കൊല്ലം: മുൻകാലങ്ങളിൽ പാർട്ടിയെ ചൂഴ്ന്ന് നിന്ന വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് സി.പി.എമ്മിന്റെ സംഘടനാ റിപ്പോർട്ടിൽ വിമർശനം.
പ്രാദേശീക തലത്തിലുള്ള വിഭാഗീയത പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു. ഇത് തടയാൻ സെക്രട്ടേറിയറ്റ് അംഗങ്ങൾ പ്രാദേശിക തലത്തിലേക്ക് ഇറങ്ങണമെന്നും റിപ്പോർട്ട് പറയുന്നു.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എന്നിവിടങ്ങളിലെ വിഭാഗീയത റിപ്പോർട്ടിൽ എടുത്ത് പറഞ്ഞാണ് റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടത്.
തങ്ങളുടെ കൈപ്പിടിയിൽ സംഘടനയെ ഒതുക്കുവാനുള്ള നടപടികളാണ് കരുനാഗപ്പള്ളിയിൽ ഉണ്ടായത്. സംസ്ഥാന സെക്രട്ടറി തന്നെ ഏരിയാ കമ്മിറ്റിയിൽ പങ്കെടുത്ത് യോജിപ്പിനുള്ള നിർദ്ദേശം നൽകിയിട്ടും മാറ്റമുണ്ടായില്ല.
ലോക്കൽ കമ്മിറ്റികളിൽ തെറ്റായ രീതി രൂക്ഷമായെന്നും ഈ സാഹചര്യത്തിൽ കരുനാഗപ്പള്ളി ഏരിയാ സമ്മേളനം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഏരിയാ കമ്മിറ്റി പിരിച്ചു വിട്ടു. പിന്നീട് ശരിയായ ഇടപെടൽ നടത്തി ഇവിടുത്തെ വിഷയങ്ങൾ പരിഹരിക്കാൻ കഴിഞ്ഞെന്നും സൂചനയുണ്ട്.
തെറ്റായ പ്രവണതകൾക്ക് പാർട്ടി ഒരു കാരണവശാലും കീഴടങ്ങില്ലെന്ന സന്ദേശവും ഇത്തരം നടപടികളിലൂടെ പാർട്ടിയിലും ബഹുജനങ്ങൾക്കിടയിലും നൽകിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നേതാക്കളും ജനങ്ങളും തമ്മിലുള്ള അകലം കൂടുന്നത് കൊണ്ട് തന്നെ സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങൾ അറിയാതെ പോകുന്നു. ജനങ്ങളിലേക്ക് പാർട്ടിയും നേതാക്കളും ഇറങ്ങിച്ചെല്ലണം. പാർട്ടിക്ക് ഏറ്റവും സ്വാധീനമുള്ള സഹകരണ രംഗം വരെ പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നേതാക്കൾക്കും, അണികൾക്കുമിടയിൽ മോശം പ്രവണതകൾ കൂടുകയും ജനങ്ങൾക്കിടയിൽ സ്വീകാര്യത കുറയുകയുമാണ് ചെയ്യുന്നത്. ജനകീയ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നില്ല, കേഡർമാർക്ക് പാർട്ടി വിദ്യാഭ്യാസം കുറയുന്നു, ആഡംബര ജീവിതവും അനാവശ്യപ്രവണതയും വർദ്ധിക്കുന്നു, ക്വാറികളടക്കം വലിയ സാമ്പത്തിക സ്രോതസുകളുമായി ചങ്ങാത്തമുണ്ടാക്കുന്നു, മാദ്ധ്യമങ്ങളോട് ഇടപെടുമ്പോൾ സാമാന്യ മര്യാദ പോലും കാണിക്കുന്നില്ല.
വോട്ടു ചോരുന്ന വഴി അന്വേഷിക്കുന്നില്ലെന്ന് മാത്രമല്ല വോട്ടു ചോർച്ചയുടെ റിപ്പോർട്ടുകളും കൃത്യമല്ല. തിരുത്തലുകൾ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല. പുതിയ വോട്ടുകൾ എവിടേക്കാണ് പോകുന്നതെന്ന് കൃത്യമായി പഠിച്ച് തിരുത്താൻ ജില്ലാ കമ്മിറ്റികൾക്ക് കഴിയുന്നില്ല.
പാർട്ടിക്ക് വലിയ സ്വാധീനമുള്ള ഇടങ്ങളിൽ ചോരുന്ന വോട്ടുകൾ ബി.ജെ.പിയിലേക്കാണ് പോകുന്നത്. തൃശൂരിൽ ബി.ജെ.പി ജയിച്ചത് കോൺഗ്രസ് വോട്ടു കൊണ്ടാണെന്ന് ആരോപിക്കുമ്പോഴും പാർട്ടി വോട്ടുകളും നഷ്ടമായിട്ടുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു.