തൃശൂര്‍: കൊടുങ്ങല്ലൂരില്‍ സഹോദരങ്ങളെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
താലപ്പൊലിയോ ടനുബന്ധിച്ച് ജനുവരി17ന് കോടതിയുടെ പുറകു വശത്ത് ബാറിലേക്കുളള വഴിയില്‍ വെച്ചും തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ബൈപ്പാസ് റോഡില്‍ വെച്ചും മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ കാട്ടാകുളത്തുള്ള തോട്ടാശ്ശേരി അജയന്‍ മകന്‍ സൈജിത്തിനെ ചവിട്ടിയും കരിങ്കല്ല് കൊണ്ട് തലയിലടിച്ചും മാരകമായി ദേഹോപദ്രവം എല്‍പ്പിച്ച കേസിലെ പ്രതികളാണ് പിടിയിലായത്.
സംഭവത്തില്‍ സൈജിത്തിന്റെ അനുജന്‍ സാഹുല്‍ജിത്തിനെയും പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. വെമ്പല്ലൂര്‍ സ്വദേശികളായ ചളളിയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ ബൈജു, മുല്ലേഴത്ത് വീട്ടില്‍ രാജേഷ് മകന്‍ റോഹിത്, ചള്ളിയില്‍ വീട്ടില്‍ ശ്രീനിവാസന്‍ മകന്‍ സംഗീത് എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സൈജിത്തിന്റെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികള്‍ അറസ്റ്റിലായത്.
കൊടുങ്ങല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി.കെ. അരുണിന്റെ നേതൃത്വത്തില്‍, എസ്.ഐ സാലീം, എസ്‌ഐ വൈഷ്ണവ്, ഉദ്യോഗസ്ഥരായ ഷമീര്‍, ഗോപേഷ്, വിഷ്ണു എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.