുങ്ങൽ വിദഗ്ധനായിരുന്നു അൻവർ സാദത്ത്. കപ്പലിന്‍റെ അറ്റകുറ്റപ്പണിക്കായി മുങ്ങൽ വിദഗ്ധരെ കരാർ അടിസ്ഥാനത്തിൽ നൽകുന്ന കമ്പനിയാണിത്.
ഈ മേഖലയിൽ അഞ്ചു വർഷത്തെ പ്രവർത്തിപരിചയമുള്ളയാളാണ് അൻവർ സാദത്ത്. ചൊവ്വാഴ്ച രാവിലെ മുതൽ കപ്പലിന്‍റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികൾ നടന്നു വരികയായിരുന്നു.
ഉച്ചകഴിഞ്ഞാണ് അൻവർ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളിൽനിന്ന് സുരക്ഷാ കാര്യങ്ങൾ നോക്കിയിരുന്നത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അൻവറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.
വൈകുന്നേരം നാലിനാണ് വിവരം തങ്ങളെ അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പോലീസ് വ്യക്തമാക്കി. അൻവറിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചോടെ മരിച്ചു.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണവും നടത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us