/sathyam/media/media_files/2025/09/09/photos236-2025-09-09-16-53-28.jpg)
കൊല്ലം : സമ്മേളന കാലത്ത് പിരിച്ചുവിട്ട കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം നേരിട്ട് രംഗത്തിറങ്ങുന്നു.
സംസ്ഥാന സമ്മേളനം കഴിഞ്ഞാൽ ഉടൻ പ്രശ്ന പരിഹാരം ഉണ്ടാക്കാൻ ധാരണ ആയിരുന്നെങ്കിലും വിഷയം എങ്ങും എത്താത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നത്. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് നേരിട്ട് എത്തും.
ലോക്കൽ സമ്മേളനങ്ങളിൽ ചെയ്തു തിരിഞ്ഞ് തമ്മിലടി ആയതോടെയാണ് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടത്.
വിഭാഗീയത കൂടാതെ നേതാക്കളെ ചുറ്റിപ്പറ്റി ഉയർന്ന അഴിമതി ആരോപണങ്ങളും ഏരിയ കമ്മിറ്റി പിരിച്ചുവിടുന്നതിന് കാരണമായിരുന്നു.
ലോക്കൽ സമ്മേളന കാലത്ത് അടിച്ചു പിരിഞ്ഞ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പുനസ്ഥാപിക്കാനാണ് സംസ്ഥാന സെക്രട്ടറി ഇന്ന് നേരിട്ട് വരുന്നത്.എം.വി ഗോവിന്ദൻ പങ്കെടുത്ത് കൊണ്ട് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ആയിരിക്കും പ്രശ്ന പരിഹാരത്തിനുള്ള ധാരണ ഉരുത്തിരിയുക.
ലോക്കൽ സമ്മേളനങ്ങളിലെ തമ്മിലടി മൂലം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടതോടെ അഡ് -ഹോക് കമ്മിറ്റിയുടെ കീഴിലാണ് കരുനാഗപ്പള്ളിയിലെ സിപിഎമ്മിന്റെ ഇപ്പോഴത്തെ പ്രവർത്തനം .
വിഭാഗീയത അവസാനിപ്പിച്ച് പ്രദേശത്ത് യോജിപ്പിന്റെ അന്തരീക്ഷം വളർത്തുകയായിരുന്നു അഡ്ഹോക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വം. എന്നാൽ പ്രശ്ന പരിഹാരത്തിന് അഡ്ഹോക്ക് കമ്മിറ്റിയ്ക്കും കഴിയാതെ വന്നതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ നേരിട്ടുള്ള വരവ്.
വിഭാഗീയമായ ചേരിതിരിവുള്ള കരുനാഗപ്പള്ളിയിൽ പുതിയ ഏരിയ കമ്മിറ്റി രൂപീകരിക്കുകയും പുതിയ സെക്രട്ടറിയെ കണ്ടെത്തുകയും ആണ് സംസ്ഥാന നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി.
ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡൻറ് പി ആർ വസന്തൻ്റെയും സിപിഎം സംസ്ഥാന സമിതി മുൻ അംഗം സൂസൻ കോടിയുടെയും നേതൃത്വത്തിൽ രണ്ട് ചേരികളായാണ് കരുനാഗപ്പള്ളിയിലെ സിപിഎമ്മിന്റെ ഇപ്പോഴത്തെ നിൽപ്പ്.
പാർട്ടി നേതൃത്വത്തിനെതിരെ പ്രകടനം നടത്തിയവർക്ക് എതിരെ നടപടി എടുത്തില്ലെന്ന പരാതിയിൽ വസന്തൻ വിഭാഗവും അഴിമതി ആരോപണം നേരിടുന്നവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സൂസൻ കോടി വിഭാഗവും ഇപ്പോഴും ഭിന്നതയിലാണ്.രണ്ട് വിഭാഗങ്ങൾക്കും സ്വീകാര്യരായ ഏരിയാ സെക്രട്ടറിയെ കണ്ടെത്തുക എന്നതാണ് നേതൃത്വത്തിന് മുന്നിലുളള വെല്ലുവിളി.
ലോക്കൽ തലത്തിലെ സമ്മേളനങ്ങൾ അടിച്ചു പിരിഞ്ഞതിനെ തുടർന്ന് കൊല്ലം ജില്ലാ സമ്മേളനത്തിൽ വെച്ച് പി.ആർ.വസന്തനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
സംസ്ഥാന സമ്മേളനത്തിൽ വെച്ച് സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു. രണ്ട് വിഭാഗങ്ങളെ നയിക്കുന്ന നേതാക്കളുടെ പുനരധിവാസവും സംസ്ഥാന നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്. ഏരിയ സെക്രട്ടറിയായി സി ഐ ടി യു നേതാവിനെ അവരോധിക്കാനുള്ള ശ്രമത്തിലാണ് സി ഐ ടി യു ജില്ലാ നേതൃത്വം.
എന്നാൽ ഇതിന് ബദലായി എസ്.എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയെ ഏരിയ സെക്രട്ടറി ആക്കാനുള്ള ശ്രമത്തിലാണ്
മറ്റൊരു വിഭാഗം.
സമവായം ഉണ്ടായില്ലെങ്കിൽ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് പുറത്തുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് ഏരിയ സെക്രട്ടറിയുടെ ചുമതല നൽകാൻ സാധ്യതയുണ്ട്.
തദ്ദേശതിരഞ്ഞെടുപ്പ് മുൻപിൽ കണ്ടാണ് പുതിയ കമ്മിറ്റി രൂപീകരിക്കാൻ നീക്കം നടക്കുന്നത്. തീരുമാനം വൈകിയാൽ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്.
എന്നാൽ പരസ്പരം അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് രണ്ട് വിഭാഗവും പോരടിക്കുമ്പോൾ എങ്ങനെ സമവായം ഉണ്ടാക്കുമെന്നതാണ് ചോദ്യം.മുൻ സംസ്ഥാന സമിതി അംഗം കായൽ കയ്യേറിയെന്നാണ് ഒരു വിഭാഗം വസന്തൻ വിഭാഗം ഉന്നയിക്കുന്ന ആക്ഷേപം.
പാർട്ടി നിയന്ത്രണത്തിലുള്ള സ്കൂളിലെ നിർമാണത്തിൽ നടന്ന അഴിമതിയും ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഉയർന്ന തട്ടിപ്പും ചൂണ്ടിക്കാട്ടി സൂസൻ കോടി പക്ഷവും ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
ജില്ലാ കമ്മിറ്റി അംഗത്തിന്റ ഭാര്യയുടെ അക്കൗണ്ടിലേക്ക് സ്കൂളിൻ്റെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ മാറ്റിയതും ആരോപണമായി ഉന്നയിക്കുന്നുണ്ട്