ആഗോള പുരസ്കാരം നഷ്ടപ്പെട്ടെങ്കിലും ലോകത്ത് മുൻനിരയിലെത്തി കൊച്ചി വാട്ടർ മെട്രോ ; എൽസൽവദോറിനോട് മൽസരിച്ച് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത് ഒരു പരാജയമല്ല, മറിച്ച് വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കുതിക്കാനുള്ള  പ്രേരണയാണെന്ന് കൊച്ചി മെട്രോ, കൊച്ചി വാട്ടർ മെട്രോ  മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ; ലോകത്തെ പ്രമുഖ രാജ്യങ്ങളോട് മൽസരിച്ചാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ വാട്ടർ മെട്രോ എത്തിയത്

ലോകത്തെ പ്രമുഖ രാജ്യങ്ങളോട് മൽസരിച്ചാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ വാട്ടർ മെട്രോ എത്തിയത്.

New Update
WATER-METRO

കൊച്ചി : കൊച്ചി വാട്ടർ മെട്രോയ്ക്ക് 2026 ലെ ആഗോള സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡ് നഷ്ടപ്പെട്ടെങ്കിലും ഈ രംഗത്തെ ലോകത്തെ മൂന്ന് പ്രശസ്ത ബ്രാൻഡുകളിലൊന്നായി കൊച്ചി വാട്ടർ മെട്രോ വളർന്നുവെന്ന് ഈ മൽസരം തെളിയിക്കുന്നു.

Advertisment

KOCHI

ലോകത്തെ പ്രമുഖ രാജ്യങ്ങളോട് മൽസരിച്ചാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ വാട്ടർ മെട്രോ എത്തിയത്.

 ഒന്നാം സ്ഥാനം ബ്രസീലിലെ സാൽവദോർ നഗരത്തിനാണ്  നൽകിയതെങ്കിലും ലോകത്തിലെ മുൻനിര സുസ്ഥിര ഗതാഗത സ്ഥാപനമായ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡെവലപ്‌മെന്റ് പോളിസി (ഐറ്റിഡിപി) നിയോഗിച്ച ജൂറി കൊച്ചി വാട്ടർ മെട്രോയ്ക്ക് പ്രത്യേക പരാമർശം  നൽകി ആദരിച്ചു.

WA

ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്തിയ ബസ് റാപ്പിഡ് ട്രാൻസിറ്റ്  സംവിധാനത്തിന്റെ വൻതോതിലുള്ള വികസനം,

ആധുനിക സ്റ്റേഷനുകൾ, ഉൾക്കൊള്ളുന്ന തൊഴിൽ നയങ്ങൾ എന്നിവയാണ് സാൽവദോറിനെ പുരസ്കാരത്തിന് ആർഹമാക്കിയത്.

 ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഫ്ലീറ്റ് വികസിപ്പിച്ചതിനായി ചിലിയിലെ സാന്റിയാഗോയ്ക്കും പ്രത്യേക പരാമർശം ലഭിച്ചു.

മലിനീകരണം കുറയ്ക്കാനും ഗതാഗത സൗകര്യം വർധിപ്പിക്കാനും നടത്തിയ നിക്ഷേപങ്ങൾ എങ്ങനെ നഗരജീവിതം മാറ്റിമറിച്ചുവെന്ന് ഈ മൂന്ന് നഗരങ്ങളും തെളിയിക്കുന്നതായി ഐറ്റിഡിപി വിലയിരുത്തി.

LOK

വ്യാപ്തിയിലും വേഗതയിലുമാണ് സാൽവദോർ മുന്നിലെത്തിയതെങ്കിലും, നവീനതയിലൂടെയാണ് കൊച്ചി വേറിട്ടുനിന്നത്.

റോഡുകളും റെയിലും മാത്രമല്ല, ജലപാതകളെ ദൈനംദിന പൊതുഗതാഗതമാക്കുന്ന അപൂർവമായ ആഗോള മാതൃകയാണ് കൊച്ചി വാട്ടർ മെട്രോ അവതരിപ്പിച്ചത്.

നഗരത്തിലെ പത്ത് ദ്വീപുകളിലുടനീളം യാത്രയെ മാറ്റിമറിച്ച പദ്ധതിയെന്ന നിലയിലാണ് ഐറ്റിഡിപി കൊച്ചി വാട്ടർ മെട്രോയെ പരിഗണിച്ചത്. ഇതേവരെ 60 ലക്ഷത്തോളം പേർ യാത്രചെയ്തിട്ടുണ്ട്.

20 ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ പ്രവർത്തിക്കുന്ന ഈ സംവിധാനം, റോഡിലൂടെ ഒരു മണിക്കൂർ എടുത്തിരുന്ന യാത്ര ജലപാതയിലൂടെ ആക്കിയതോടെ 20 മിനിറ്റായി ചുരുക്കിയതോടൊപ്പം, ചെലവ് ഏകദേശം പകുതിയായി കുറയ്ക്കുകയും ചെയ്തെന്ന് ജൂറി വിലയിരുത്തി.

കാർബൺ എമിഷൻ ഒഴിവാക്കുന്നതിൻറെ കാര്യത്തിലാകട്ടെ ഓരോ യാത്രക്കാരനും കിലോമീറ്ററിന് ശരാശരി 184 ഗ്രാം CO₂ ലാഭം ഉണ്ടാക്കുന്ന സംവിധാനമെന്ന നിലയിലും കുറഞ്ഞ മലിനീകരണമുള്ള ഏകീകൃത ജലഗതാഗതത്തിനുള്ള ആഗോള പഠന മാതൃകയായി മാറിയിട്ടുണ്ട്.

എൽസൽവദോറിനോട് മൽസരിച്ച് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത് ഒരു പരാജയമല്ല, മറിച്ച് വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കുതിക്കാനുള്ള  പ്രേരണയാണെന്ന് കൊച്ചി മെട്രോ, കൊച്ചി വാട്ടർ മെട്രോ എന്നിവയുടെ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

LOKNATH

“വാട്ടർ മെട്രോ ഇതിനകം തന്നെ ശക്തവും സുസ്ഥിരവുമായ ഒരു ഗതാഗത സംവിധാനമാണ്. എന്നാൽ ആഗോള മൽസരത്തിൽ എൽ സാൽവഡോറിന് നമ്മൾ പിന്നിലായത് ചില കാര്യങ്ങളിൽ മാറ്റത്തിന് പ്രേരിപ്പിച്ചിരിക്കുകയാണ്. കൊച്ചിത്ത് ജലഗതാഗത രംഗത്ത് ആഗോള നേതൃസ്ഥാനത്തേക്ക് ഉയരണമെങ്കിൽ ഹൈഡ്രജൻ ഇന്ധനത്തിലുള്ള ബോട്ടുകളിലേക്ക് മാറണം. ഇന്ത്യയിൽ ഇതിനകം തന്നെ ഹൈഡ്രജൻ ബോട്ടുകൾ യാഥാർഥ്യമായിട്ടുണ്ട്. ഇപ്പോൾ ചെലവ് കൂടുതലായിരിക്കാം, എങ്കിലും ഈ മാറ്റം ഒഴിവാക്കാനാവാത്തതാണ്. ഇത് ഒരു പരാജയമല്ല; സാങ്കേതിക നവീകരണത്തിനുള്ള ശക്തമായ പ്രേരണയാണ്,” അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതോടെ കൊച്ചി മാതൃകയോടുള്ള ആഗോള താൽപര്യം ഗണ്യമായി വർധിച്ചിട്ടുണ്ട്.

വാട്ടർ മെട്രോ പോലുള്ള സംവിധാനങ്ങൾ നടപ്പാക്കാനുള്ള സാധ്യതകൾ പല രാജ്യങ്ങളും പരിശോധിച്ചു വരികയാണ്. “ഇന്നലെ തന്നെ ഫിജിയിൽ നിന്നൊരു അന്വേഷണം ലഭിച്ചു. ജലസമ്പത്ത് സമൃദ്ധമായ നഗരങ്ങളിലെ സുസ്ഥിര ഗതാഗതത്തിനുള്ള മാതൃകയായി കൊച്ചി വാട്ടർ മെട്രോ കൂടുതൽ കൂടുതൽ അംഗീകരിക്കപ്പെടുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു

 
ബെസ്റ്റ് പാസഞ്ചർ ഇലക്ട്രിക് ബോട്ട്-ഗസ്സീസ് അവാർഡ്
യു.എൻ–ഹാബിറ്റാറ്റ് അവാർഡ്, ഹാംബർഗ് യു.ഐ.ടി.പി. സമ്മിറ്റ് അവാർഡ്, എനർജി ലീഡർഷിപ്പ് അവാർഡ്, ഗ്ലോബൽ മാരിടൈം അവാർഡ്, ഷിപ്പ് ടെക് ഇന്റർനാഷണൽ അവാർഡ്, അർബൻ ഇൻഫ്ര അവാർഡ് തുടങ്ങിയ നിരവധി നാഷണൽ, ഇൻർനാഷണഷൽ അവാർഡുകൾ വാട്ടർമെട്രോയ്ക്ക് ലഭിച്ചിട്ടുണ്ട്.

KOCHI WATER METRO


നാലു റൗണ്ടുകളിലായി നടന്ന കടുത്ത മൽസരത്തെ അതിജീവിച്ചാണ് ആഗോള സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡ്  പട്ടികയിൽ വാട്ടർ മെട്രോ മുൻനിരയിലെത്തിയതെന്നും ഈ ആഗോള അംഗീകാരം ഭാവിയിലെ വളർച്ചയ്ക്ക് വലിയ പ്രചോദനമായിരിക്കുമെന്നും  കൊച്ചി വാട്ടർ മെട്രോ
ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സജൻ ജോൺ പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡെവലപ്‌മെന്റ് പോളിസി ലോകമെമ്പാടുമുള്ള നഗരങ്ങളുമായി സഹകരിച്ച്, ഉയർന്ന നിലവാരമുള്ള ഗതാഗത സംവിധാനങ്ങളും നയപരമായ പരിഹാരങ്ങളും രൂപകൽപ്പന ചെയ്ത് നടപ്പാക്കുന്ന ഒരു ആഗോള സ്ഥാപനമാണ്. സുസ്ഥിര ഗതാഗതവും നഗര ഗതാഗത സംവിധാനങ്ങളും സംബന്ധിച്ച ഗവേഷണം, സാങ്കേതിക പ്രവർത്തനങ്ങൾ എന്നിവയിൽ വേൾഡ് ബാങ്കുമായി  സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.

Advertisment