/sathyam/media/media_files/2024/11/14/0VMdx2rEIzvXhOuHQfeZ.jpg)
കൊല്ലം: പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ. മുക്കുന്നം സ്വദേശി അഫ്സൽ ജമാലാണ് അറസ്റ്റിലായത്.
ഉപജില്ലാ കലോത്സവത്തിന് എത്തിയപ്പോഴാണ് കുട്ടിക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നത്. ഇക്കഴിഞ്ഞ ഏഴാം തീയതി ചടയമംഗലം ഉപജില്ലാ കലോത്സവത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
സ്കൂളിന് സമീപത്തെ പാരലൽ കോളേജുകളും കലോത്സവ വേദിയായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയ കുട്ടിയെ അഫ്സൽ ജമാൽ കടന്നു പിടിച്ചെന്നാണ് പരാതി.
പെൺകുട്ടി പ്രതിയിൽ നിന്നും രക്ഷപ്പെട്ട് ഓടുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. രക്ഷിതാക്കളാണ് കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ ഒളിവിൽ പോയ അഫ്സൽ ജമാലിനെ പൊലീസ് നടത്തിയ തെരച്ചിലിൽ പിടികൂടുകയായിരുന്നു.
കുട്ടിയോട് അഫ്സൽ നേരത്തെ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും ശല്യപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് അഫ്സലിനെതിരെ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.