ഇന്നസെന്റിന് പിന്നാലെ പാർലമെന്റ് ലക്ഷ്യമിട്ട് മുകേഷ്. കൊല്ലത്ത് മത്സരത്തിനിറക്കാൻ സി.പി.എം. പ്രേമചന്ദ്രന്റെ ജനകീയതയും സ്വീകാര്യതയും മറികടക്കാൻ മുകേഷിന് കഴിയുമെന്ന പ്രതീക്ഷയിൽ സി.പി.എം. മുകേഷിന് നേരിടേണ്ടത് രാജ്യത്തെ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നേടിയ പ്രേമചന്ദ്രനെ. കൊല്ലത്ത് ഇത്തവണ അങ്കം കടുക്കും.

New Update
mukesh 795

കൊല്ലം: ഇന്നസെന്റിന് പിന്നാലെ പാർലമെന്റ് ലക്ഷ്യമിട്ട് മലയാള സിനിമയിലെ ഒരു താരം കൂടി അങ്കത്തിനിറങ്ങുകയാണ്. കൊല്ലത്ത് മുകേഷിനെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. മുകേഷിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് നൽകാൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ കൊല്ലം എം.എൽ.എയാണ് മുകേഷ്. രണ്ടാം വട്ടമാണ് മുകേഷ് കൊല്ലത്തിന്റെ എം.എൽ.എയാവുന്നത്. ചാലക്കുടിയിൽ നിന്നുള്ള എം.പിയായാണ് ഇന്നസെന്റ് പാർലമെന്റിലെത്തിയത്.

Advertisment

നാടകാചാര്യനും സി.പി.ഐ നേതാവുമായിരുന്ന ഒ.മാധവന്റെ മകനായ മുകേഷിന് രാഷ്ട്രീയ പാരമ്പര്യം ഏറെയുണ്ട്. കൊല്ലത്തെ അതിപ്രശസ്തമായ കാളിദാസ കലാകേന്ദ്രത്തിലൂടെ വള‌ർന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ മുകേഷിന്റെ ജനപ്രീതി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.

എം.എൽ.എയെ കാണാനില്ല എന്ന രീതിയിൽ കൊല്ലത്ത് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധം നടത്തിയിട്ടും രണ്ടാംവട്ടവും കൊല്ലത്ത് മുകേഷ് ജയിച്ചുകയറിയത് ഈ ജനപ്രിയത കാരണമാണെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ ഇത് വോട്ടായി മാറുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.

കൊല്ലത്ത് മുകേഷിന്റെ എതിരാളി യു.ഡി.എഫിലെ എൻ.കെ.പ്രേമചന്ദ്രനായിരിക്കും. രാജ്യത്തെ ഏറ്റവും മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം നേടിയതിന്റെ തിളക്കത്തിൽ നിൽക്കുന്ന പ്രേമചന്ദ്രനെ വീഴ്‍ത്താൻ മുകേഷിന് കഴിയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.  നടൻ എന്ന നിലയിൽ മുകേഷിനുള്ള പൊതുസ്വീകാര്യത ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് സി.പി.എം ജില്ലാ നേതൃത്വം. കൊല്ലത്ത് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കൂടി പങ്കെടുത്ത യോഗത്തിലാണ് മുകേഷിന്റെ പേര് അംഗീകരിക്കപ്പെട്ടത്.

മുൻമന്ത്രി ജി.സുധാകരൻ, കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത, കൊട്ടാരക്കര മുൻ എം.എൽ.എ അയിഷാ പോറ്റി അടക്കമുള്ള പേരുകൾ പരിഗണിച്ചിരുന്നെങ്കിലും മുകേഷിന്റെ ജനകീയതയ്ക്കാണ് നറുക്കു വീണത്.  സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കൂടിയായ സി.എസ്. സുജാത, എം. മുകേഷ് എം.എൽ.എ, ചവറ എം.എൽ.എയായ സുജിത്ത് വിജയൻപിള്ള എന്നിവരുടെ പാനൽ മന്ത്രി കെ.എൻ. ബാലഗോപാലാണ് അവതരിപ്പിച്ചത്.

 രാഷ്ട്രീയത്തിനപ്പുറം സ്വീകാര്യതയുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ വിജയിക്കാനാകുമെന്ന അഭിപ്രായം പൊതുവേ ഉയർന്നു. അങ്ങനെയാണ് എം. മുകേഷിന്റെ പേരിലേക്ക് എത്തിയത്. തുടർന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ജില്ലാ സെക്രട്ടറി എസ്. സുദേവൻ ജില്ലാ സെന്ററിന്റെ നിർദ്ദേശം അവതരിപ്പിച്ചു.

ബി.ജെ.പിക്കും കാര്യമായ സ്വാധീനമുള്ള മണ്ഡലമാണ് കൊല്ലം. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളുള്ള അവിടെ ഇത്തവണ കാര്യമായ നേട്ടമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറോ ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരനോ എൻ.ഡി.എ സ്ഥാനാർത്ഥിയാകാനാണ് സാദ്ധ്യത. ഇക്കാര്യത്തിൽ ബിജെപി അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്തായാലും പൊരിഞ്ഞ അങ്കത്തിനായിരിക്കും ഇത്തവണ കൊല്ലം സാക്ഷിയാവുക.

Advertisment