/sathyam/media/media_files/2026/02/23/raji-prasad-kudikkunnil-suresh-2026-02-23-20-36-36.jpg)
കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് ആദ്യം കോണ്‍ഗ്രസിനുള്ളില്‍ സ്വന്തം നില ഭദ്രമാക്കുന്നതാണ് നല്ലതെന്ന് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജിപ്രസാദ് പറഞ്ഞു.
കൊട്ടാരക്കരയിലെ വിസ്മയം ബിജെപി കൊണ്ടുപോയതിലെ നൈരാശ്യത്തില്‍ നിന്നുണ്ടായ ജല്‍പ്പന്നങ്ങളാണ് തനിക്കെതിരെയുള്ള കൊടിക്കുന്നിലിന്റെ വാക്കുകളെന്ന് അവര്‍ പറഞ്ഞു.
കൊട്ടാരക്കരയില്‍ മേല്‍വിലാസം ഉണ്ടാക്കിത്തന്ന ബാലകൃഷ്ണപിള്ളയെ കാലുവാരിയതാണ് കൊടിക്കുന്നിലിന്റെ പാരമ്പര്യം. തെരഞ്ഞെടുപ്പുകളില്‍ സ്വന്തം ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവരെ കുതികാല്‍വച്ച് വീഴ്ത്തുന്ന കഥകള്‍ കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞുതരും.
വനിത നേതാവിനെ ഗ്രൂപ്പുകാര്‍ പൊതുജനമധ്യത്തില്‍ ആക്ഷേപിച്ചപ്പോള്‍ ഇടപെട്ടിരുന്നെങ്കില്‍ ഇന്ന് ഈ പ്രസ്താവന നടത്തേണ്ടിവരുമായിരുന്നില്ലെന്നും രാജിപ്രസാദ് ചൂണ്ടിക്കാട്ടി.
അധികാരത്തോടുള്ള ആര്‍ത്തിയില്‍ കോണ്‍ഗ്രസിലെ യുവാക്കളെ ഒതുക്കിയതാണ് കൊടിക്കുന്നില്‍ ആ പാര്‍ട്ടിക്ക് നല്കിയ സംഭാവന എന്ന് പറഞ്ഞ രാജി പ്രസാദ് ഒരു വനിതാനേതാവല്ല, ഒരുപാട് നേതാക്കള്‍ ആ പാര്‍ട്ടി വിട്ട് പുറത്തുവരുമെന്ന് കൂട്ടിച്ചേർത്തു.
എല്ലാ നിരാശയും ഇപ്പോഴേ കരഞ്ഞുതീര്‍ക്കണ്ടതില്ല. ലോക്‌സഭാ സ്പീക്കര്‍ പദം മുതല്‍ കെപിസിസി പ്രസിഡന്റ് വരെ ആകാന്‍ തയ്ച്ചുവച്ച കുപ്പായം തിരിഞ്ഞുകുത്തുമ്പോള്‍ ഇങ്ങനെയൊക്കെ തോന്നുന്നത് സ്വാഭാവികമാണ്.
കൊടിക്കുന്നിലിന്റെ അവസ്ഥയില്‍ സഹതപിക്കാനാണ് തോന്നുന്നതെന്ന് രാജി പ്രസാദ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പട്ടികജാതി വിഭാഗക്കാരെ വോട്ട് ബാങ്കായി മാത്രം കാണുന്ന കോണ്‍ഗ്രസ് സംസ്‌കാരമാണ് എം.പിയുടെ വാക്കുകളിലൂടെ പുറത്തുവരുന്നത്. ബിജെപിയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പരിഗണനയും ബഹുമാനവും ലഭിക്കുന്നുണ്ട്.
വ്യക്തിപരമായ വികാരങ്ങളെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് അപലപനീയമാണ്. എന്റെ മകന് നേരെയുണ്ടായ അക്രമത്തില്‍ എനിക്ക് നീതി ലഭിക്കുമെന്ന പൂര്‍ണ്ണ വിശ്വാസം എനിക്കുണ്ട് എന്ന് അവർ കൂട്ടിച്ചേർത്തു.
ആര്‍എസ്എസ് നേതൃത്വത്തിന്റെ പിന്തുണയോടെയാണ് അക്രമികളെ നിയമപരമായി നേരിടാന്‍ തീരുമാനിച്ചിട്ടുള്ളത്. കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചും അതേറ്റുപിടിച്ചും അതിനിടയില്‍ നിന്ന് ചോര കുടിക്കാനിറങ്ങുന്ന കുറുക്കന്മാരെക്കുറിച്ച് ഗതികേട് എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
കോണ്‍ഗ്രസിലേക്ക് തന്നെ ക്ഷണിച്ച കൊടിക്കുന്നിലിന്റെ പ്രസ്താവന അദ്ദേഹം സ്വയം ഒരു വിഡ്ഢിയാണെന്ന് തെളിയിക്കുന്നതാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംഘടനയായ ബിജെപിയുടെ ജില്ലാ അധ്യക്ഷ എന്നത് പാര്‍ട്ടി തനിക്ക് നല്കിയ വലിയ അംഗീകാരവും ചുമതലയുമാണ്. അത് തിരിച്ചറിയാനുള്ള വലിപ്പം കൊടിക്കുന്നിലിനോ കോണ്‍ഗ്രസിനോ ഇല്ലെന്ന് രാജി പ്രസാദ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us