/sathyam/media/media_files/2025/04/15/f07e3e06-537e-429e-bd21-14b7fe1c8e37-463025.jpeg)
പെരുമ്പാവൂർ: വയസ്സ് എഴുപത്താറായെങ്കിലും കൃഷ്ണൻ മാഷ് ഇപ്പോഴും ചിത്രരചനയിൽ സജീവമാണ്. പ്രകൃതിയും സംഗീതവും ആയൂർവ്വേദവും എത്രത്തോളം മനുഷ്യജീവിതവുമായി അടുത്തുനിൽക്കുന്നുവെന്നുള്ള മാഷിന്റെ ആലോചനകളിൽ നിന്നും ഉടലെടുത്ത ദാർശനിക ചിത്രങ്ങളാണ് വരച്ചവയിൽ അധികവും.
പ്രകൃതിയിൽ നിന്നും ഓരോ ചിത്രകാരനും സ്വാംശീകരിയ്ക്കുന്ന വർണ്ണങ്ങളെക്കുറിച്ചുള്ള ഗവേഷണം ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണിദ്ദേഹം. ആയുർവ്വേദശാസ്ത്രത്തിന്റെ വിചാരധാരകളിലൂടെ 2017-ൽ ആയുർദർശൻ എന്ന പേരിൽ അമ്പതോളം ചിത്രങ്ങളുടെ ഒരു സീരീസ് അദ്ദേഹം വരച്ചിരുന്നു.
മാസ്റ്റേഴ്സ് ആർട്ട് ഗാലറി പെരുമ്പാവൂരിനടുത്ത് കോടനാട് മേനോൻ കവലയിൽ പെരിയാർതീരത്തിനു സമീപം
സ്വന്തം നാടായ തുരുത്തിയിൽ അവ ആദ്യം പ്രദർശിപ്പിച്ചു. പിന്നീട് കോഴിക്കോടും പോണ്ടിച്ചേരിയിലും പ്രദർശനമുണ്ടായിരുന്നു. രവിവർമ്മ ചിത്രങ്ങളുടെ കടുത്ത ആരാധകനായ കൃഷ്ണൻ മാഷിന്റെ രചനാരീതിയ്ക്കും വർണ്ണവിന്യാസത്തിലും അതുകൊണ്ടു തന്നെ അത്തരമൊരു സ്വാധീനം കാണാം.
രവിവർമ്മയുടെ പ്രസിദ്ധമായ പലചിത്രങ്ങളും ശൈലി പിന്തുടർന്ന് വരച്ചിട്ടുള്ളയാളാണ് മാഷ്. കുറുപ്പംപടി തുരുത്തി കരിപ്പേലിക്കുടി കെ.എൻ. കൃഷ്ണൻ മാഷ് അകനാട്, പുഴുക്കാട് സ്‌കൂളുകളിൽ ജോലി നോക്കിയശേഷം 2003-ൽ മേയ്ക്കപ്പാല ഗവണ്മെന്റ് എൽ.പി. സ്‌കൂളിൽ നിന്നും ഹെഡ്മാസ്റ്ററായി വിരമിച്ചയാളാണ്.
ചെറുപ്പത്തിലെ ചിത്രകലാഭിരുചിയുണ്ടായിരുന്നതിനാൽ കെ.ജി.ടി.ഇ. ഹയർ ഡിപ്ലോമ കരസ്ഥമാക്കി. ചിത്രകലയിൽ നിന്നും ഫോട്ടോഗ്രഫിയിലേയ്ക്കു വഴിതിരിഞ്ഞപ്പോൾ ആദ്യകാലത്ത് പെരുമ്പാവൂർ പട്ടണത്തിൽ 2 സ്റ്റുഡിയോകൾക്ക് തുടക്കമിട്ടു.
നാമമാത്രമായ രജിസ്‌ട്രേഷൻ ഫീ മാത്രം. വരയ്ക്കാം, പ്രദർശനങ്ങൾ നടത്താം, ക്യാമ്പുകൾ സംഘടിപ്പിയ്ക്കാം,
ചിത്രകലാ ചർച്ചകൾക്ക് വേദിയാക്കാം.
അക്കാലത്തെ ചിത്ര സ്റ്റുഡിയോയുടെയും ഉദയ സ്റ്റുഡിയോയുടെയും നടത്തിപ്പുകാരൻ ഫോട്ടോഗ്രാഫർകൂടിയായ മാഷായിരുന്നു. ടി.ടി.സി. പൂർത്തിയാക്കി അധ്യാപകവൃത്തിയിലേയ്ക്ക് വന്നുവെങ്കിലും ചിത്രകലയല്ല സ്‌കൂളിൽ പഠിപ്പിച്ചിരുന്നത്. എങ്കിലും മാഷ് കുട്ടികൾക്കായി ബോർഡിൽ ചിത്രങ്ങൾ വരയ്ക്കുമായിരുന്നുവെന്ന് പൂർവ്വവിദ്യാർത്ഥികൽ പറഞ്ഞു.
ചിത്രകലയോടൊപ്പം എഴുത്തിന്റെ വഴിയിലും മാഷുണ്ട്. ഒരു തെരുവുചിത്രകാരിയുടെ കഥപറയുന്ന ഗുരുസ്മൃതി എന്ന നോവൽ, ഒരു ചിത്രകാരന്റെ കഥപറയുന്ന മറ്റൊരു നോവലായ നാട്യസ്മൃതികൾ എന്നിവയുടെ രചയിതാവാണ്. കവിതകളും എഴുതിയിട്ടുണ്ട്.
കൃഷ്ണൻ മാഷ് മനസ്സിൽ കൊണ്ടുനടന്നതും സുഹൃത്തുക്കളായ ചിത്രകാരന്മാരുമായി പങ്കുവച്ചിരുന്നതുമായ ഒരാഗ്രഹമായിരുന്നു ചിത്രകാരന്മാർക്ക് സൗജന്യമായി ഉപയോഗപ്പെടുത്താനുള്ള ഒരു ആർട്ട് ഗാലറി തുടങ്ങുകയെന്നത്. അതിനദ്ദേഹം കണ്ടെത്തിയ വഴി കോടനാട് മേനോൻ കവലയ്ക്കു സമീപം പെരിയാർ തീരത്തേയ്ക്കുള്ള വഴിയിൽ തന്റേതായുള്ള 40 സെന്റ് ഭൂമിയിലെ 1000 ചതുരശ്രയടിയുള്ള വീടിനെ ആർട്ട് ഗാലറിയാക്കുക എന്നതായിരുന്നു.
ആർട്ട് ഗാലറിയുടെ സൗകര്യങ്ങൾ പൂർണ്ണമായും സൗജന്യമായി പ്രയോജനപ്പെടുത്താം
ചിത്രകാരന്മാർക്കും ചിത്രകലാസ്വാദകർക്കുമായി അത് ചൊവ്വാഴ്ച ഔദ്യോഗികമായി തുറന്നുകൊടുത്തു, മാസ്റ്റേഴ്സ് ആർട്ട് ഗാലറി എന്ന പേരിൽ. താത്പര്യമുള്ളവർക്ക് ഒറ്റയ്ക്കും കൂട്ടമായുമെത്തി വരയ്ക്കാനൊരിടമുണ്ടാക്കിക്കൊടുക്കുക എന്ന ആഗ്രഹപൂർത്തീകരണമായിരുന്നു അത്.
ക്യാമ്പുകൾ സംഘടിപ്പിയ്ക്കാനും സൃഷ്ടികൾ പ്രദർശിപ്പിയ്ക്കാനും ആസ്വാദനത്തിനും ചർച്ചകൾക്കും പെരിയാറിന്റെ സമീപത്തുള്ള ഈ ആർട്ട് ഗ്യാലറി ഉപകരിയ്ക്കണം എന്ന ലക്ഷ്യമാണ് മാഷിന്റെ മനസ്സിലുള്ളത്. നാമമാത്രമായ ഒരു രെജിസ്ട്രേഷൻ ഫീസുമാത്രം നൽകിയാൽ ഏതൊരു കലാകാരനും ഉപയോഗപ്പെടുത്താം. ആർട്ട് ഗാലറിയുടെതായ എല്ലാ സൗകര്യങ്ങളും സൗജന്യമായി പ്രയോജനപ്പെടുത്താമെന്നും ഈ സംരംഭം തനിയ്‌ക്കൊരു വരുമാനമാർഗ്ഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജാരവിവർമ്മയുടെ നൂറ്റിയെഴുപത്തിയേഴാമത് ജന്മദിനാഘോഷം ആർട്ട് ഗാലറിയിൽ.
ഏപ്രിൽ 29-ന് ഇതോടനുബന്ധിച്ച് 15 വയസ്സുവരെയുള്ള സ്‌കൂൾ കുട്ടികൾക്കായി
സൗജന്യ ചിത്രകലാ ക്യാമ്പ്. പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ
ബന്ധപ്പെടേണ്ട നമ്പർ: 9072130796
സമീപത്തെ പെരിയാറിന്റെ സ്വച്ഛശാന്തമായ അന്തരീക്ഷത്തിലിരുന്നു വരയ്ക്കാനും കലാകാരന്മാർക്ക് സൗകര്യമാകും ഈ ആർട്ട് ഗാലറി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്‌ഘാടനം നിർവ്വഹിച്ച ആദ്യദിനത്തിൽ കൃഷ്ണൻ മാഷിന്റെ 250-തോളം ചിത്രങ്ങളുടെ ചെറുതും വലുതുമായ ക്യാൻവാസുകൾ കണ്ടാണ് ഉദ്‌ഘാടനവേളയിലെത്തിയവർ മടങ്ങിയത്. കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ ആശംസകളർപ്പിച്ചു.
രാജാരവിവർമ്മയുടെ നൂറ്റിയെഴുപത്തിയേഴാമത് (177) ജന്മദിനമായ ഏപ്രിൽ-29ന് പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള സൗജന്യ ചിത്രകലാ ക്യാമ്പ് മാസ്റ്റേഴ്സ് ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിക്കുന്നുണ്ട്. താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് 9072130796 എന്ന നമ്പറിൽ ബന്ധപ്പെടാം. റിട്ടയേർഡ് അദ്ധ്യാപിക എം.എൻ. ഓമനയാണ് മാഷിന്റെ ഭാര്യ. ആയുർവ്വേദ ഡോക്ടർമാരായ ലാൽ കൃഷ്ണൻ, ലിജി കൃഷ്ണൻ എന്നിവരാണ് മക്കൾ. മരുമക്കൾ: രാധിക ഗുരുക്കൾ, ഗിരീഷ് സുബ്രഹ്മണ്യൻ.