/sathyam/media/media_files/2025/01/05/ULn7KaliS97mlxiqC8n9.jpg)
കൊല്ലം: മുസ്‌ലിംകളോട് തനിക്ക് വിദ്വേഷമില്ലെന്നും മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ മുസ്‌ലിം വിരോധിയാക്കിയെന്ന് വെള്ളാപ്പള്ളി നടേശൻ. അങ്ങനെ പറഞ്ഞതിന് തന്നേം കത്തിച്ചു തന്റെ കോലവും കത്തിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൂടാതെ, ചിലർ താൻ ബിജെപി ആണെന്ന് പറയും, ചിലർ പിണറായിയുടെ ആളെന്ന് പറയും. പലരും തന്നെ പല നിറത്തിലാണ് കാണുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിനെ തനിക്ക് പത്തുവർഷമായി അറിയാമെന്നും പച്ചയായ മനുഷ്യനെന്നും പറഞ്ഞ വെള്ളാപ്പള്ളി അദ്ദേഹമെങ്ങനെ രാഷ്ട്രീയത്തിൽ വന്നതെന്ന് അറിയില്ലെന്നും ഹാസ്യരൂപേണ പറഞ്ഞു.
നിലപാടുകൾ പറയുമ്പോൾ താൻ വർഗീയവാദിയാകും. സാമൂഹ്യ നീതി വേണമെന്ന് പറയുമ്പോൾ തന്നെ വർഗീയവാദിയാക്കി. എന്നാൽ 30 കൊല്ലമായിട്ടും തനിക്ക് കിട്ടുന്ന പിന്തുണക്ക് യാതൊരു മാറ്റവുമില്ലെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.
ഒറ്റപ്പെട്ട് വന്നുകൊണ്ട് വിമർശിക്കുന്ന ചില ശക്തികളുണ്ടെന്നും എസ്എൻഡിപിയെ തകർക്കാൻ ശ്രമിക്കുന്നവരാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
അതിനിടെ, വെള്ളാപ്പള്ളിയെ പുകഴ്ത്തി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. മനസ്സിൽ ഒന്ന് വെച്ച് വേറെ കാര്യം പറയില്ല, ഉള്ള കാര്യം തുറന്നുപറയുമെന്നാണ് ചെന്നിത്തലയുടെ പുകഴ്ത്തൽ. വെള്ളാപ്പള്ളി നടേശന് സ്വീകരണം നൽകിയ വേദിയാണ് ചെന്നിത്തലയുടെ പുകഴ്ത്തൽ.