/sathyam/media/media_files/L33VqEAnJ1JNrjXWF7Cm.jpg)
കൊല്ലം: രോഗികളുടെ ചികിത്സാ രേഖകൾ തടഞ്ഞുവയ്ക്കാൻ ആശുപത്രി മാനേജ്മെൻറുകൾക്ക് അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം പറഞ്ഞു. അക്യുപങ്ക്ചർ ഹീലർമാരുടെ സംസ്ഥാനതല ബിരുദദാന പ്രസംഗം കൊല്ലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രോഗികളിൽ നടത്തിയ പരിശോധനകൾ, ശസ്ത്രക്രിയകൾ, നല്കിയ മരുന്നുകൾ, ചികിത്സ ആരംഭിച്ചപ്പോഴും അവസാനിച്ചപ്പോഴുമുള്ള രോഗിയുടെ അവസ്ഥ എന്നിവയെല്ലാം ഡിസ്ചാർജ് സമ്മറിയിൽ ആർക്കും വായിക്കാവുന്ന രൂപത്തിൽ കൊടുക്കണം.
നല്കിയില്ലെങ്കിൽ വിവരാവകാശ നിയമം അവരുടെ രക്ഷയ്ക്കുണ്ടെന്നും 48 മണിക്കൂറിനകം ഡി എം ഒ അത് വാങ്ങി നല്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് വെറും കുത്തിവരയാകരുത്. മരുന്നിന് കുത്തിവര കുറുപ്പടി എഴുതുന്ന ഡോക്ടർമാർ രോഗിയുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുകയാണ്.
സ്വകാര്യ ചികിത്സാ രംഗവും മരുന്ന് വ്യാപാരവും ചൂഷണമേഖലയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. രോഗീസൗഹൃദ ചികിത്സാ രീതിയായ അക്യൂപങ്ങ്ചർ മേഖലയിൽ ഓഡിറ്റിംഗും ഗവേഷണവും വേണമെന്നും ഡോ.അബ്ദുൽ ഹക്കീം പറഞ്ഞു.
ഇരവിപുരം എം എൽ എ: എം.നൗഷാദ് ഉദ്ഘാടനം ചെയ്തു.ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും വേഗം രോഗശമനമുണ്ടാക്കാൻ കഴിയുന്ന ചികിത്സാ രീതികൾക്കേ പ്രോത്സാഹനം ലഭിക്കൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മണക്കാട് നജ്മുദ്ദിൻ, അബ്ദുൽ കബീർ കോടനിയിൽ, സയ്യിദ്അക്രം, ഷുഹൈബ് രിയാലു, സുധീർ സുബൈർ എന്നിവർ സംസാരിച്ചു. 450 നവ ഹീലർമാർ ബിരുദം നേടി.