കൊല്ലം: സി.പി.എം അംഗങ്ങൾക്ക് റിയൽ എസ്റ്റേറ്റ് ബിസിനസും കൂട്ടുകച്ചവടവും വേണ്ടെന്ന് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട്.
റിയൽ എസ്റ്റേറ്റ് കച്ചവടത്തിലേക്ക് പാർട്ടി അംഗങ്ങൾ പോകരുതെന്ന് നേരത്തെ നിർദ്ദേശമുണ്ടെങ്കിലും പലരും അത് പാലിക്കുന്നില്ലെന്നാണ് റിപ്പോർട്ടിലെ വിമർശനം.
പാർട്ടി അംഗത്വമുളളവർ വസ്തുക്കച്ചവടത്തിന്റെ ഇടനിലക്കാരായി മാറരുതെന്നും മാഫിയ പ്രവർത്തനം നടത്തരുതെന്നും തെറ്റുതിരുത്തൽ രേഖയിലും നിർദ്ദേശം ഉണ്ടായിരുന്നു.
എന്നിട്ടും അതൊന്നും പാലിക്കാത്ത സ്ഥിതിയുണ്ടെന്നാണ് റിപ്പോർട്ടിലെ വിമർശനം. സഹകരണ മേഖല കേന്ദ്രീകരിച്ചുളള തട്ടിപ്പുകൾക്കെതിരെയും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.
സഹകരണ സ്ഥാപനങ്ങളിൽ നിന്ന് വലിയ തുക വായ്പയായി സ്വീകരിക്കുന്ന പാർട്ടി അംഗങ്ങൾ വായ്പയെടുക്കുന്നതിന് മുൻപ് അനുമതി വാങ്ങണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം.
വൻതുക വായ്പയെടുത്തശേഷം തിരിച്ചടക്കാത്തത് മൂലം സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകുന്ന സ്ഥിതി ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.
സഹകരണ ബാങ്കുകളിൽ നിന്ന് വലിയ തുക വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാത്ത നടപടി ശരിയെല്ലെന്നും റിപ്പോർട്ടിൽ തീർത്ത് പറയുന്നുണ്ട്.
പാർട്ടിയംഗങ്ങളിൽ നിന്നുണ്ടാകുന്ന ഇത്തരം വീഴ്ച മൂലം പല ബാങ്കുകളെയും പ്രതിസന്ധിയിലായെന്നും റിപോർട്ടിൽ പരാമർശമുണ്ട്