കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ മലപ്പുറത്തുനിന്നും കണ്ടെത്തി. കർണാടകയിലേക്ക് കടന്നുകളഞ്ഞ സംഘം യുവാവിനെ തിരിച്ചെത്തിച്ചത് ടാക്സിയിൽ. തട്ടിക്കൊണ്ടുപോകലിന്‌ പിന്നിൽ സഹോദരനുമായി സാമ്പത്തിക ഇടപാട് നടത്തിയവരെന്ന് സൂചന

New Update
kerala police vehicle1

കോഴിക്കോട്: കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിൽനിന്നാണ് കൊടുവള്ളി കിഴക്കോത്തെ റഷീദിന്റെ മകൻ അനൂസ് റോഷനെ പൊലീസ്‌ കണ്ടെത്തിയത്.

Advertisment

കഴിഞ്ഞ ശനി വൈകിട്ട് നാലോടെയാണ്‌ ആയുധങ്ങളുമായി കാറിലെത്തിയ സംഘം വീട്ടിൽനിന്ന്‌ അനൂസ്‌ റോഷനെ തട്ടിക്കൊണ്ടുപോയത്.

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ അന്വേഷിച്ച് പൊലീസ് മലപ്പുറം, വയനാട് ജില്ലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയിരുന്നു. പൊലീസ് എത്തിയതോടെ കർണാടകത്തിലേക്ക് യുവാവുമായി സംഘം കടന്നുകളയുകയായിരുന്നു.


പൊലീസിന്റെ പിടിയിൽ അകപ്പെടുമെന്ന് മനസ്സിലായതോടെ സംഘം യുവാവിനെ ടാക്സി വിളിച്ച്‌ മലപ്പുറം കൊണ്ടോട്ടിയിൽ എത്തിക്കുകയായിരുന്നു. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്‌.


സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നുപേർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അനൂസിനെ കൊണ്ടോട്ടിയിൽനിന്ന് കണ്ടെത്തിയത്.

വിദേശത്ത്‌ സഹോദരൻ അജ്‌മൽ റോഷനുമായി സാമ്പത്തിക ഇടപാട് നടത്തിയവരാണ് തട്ടിക്കൊണ്ടുപോകലിന്‌ പിന്നിലെന്ന്‌ സംശയമുണ്ട്. താമരശേരി കോടതിയിൽ ഹാജരാക്കിയ യുവാവിനെ കുടുംബത്തോടൊപ്പം വിട്ടു.

Advertisment