/sathyam/media/media_files/2025/03/09/He9VCOjDG0Y2JfjRDjTa.jpg)
കൊല്ലം : കണ്ണൂർ രാഷ്ട്രീയത്തിലെ അതികായനായ പി.ജയരാജന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്താനാവാതെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഉറപ്പായി.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ അപ്രീതിയാണ് ഇത്തവണയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം ലഭിക്കാതെ പി.ജയരാജൻ വീണ്ടും തഴയപ്പെട്ടത്.
സീനിയർ നേതാവായ പി.ജയരാജനെ മറികടന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയ പിണറായി തനിക്ക് താൽപര്യം ആരോടാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
കണ്ണൂരിൽ നിന്നുള്ള കെ.കെ ശൈലജയും സെക്രട്ടറിയേറ്റിൽ ഇടം പിടിച്ചതോടെ പി.ജയരാജനോട് കാട്ടിയ അവഗണന പൂർണമായി.
75 വയസ് തികയാൻ രണ്ട് മാസം ബാക്കിയുള്ള ഇ.പി.ജയരാജനെ, സംഘടനാ പ്രവർത്തനം തന്നെ നിർത്തുമെന്ന് പലതവണ സൂചിപ്പിച്ചിട്ടും സെക്രട്ടറിയേറ്റിൽ നിലനിർത്തിയതും പി ജയരാജനുള്ള പിണറായി വിജയന്റെ സന്ദേശമാണ്.
1998 ലെ പാലക്കാട് സമ്മേളനത്തിൽ പിണറായി വിജയൻ്റെ പിന്തുണയിൽ സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജന് ഇപ്പോൾ 72 വയസുണ്ട്.
പാർട്ടിയിൽ 75 വയസ് പ്രായപരിധി ഉള്ളതിനാൽ ഈയൊരു ടേം കൂടിയെ പി ജയരാജന് നേതൃസമിതികളിൽ തുടരാനാവു.
അതുകൊണ്ടുതന്നെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പി ജയരാജന് ഇനി ഒരു അവസരമില്ല. ഒരുകാലത്ത് പിണറായി വിജയന്റെ വലം കൈ ആയിരുന്നു പി.ജയരാജൻ.
വി.എസ് - പിണറായി വിഭാഗീയ പോരാട്ട കാലത്ത് പിണറായി ക്യാമ്പിന്റെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം.
എന്നാൽ കണ്ണൂരിന്റെ ചെന്താരകമെന്ന് അണികൾ ആവേശത്തോടെ പറയുന്ന പി ജയരാജൻ കഴിഞ്ഞ കുറെ നാളുകളായി പിണറായിയുടെ ഗുഡ് ബുക്കിൽ ഇല്ല. അതിന്റെ ഒടുവിലത്തെ തെളിവായി മാറുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരണം.
എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതോടെ ആയിരുന്നു ഇ പി ജയരാജൻ പാർട്ടിയിൽ നിന്ന് അകന്നത്. ഇതോടെ ആത്മ സഖാവ് പിണറായിയുമായും ഇ.പി പിണങ്ങി.
എന്നാൽ ആ അകൽച്ച കുറയുന്നു എന്നതിൻ്റെ തെളിവാണ് 75 വയസ്സിനോട് അടുത്തിട്ടും സെക്രട്ടറിയേറ്റിൽ ഇ പി യെ നിലനിർത്താനുള്ള തീരുമാനം.
കോഴിക്കോട് ജില്ലാ സെക്രട്ടറിയായി 3 ടേം പൂർത്തിയാക്കിയ പി മോഹനനെ മറികടന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സെക്രട്ടറിയേറ്റിൽ എത്തിയത് അപ്രതീക്ഷിതമായി.
എം.ബി.രാജേഷ് ഇത്തവണ എങ്കിലും സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുമുണ്ടായില്ല. മാധ്യമങ്ങളിൽ ചർച്ചയായ പേരുകൾ ബോധപൂർവം ഒഴിവാക്കി എന്നതാണ് കാരണമായി പറയപ്പെടുന്നത്.
എ കെ ബാലനും ആനാവൂർ നാഗപ്പനും ഒഴിഞ്ഞതോടെ തിരുവനന്തപുരത്തിനും പാലക്കാടിനും സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രതിനിധ്യം ഇല്ലാതായി.
കെ കെ ശൈലജ സംസ്ഥാന സെക്രട്ടെറിയേറ്റിൽ എത്തിയത് എം വി ഗോവിന്ദന്റെ പിന്തുണയിൽ ആണെന്നാണ് സൂചന.
കെ ആർ ഗൗരിയമ്മയ്ക്കും സുശീലാ ഗോപാലനും പി കെ ശ്രീമതിക്കും ശേഷം സി.പി,എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാകുന്ന വനിതയാണ് കെ കെ ശൈലജ.
കഴക്കൂട്ടം എംഎൽഎ കൂടിയായ കടകംപള്ളി സുരേന്ദ്രനും മുൻ സ്പീക്കർ എം വിജയകുമാറും വീണ്ടും തഴയപ്പെട്ടു.