/sathyam/media/media_files/2025/02/05/TVBTbQ7whrEf2uestmQ2.jpg)
കൊല്ലം: മദ്യനിർമ്മാണ പ്ലാന്റ് അനുമതിയിലും കിഫ്ബി റോഡുകളിലെ യൂസർഫീ വിഷയത്തിലും സ്വകാര്യ സർവകലാശാലയിലും ഭിന്നിച്ച് നിൽക്കുന്ന സി.പി.എം - സി.പി.ഐ തർക്കം മൂർച്ഛിപ്പിച്ച് നഗരസഭയിലെ മേയർ തർക്കം.
രണ്ട് പാർട്ടികളുടെയും ജില്ലാ സെക്രട്ടറിമാർ തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം സി.പി.എം പ്രതിനിധി മേയർ സ്ഥാനം രാജിവെക്കാത്തതാണ് ഇടത് മുന്നണിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുളള പോരിന് ആക്കം കൂട്ടിയിരിക്കുന്നത്.
സി.പി.എം-സി.പി.ഐ ജില്ലാ സെക്രട്ടറിമാർ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം സി.പി.എം മേയർ പ്രസന്ന ഏണസ്റ്റ് ഇന്ന് രാജിവെക്കേണ്ടതായിരുന്നു. എന്നാൽ പ്രസന്ന ഏണസ്റ്റ് രാജിവെക്കാൻ കൂട്ടാക്കിയില്ല.
ഈ മാസം 10നേ സ്ഥാനമൊഴിയാനാകൂ എന്നാണ് പ്രസന്നയുടെ നിലപാട്. മുന്നണിയിലെ ധാരണ പ്രകാരം രാജിവെക്കാൻ തയാറാകാത്ത സി.പി.എമ്മിന്റെ നിലപാടിൽ പ്രതിഷേധിച്ച് നഗരസഭയിലെ ഡെപ്യൂട്ടി മേയർ സ്ഥാനവും പൊതുമരാമത്ത്,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും രാജിവെച്ചു.
കോർപ്പറേഷനിൽ വെച്ച് സി.പി.ഐ അംഗങ്ങൾ യോഗം ചേർന്ന ശേഷമാണ് അധികാര പദവികൾ രാജിവെച്ചത്.പാർട്ടിയുടെ നേരത്തെയുളള തീരുമാന പ്രകാരമാണ് രാജിവെച്ചതെന്ന് ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെച്ച കൊല്ലം മധു മാധ്യമങ്ങളോട് പറഞ്ഞു. മേയർ സ്ഥാനം ലഭിക്കുമ്പോൾ സി.പി.എമ്മിന് വിട്ടുകൊടുക്കേണ്ട പദവികളാണിത്.
മുന്നണിയിൽ നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം തങ്ങൾ സ്ഥാനങ്ങൾ രാജിവെച്ചു, എന്നാൽ സി.പി.എം വാക്ക് പാലിച്ചില്ലെന്ന സന്ദേശമാണ് സി.പി.ഐ ഈ നടപടിയിലൂടെ നൽകുന്നത്.
നാലുവർഷം സി.പി.എമ്മിനും അവസാന ഒരു വർഷം സി പി ഐ യ്ക്കും മേയർ സ്ഥാനം നൽകാമെന്നായിരുന്നു ഇടതു മുന്നണിയ്ക്കുള്ളിലെ മുൻ ധാരണ. ഇത് അനുസരിച്ച് നവംബർ മാസം അവസാനം സി.പി.എം മേയർ പദവി ഒഴിയേണ്ടതായിരുന്നു.
എന്നാൽ പല കാരണങ്ങൾ പറഞ്ഞ് രാജി നീട്ടിക്കൊണ്ടുപോയി.മേയർ പ്രസന്ന ഏണസ്റ്റിന്റെ മകളുടെ വിവാഹം, സി.പി.എം സംസ്ഥാന സമ്മേളനം തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് രാജി നീട്ടിയത്.
ഡിസംബറിന് ശേഷവും രാജി ഉണ്ടാകാതെ വന്നതോടെ നിലപാട് കടുപ്പിക്കാൻ സി.പി.ഐ തീരുമാനിച്ചു.
സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ലാ കൗൺസിൽ ചേർന്ന് സി.പി.എമ്മിനെ പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചു. ആവശ്യം അംഗീകരിക്കാത്ത പക്ഷം സംസ്ഥാന നേതൃത്വം സി.പി.എം സംസ്ഥാന നേതൃത്വവുമായി സംസാരിച്ച് പരിഹാരം ഉണ്ടാക്കാനും ധാരണയായിരുന്നു.
സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടറി കൊല്ലായിൽ സുദേവനും തമ്മിൽ നടന്ന ചർച്ചയിൽ സി.പി.എം രാജിക്ക് സന്നദ്ധത അറിയിച്ചു.
ഫെബ്രുവരി 5ന് വൈകുന്നേരം 5മണിക്കകം രാജിവെക്കാമെന്നായിരുന്നു ഇരുപാർട്ടികളുടെയും ജില്ലാ സെക്രട്ടറിമാർ തമ്മിലുളള ധാരണ.ഈ ധാരണ തെറ്റിച്ചതാണ് സി.പി.ഐയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷ സവിതാ ദേവി, പൊതു മരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷൻ സജീവ് സോമൻ എന്നിവരാണ് സിപിഐയുടെ തീരുമാന പ്രകാരം സ്ഥാനം ഒഴിഞ്ഞത്.
ഇന്ന് മേയർ സ്ഥാനം രാജിവെക്കുന്നതിന് മുന്നോടിയായി നഗരസഭാ കൗൺസിൽ ചേരാൻ തീരുമാനിച്ചിരുന്നു. എന്നാൽ രാവിലെയോടെ മേയർ പ്രസന്ന ഏണസ്റ്റ് കളംമാറി. നഗരസഭാ കൗൺസിൽ യോഗം റദ്ദാക്കിയ അവർ ഇന്ന് രാജിയില്ലെന്നും പ്രഖ്യാപിച്ചു.
രാജി ഈമാസം 10നേ ഉളളു എന്നാണ് പ്രസന്നയുടെ നിലപാട്. ഇത് പാർട്ടി നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണെന്നും മേയർ പ്രഖ്യാപിച്ചു.
സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായ പ്രസന്ന ഏണസ്റ്റിന്റെ ഭർത്താവ് എക്സ്.ഏണസ്റ്റ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ്.
ജില്ലാ നേതൃത്വത്തിലുളള വലിയ സ്വാധീനം കൊണ്ടാണ് മുന്നണി തീരുമാനം ലംഘിച്ച് മേയർ സ്ഥാനം രാജിവെക്കാൻ പ്രസന്ന ഏണസ്റ്റിന് കഴിയുന്നതെന്ന് സി.പി.എം നേതാക്കൾ തന്നെ ആരോപിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us