കൊല്ലം: കെപിസിസി പുനസംഘടനയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസില്‍ ഈഴവ പ്രാതിനിധ്യം കുറയുന്നുവെന്ന പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കിയത് പ്രസിഡന്‍റ് സ്ഥാനം ലക്ഷ്യം വയ്ക്കുന്ന കോണ്‍ഗ്രസ് എംപിയെന്ന് റിപ്പോര്‍ട്ട്.
വെള്ളാപ്പള്ളിയുമായി അടുപ്പം സൂക്ഷിക്കുന്ന അതേ സമുദായാംഗവും മുന്‍ മന്ത്രിയും എംപിയുമായ നേതാവാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് ആക്ഷേപം.
ഈഴവ സമുദായത്തില്‍ നിന്നൊരാള്‍ കെപിസിസി അധ്യക്ഷനായി വരണമെന്ന നിലപാടാണ് ഇപ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ വാലായി നില്‍ക്കുന്ന വെള്ളാപ്പള്ളി പരസ്യമാക്കിയത്.
അതേസമയം സമീപകാലത്തുതന്നെ മൂന്ന് പ്രധാനികളായ കെപിസിസി അധ്യക്ഷന്മാരെ ഈഴവ വിഭാഗത്തില്‍ നിന്ന് സംഭാവന ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നത് വെള്ളാപ്പള്ളി മറക്കുകയും ചെയ്തു.
മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും ഇപ്പോള്‍ കെ സുധാകരനും ഈഴവ പ്രാതിനിധ്യത്തിലൂടെ പ്രസിഡന്‍റ് പദവിയിലെത്തിയവരാണ്. എന്നാല്‍ അവര്‍ക്കുപോലും ഈ വിഭാഗത്തില്‍ നിന്ന് പാര്‍ട്ടിക്കുവേണ്ടി കാര്യമായ സഹായം ലഭിച്ചതുമില്ല.
ഈ നേതാക്കള്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനം ഉള്‍പ്പെടെ സുപ്രധാന പദവികളിലിരുന്നപ്പോഴും ഈഴവ വിഭാഗത്തില്‍ നിന്ന് അതിന്‍റെ പേരില്‍ ഒരു അനുഭാവമോ പിന്തുണയോ കോണ്‍ഗ്രസിന് ലഭിച്ചതായി വെള്ളാപ്പള്ളി പോലും പറയില്ല.
മാത്രമല്ല, അവരുടെ കാലഘട്ടങ്ങളില്‍ കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കാനും തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തെ സഹായിക്കാനും വെള്ളാപ്പള്ളി മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.
പുതിയ ഈഴവ വാദം കോണ്‍ഗ്രസിലെ പുതിയ പ്രസിഡന്‍റ് മോഹിയായ നേതാവിനുവേണ്ടിയുള്ളതാണെന്നത് പരസ്യമായ രഹസ്യമാണ്.
ഇത്തരത്തില്‍ എന്തെങ്കിലും സമവാക്യങ്ങള്‍ പുറത്തെടുക്കുകയല്ലാതെ മന്ത്രിസ്ഥാനത്തിരുന്ന കാലഘട്ടങ്ങളിലല്ലാതെ കേരളത്തിലെ എട്ടോ പത്തോ ജില്ലകളില്‍ കാലുകുത്തുക പോലും ചെയ്തിട്ടില്ലാത്ത നേതാവാണ് ഇപ്പോള്‍ സമുദായം പറഞ്ഞ് പ്രസിഡന്‍റ് പദത്തിനായി രംഗത്തുവന്നിരിക്കുന്നത്.
തികച്ചും പ്രാദേശികമായി മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും രണ്ട് മൂന്ന് ജില്ലകളില്‍ ബാറുകള്‍ നടത്തുകയും ചെയ്യുന്ന അനുഭവസമ്പത്താണ് കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ കക്ഷിക്ക് കൈമുതലായുള്ളത്.
മുന്‍കാലങ്ങളില്‍ ന്യൂനപക്ഷ വിരോധത്തിന്‍റെ പേരില്‍ അന്നത്തെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖനെതിരെ അടുപ്പക്കാരനെക്കൊണ്ട് വ്യാജ ആരോപണം ഉന്നയിപ്പിച്ചതിന്‍റെ ക്ഷീണം പാര്‍ട്ടിയെ ഒന്നാകെ നയിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രതികൂലമാകുകയും ചെയ്യും.