/sathyam/media/media_files/2025/12/05/national-highway-damage-jpg-2025-12-05-20-48-11.jpeg)
കൊല്ലം: കേരളത്തിൽ നിർമാണത്തിലിരിക്കുന്ന ദേശീയ പാതയിലെ തുടർ തകർച്ചകളുടെ പശ്ചാത്തലത്തിൽ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓഡിറ്റ് നടത്താൻ ദേശീയപാത അതോറിറ്റി.
378 ഇടങ്ങളിൽ മണ്ണ് പരിശോധിക്കും. ഡിസൈനുകൾ പുന:പരിശോധിച്ചതിനു ശേഷം മാത്രമേ അന്തിമ അനുമതി നൽകൂ. കൊട്ടിയത്ത് ദേശീയ പാത തകർന്നതിനു കാരണം മണ്ണിന്റെ ബലക്കുറവ് ആണെന്നും ദേശീയ പാതാ അതോറിറ്റി കണ്ടെത്തി.
കേരളത്തിൽ നിർമാണം നടക്കുന്ന പുത്തൻ ദേശീയപാതയിൽ പതിവാകുന്ന അപകടങ്ങളുടെ സാഹചര്യത്തിലാണ് ദേശീയ പാതാ അതോറിറ്റി സംസ്ഥാനത്തെ മുഴുവൻ റീച്ചിലും സേഫ്റ്റി ഓഡിറ്റ് നടത്തുന്നത്.
ആകെയുള്ള 18 പ്രോജക്ടുകളിലും പരിശോധനയുണ്ടാകും. മണ്ണിനു ബലക്കുറവുള്ള സ്ഥലത്ത് സംരക്ഷണ ഭിത്തി തീർത്തുള്ള നിർമാണമാണ് കൊട്ടിയം തകർച്ചക്ക് കാരണം എന്നാണ് കണ്ടെത്തൽ.
ഈ മാതൃകയിൽ, ഭിത്തികൾ പണിതതും പുരോഗമിക്കുന്നതും ഇനി പണി തുടങ്ങാനിരിക്കുന്നതുമായ സ്ഥലങ്ങളിൽ മണ്ണ് പരിശോധന നടത്തും. ഇങ്ങനെ 378 സ്പോട്ടുകളുണ്ട്. 100 സ്ഥലങ്ങളിൽ ഒരു മാസം കൊണ്ടും മറ്റിടങ്ങളിൽ മൂന്ന് മാസം കൊണ്ടും പരിശോധന പൂർത്തിയാക്കും.
20 ഏജൻസികളെ ഇതിനായി നിയോഗിച്ചു. സംരക്ഷണ ഭിത്തി പണിത സ്ഥലങ്ങളിലെ ഡിസൈൻ പുനപരിശോധിക്കും. പൊളിക്കേണ്ടവ പൊളിക്കും.
എല്ലാ സുരക്ഷാ പരിശോധനയും പൂർത്തിയായ ശേഷം മാത്രമാകും അന്തിമ അനുമതി. ഇതോടെ മണ്ണിട്ട് ഉയർത്തി ഭിത്തി പണിതുള്ള മേഖലകളിൽ ദേശീയപാത നിർമാണത്തിന് വേഗം കുറയും.
കൊട്ടിയം അപകടത്തിനു പിന്നാലെ രണ്ടം​ഗ വിദഗ്ധ സമിതി സ്ഥലത്തെത്തിയിരുന്നു. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് സംസ്ഥാന വ്യാപക പരിശോധനക്ക് ദേശീയപാത അതോറിറ്റി തീരുമാനിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us