തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേരിൽ വ്യാജരേഖ ഉപയോ​ഗിച്ച് കാറുകൾ വാടകയ്‌ക്കെടുത്ത് മറിച്ച് വിൽക്കുകയും പണയം വെക്കുകയും ചെയ്ത ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം പിടിയിൽ

പഞ്ചായത്ത് അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചും പഞ്ചായത്ത് ആവശ്യങ്ങൾക്കായി വാഹനം വേണമെന്ന് വിശ്വസിപ്പിച്ചുമാണ് ഇയാൾ ഉടമകളിൽ നിന്ന് കാറുകൾ കരാർ അടിസ്ഥാനത്തിൽ കൈക്കലാക്കിയിരുന്നത്.

New Update
img(1)

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേരിൽ വ്യാജരേഖ ചമച്ചും സ്വാധീനം ഉപയോഗിച്ചും കാറുകൾ വാടകയ്‌ക്കെടുത്ത് മറിച്ച് വിൽക്കുകയും പണയം വെക്കുകയും ചെയ്ത ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം പിടിയിൽ.

Advertisment

കൊല്ലം കുണ്ടറയിൽ ബിജെപി പ്രവർത്തകനായ രമേഷ് കുമാറാണ് പൊലീസിന്റെ വലയിലായത്. പഞ്ചായത്ത് അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചും പഞ്ചായത്ത് ആവശ്യങ്ങൾക്കായി വാഹനം വേണമെന്ന് വിശ്വസിപ്പിച്ചുമാണ് ഇയാൾ ഉടമകളിൽ നിന്ന് കാറുകൾ കരാർ അടിസ്ഥാനത്തിൽ കൈക്കലാക്കിയിരുന്നത്.


ഇത്തരത്തിൽ വാടകയ്‌ക്കെടുത്ത വാഹനങ്ങൾ പിന്നീട് തമിഴ്‌നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തുകയോ വ്യാജ രേഖകൾ ഉപയോഗിച്ച് പണയം വെക്കുകയോ ആയിരുന്നു രീതി.


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കരാർ തുക ലഭിക്കാതിരുന്നതിനെ തുടർന്ന് ഒരു വാഹന ഉടമ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. വാഹനം തിരികെ ആവശ്യപ്പെട്ടപ്പോൾ രമേഷ് കുമാർ ഒഴിഞ്ഞുമാറുകയായിരുന്നു.

തുടർന്ന് ഉടമ കുണ്ടറ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇയാൾ സമാനമായ രീതിയിൽ നിരവധി പേരെ കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണോ തട്ടിപ്പ് നടന്നതെന്നും പൊലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്.

Advertisment