Advertisment

ക്യാപ്‍റ്റൻ പിണറായി തന്നെയെങ്കിലും മൂന്ന് വൈസ് ക്യാപ്റ്റൻമാരെ പാർട്ടി നിയോഗിക്കും. പി.രാജീവ്, കെ.എൻ.ബാലഗോപാൽ, എം.ബി രാജേഷ് എന്നിവർ വൈസ് ക്യാപ്റ്റന്മാർ. തിരഞ്ഞെടുപ്പിൽ പിണറായിക്കൊപ്പം പാർട്ടിയെ നയിക്കും. ഭരണം കിട്ടിയാൽ രാജീവ് ഉപമുഖ്യമന്ത്രിയാവാനും സാദ്ധ്യത. ഭാവിയിൽ മുഖ്യമന്ത്രി പദത്തിലേക്കും വൈസ് ക്യാപ്റ്റൻമാരെ പരിഗണിക്കും. നിർണായക മാറ്റങ്ങളുമായി കൊല്ലം സമ്മേളനം

കരുത്തരായ രണ്ടാംനിരയെ വളർത്തിക്കൊണ്ടുവരാനുള്ള തീരുമാനം സി.പി.എം എടുത്തുകഴിഞ്ഞിട്ടുണ്ട്. അതിനുള്ള ഔദ്യോഗിക പ്രഖ്യാപനം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലുണ്ടാവും.

New Update
cpim pinarayi

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ നയിക്കുക പിണറായിയെന്ന ക്യാപ്റ്റനോ പി.രാജീവും കെ.എൻ ബാലഗോപാലും എം.ബി രാജേഷുമടങ്ങിയ വൈസ് ക്യാപ്റ്റൻമാരുടെ ടീമോ എന്ന് കൊല്ലം സമ്മേളനത്തിൽ അറിയാം. 

Advertisment

പാർട്ടിയെ തുടർഭരണത്തിലേക്കു നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനാക്കിയായിരിക്കും സി.പി.എം തിരഞ്ഞെടുപ്പിലേക്കിറങ്ങുകയെങ്കിലും അദ്ദേഹത്തിന്റെ പ്രായാധിക്യവും അനാരോഗ്യവുമടക്കം പരിഗണിച്ച് വൈസ് ക്യാപ്റ്റൻമാരുടെ ഒരു സംഘം തന്നെ ഒപ്പമുണ്ടാവും.

80 വയസ്സിലേക്കെത്തുന്ന പിണറായിയെ എട്ടാം തവണയും  മത്സരിപ്പിക്കുന്നത് മാനദണ്ഡങ്ങളെല്ലാം മറികടന്നാണ്. 


മൂന്ന് ശക്തരായ മന്ത്രിമാർ ഇത്തവണ പ്രചാരണത്തിന് പിണറായിക്കൊപ്പം ഉണ്ടാവും. ഈ മൂന്നുപേരും തുടർഭരണം കിട്ടുകയാണെങ്കിൽ തന്ത്രപ്രധാന സ്ഥാനങ്ങളിലുമെത്തും. 


കരുത്തരായ രണ്ടാംനിരയെ വളർത്തിക്കൊണ്ടുവരാനുള്ള തീരുമാനം സി.പി.എം എടുത്തുകഴിഞ്ഞിട്ടുണ്ട്. അതിനുള്ള ഔദ്യോഗിക പ്രഖ്യാപനം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലുണ്ടാവും.

പിണറായിക്ക് പിൻഗാമികളായി പാർട്ടി കണ്ടെത്തിയ മൂന്ന് മന്ത്രിമാരിൽ പി.രാജീവാണ് ഏറ്റവും ശക്തൻ. മികച്ച പാർലമെന്റേറിയൻ എന്ന് പേരെടുത്ത രാജീവ് ഇപ്പോൾ തന്നെ ഭരണത്തിന്റെ കടിഞ്ഞാൺ ഏതാണ്ട് ഏറ്റെടുത്ത മട്ടാണ്. 

നിയമസഭയിൽ പിണറായിയെ പ്രതിരോധിക്കാനും പ്രതിപക്ഷത്തെ എതിർക്കാനും മുന്നണിയിലുണ്ട്. ഏത് വകുപ്പുകളുടെ മന്ത്രിമാർ മറുപടി പറയുമ്പോഴും സഭയിൽ അതിനെ ബലപ്പെടുത്തുന്ന തരത്തിൽ രാജീവ് സംസാരിക്കുക പതിവാണ്.

കൊച്ചിയിൽ നടത്തിയ നിക്ഷേപ സംഗമത്തിൽ 1.52ലക്ഷം കോടിയുടെ നിക്ഷേപം ആകർഷിക്കാനായത് രാജീവിന് നേട്ടമാണ്. 


വ്യവസായ നിക്ഷേപം വരുന്നതിലൂടെ സംസ്ഥാനം വളരുകയും കൂടുതൽ തൊഴിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യപ്രചാരണ വിഷയമാക്കാൻ സി.പി.എമ്മിന് കഴിയും. 


നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലുകൾക്ക് അനുമതി നേടിയെടുക്കാൻ ഗവർണറെ പതിവായി കാണാൻ പോവുന്നതും രാജീവാണ്. രാജ്ഭവനുമായി അടുത്ത ബന്ധമാണ് രാജീവ് ഉണ്ടാക്കിയിട്ടുള്ളത്. 

മന്ത്രിസഭാ സമ്മേളനങ്ങളിലും നിർമായകവും രഹസ്യാത്മകവുമായ പല വിഷയങ്ങളും അവതരിപ്പിക്കുന്നതും തന്ത്രപൂർവം അനുമതി നേടിയെടുക്കുന്നതും രാജീവാണ്.

പിണറായി ഒഴിഞ്ഞാൽ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പാർട്ടിയുടെ ഒന്നാം പേരുകാരനാണ് രാജീവ് എന്നതിൽ തർക്കമില്ല. ഭരണം കിട്ടി അധികാരത്തിലെത്തിയാൽ രാജീവ് ഉപമുഖ്യമന്ത്രിയാവാനും ഇടയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.


കെ.എൻ.ബാലഗോപാലും എം.ബി രാജേഷും രാജീവിന് ശക്തരായ എതിരാളികളാണ്. മന്ത്രിമാരെന്ന നിലയിൽ രണ്ടുപേരും നല്ല പെർഫോമൻസാണ്. എന്നാൽ ബ്രൂവറി അടക്കം വിവാദ വിഷയങ്ങൾ നന്നായി കൈകാര്യം ചെയ്ത് രാജേഷ് മിടുക്ക് തെളിയിച്ചിട്ടുണ്ട്. 


ധനസ്ഥിതി മോശമായിട്ടും കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാവാതെ ധനവകുപ്പിനെ മുന്നോട്ട് നയിക്കുന്നതിൽ ബാലഗോപാലും പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.

നിയമസഭയിൽ സർക്കാരിനെ സംരക്ഷിക്കാനും പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിക്കാനും ഇരു മന്ത്രിമാരും മുന്നിലുണ്ട്. അതിനാലാണ് ഇവരും വൈസ്ക്യാപ്റ്റൻ പട്ടികയിൽ ഇടംപിടിച്ചത്.

 ഈ മൂന്ന് മന്ത്രിമാ‌ർ വൈസ് ക്യാപ്റ്റൻ പദവിയിലെത്തിയതോടെ മന്ത്രി മുഹമ്മദ് റിയാസാണ് പിന്നോക്കം പോയത്. വൈസ് ക്യാപ്റ്റനാവാൻ ഏറെ സാദ്ധ്യത കൽപ്പിച്ചിരുന്ന റിയാസിന്റെ പേര് ഇപ്പോൾ ചർച്ചകളിൽ പോലുമില്ല.

എന്നാൽ വൈസ് ക്യാപ്റ്റൻമാരുടെ കാര്യത്തിൽ പിണറായിയുടെ തീരുമാനമായിരിക്കും അന്തിമം എന്നതിനാൽ, ഇപ്പോഴുള്ള ചർച്ചകൾക്ക് വളരെയേറെ പ്രസക്തിയില്ലെന്നും വിലയിരുത്തലുണ്ട്.

കൊല്ലത്തെ സംസ്ഥാന സമ്മേളനത്തിൽ സർക്കാരിനും പിണറായിക്കുമെതിരേ ശക്തമായ വിമർശനം ഉയരാനിടയുണ്ട്.


പാർട്ടിയുടെ പരമ്പരാഗത നിലപാടുകൾക്ക് വിരുദ്ധമായിടുത്ത ബ്രൂവറിയം കിഫ്ബി ടോളും വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്യലും മുഖ്യമന്ത്രി നേരിട്ട് നയിക്കുന്ന ആഭ്യന്തരവകുപ്പിന് നിരന്തരമായി സംഭവിക്കുന്ന വീഴ്ചകളുമെല്ലാം ചർച്ചയാവും. 


75 വയസ് പ്രായപരിധി കർശനമാക്കിയാൽ പി.കെ.ശ്രീമതി, എ.കെ.ബാലൻ, ആനാവൂർ നാഗപ്പൻ എന്നിവർ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാകേണ്ടി വരും.

പകരം മന്ത്രി എം.ബി. രാജേഷ്, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി പി. മോഹനൻ എന്നിവർ സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയേക്കും. കണ്ണൂരിൽനിന്നുള്ള മുതിർന്ന നേതാവ് പി.ജയരാജനെ പതിവായി തഴയുന്നത് ഇത്തവണ വലിയ ചർച്ചയാവും. 

ഇത്തവണയും ജയരാജനെ സെക്രട്ടരിയേറ്റിൽ എടുത്തില്ലെങ്കിൽ പ്രായപരിധിയുടെ പേരുപറഞ്ഞ് അടുത്ത ടേമിൽ അദ്ദേഹത്തിന്റെ സെക്രട്ടറിയേറ്റിലേക്കുള്ള വരവ് പൂർണമായി അടയ്ക്കാനാവും.

പി.കെ.ശ്രീമതിയുടെ ഒഴിവിൽ ജെ.മേഴ്‌സിക്കുട്ടിയമ്മ സംസ്ഥാന സെക്രട്ടറിയറ്റിലെത്തിയേക്കും. ആനാവൂർ നാഗപ്പന്റെ ഒഴിവിൽ കടകംപള്ളി സുരേന്ദ്രന്റെ പേര് സജീവ പരിഗണനയിലാണ്. ജനുവരിയിൽ 75 വയസ് പൂർത്തിയാവാത്തതിനാൽ ഇ.പി. ജയരാജനും, ടി.പി.രാമകൃഷ്ണനും തുടരും.

Advertisment