/sathyam/media/media_files/2025/10/15/images-1280-x-960-px335-2025-10-15-07-28-23.jpg)
കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കൃത്രിമ കരി പ്രസാദ നിർമ്മാണത്തിൽ ദേവസ്വം അസിസ്റ്റന്റ് ഓഫീസർക്കും മേൽശാന്തിക്കും നോട്ടീസ് നൽകി.
ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നൽകിയത്. പരാതിക്കാരിൽ നിന്നും ജീവനക്കാരിൽ നിന്നും ദേവസ്വം വിജിലൻസും മൊഴിയെടുത്തു തുടങ്ങി.
ഭക്തരുടെ പരാതിയിൽ നടത്തിയ പരിശോധനയിലാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ചുള്ള വലിയ തട്ടിപ്പ് പുറംലോകം അറിഞ്ഞത്.
വ്യാജമായി കരി പ്രസാദനം നിർമിച്ച സ്ഥലങ്ങൾ ദേവസ്വം വിജിലൻസ് പരിശോധന നടത്തിയതിന് പിന്നാലെ ദേവസ്വം അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർക്കും മേൽശാന്തിക്കും കീഴ്ശാന്തി ചുമതല വഹിക്കുന്ന ആൾക്കുമാണ് നോട്ടീസ് നൽകിയത്.
വിശദീകരണത്തിന്മേൽ തുടർ നടപടി സ്വീകരിക്കും. വിജിലൻസ് പരിശോധനയിൽ കരിപ്രസാദം നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളും ക്ഷേത്രത്തിന് ഉള്ളിൽ സൂക്ഷിക്കേണ്ട ജീവതയും, നെറ്റിപട്ടവും കൂടാതെ പൂജാസാധനങ്ങളും കണ്ടെത്തിയിരുന്നു.
വാടക വീട്ടിലും, ദേവസ്വം കെട്ടിടത്തിന് മുകളിൽ നിന്നും ശേഖരിച്ച വസ്തുക്കൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി സീൽ ചെയ്തു.
വിജിലൻസ് എസ്ഐ യുടെ നേതൃത്വത്തിൽ പരാതിക്കാരുടെയും ക്ഷേത്ര ജീവനക്കാരുടെയും മൊഴിയെടുക്കാനും ആരംഭിച്ചു.
കഴിഞ്ഞ ദിവസം ദേവസ്വം വിജിലൻസ് ശേഖരിച്ച സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. സുതാര്യമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് വിശ്വാസികളുടെ തീരുമാനം.