/sathyam/media/media_files/2025/03/15/5dPCnDXQFmIEhgJm9zsh.jpg)
കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ റിപ്പോർട്ടിംഗ് മികവ് പ്രകടിപ്പിച്ചില്ലെന്ന് കാട്ടി ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകരെ ശകാരിച്ച് 24 ചാനലിന്റെ ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായർ സ്വന്തം ചാനല്‍ ഗ്രൂപ്പില്‍ ഇട്ട വോയിസ് ക്ലിപ്പുകള്‍ നവ മാധ്യമങ്ങളില്‍ വൈറലാകുന്നു.
കൊല്ലത്ത് നടന്ന സി.പി.എം സമ്മേളനത്തിന്റെ റിപ്പോർട്ടിങ്ങിനിടെ മുതിർന്ന രണ്ട് ജേണലിസ്റ്റുകൾ തമ്മിലുണ്ടായ ഈഗോ പ്രശ്‌നങ്ങൾ സ്ഥാപനത്തിന്റെ പ്രകടനത്തെ ബാധിച്ചുവെന്നും ഇക്കാര്യത്തിൽ ഇരുവരും വിശദീകരണം നൽകണമെന്നും അതീവ രോഷാകുലനായി ശ്രീകണ്ഠൻ നായർ സി.പി.എം സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിങിന്‍റെ ഭാഗമായി ചാനലിന്‍റെ റിപ്പോര്‍ട്ടിങ് ടീമിനുവേണ്ടി രൂപീകരിച്ച വാട്സാപ് ഗ്രൂപ്പില്‍ ഇട്ട വോയിസ് ക്ലിപ്പുകളാണ് പുറത്തായത്.
ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പണ്ടത്തേത് പോലുള്ള പരിഗണനയുടെ കടയെല്ലാം അടയ്ക്കുകയാണെന്നും അദ്ദേഹം പറയുന്നുണ്ട്. ചാനലിൽ 'ഇന്റേണൽ എമർജൻസി' പ്രഖ്യാപിക്കുകയാണ് എന്ന അസാധാരണ പ്രയോഗവും സംഭാഷണത്തിനൊടുവിൽ അദ്ദേഹം നടത്തുന്നുണ്ട്.
കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള റീജണൽ ബ്യൂറോ ചീഫുമാർ തമ്മിലുള്ള തർക്കവും ഈഗോയും സമ്മേളനം റിപ്പോർട്ട് ചെയ്യുന്ന 24ന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് അദ്ദേഹം ഓഡിയോയിൽ അവകാശപ്പെടുന്നത്. രണ്ട് ജേർണലിസ്റ്റുകളും സി.പി.എമ്മിൽ ബന്ധങ്ങളുള്ളവരും എക്‌സ്‌ക്ലൂസീവ് വാർത്തകൾ ചെയ്യുന്നവരുമാണ്.
ഇതിൽ സി.പി.എം സ്റ്റോറികളില്‍ വിദ​ഗ്ദനായ ഒരാൾക്ക് സമ്മേളനത്തിന്റെ കോർഡിനേഷൻ ചുമതല നൽകി എന്നതിന്റെ പേരിലാണ് മറ്റെയാൾക്ക് ഈഗോ ഉടലെടുത്തതെന്നാണ് അറിയുന്നത്. ഇയാള്‍ വിവാദ നായകനും മുന്‍പ് പ്രമാദമായ ഒരു കേസില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനുമാണ്.
ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരിൽ 24 ലൂടെ പുറത്ത് വരേണ്ട വാർത്തകൾ പ്രേക്ഷകരിലേക്ക് എത്തിച്ച് സമ്മേളന റിപ്പോർട്ടിംഗിൽ മികവ് പ്രദർശിപ്പിക്കാൻ ചാനലിന് കഴിഞ്ഞില്ലെന്നാണ് ശ്രീകണ്ഠൻ നായരുടെ വിലയിരുത്തൽ.
പാർട്ടിയുടെ സംഘടനാ പദവികളിൽ നിന്നൊഴിവാക്കപ്പെട്ട എ.കെ ബാലൻ കൊല്ലത്ത് സമ്മേളന വേദിയിൽ നിന്നും ഇറങ്ങി വരുന്നതിനിടെ പൊട്ടിക്കരഞ്ഞപ്പോൾ ഒരുപാട് എക്സ്ക്ളൂസീവ് വാര്‍ത്തകള്‍ കൈകാര്യം ചെയ്തിട്ടുള്ള തിരുവനന്തപുരം റീജിണൽ ചീഫ് തൊട്ടടുത്ത് ഉണ്ടായിരുന്നുവെന്നും എന്നാൽ വേണ്ടതുപോലെ ഇത് കൈകാര്യം ചെയ്തില്ലെന്നുമാണ് ശ്രീകണ്ഠൻ നായരുടെ ആക്ഷേപം. ഇത് മീഡിയ വൺ എന്ന ചാനലിന്റെ റിപ്പോർട്ടർ ഗംഭീരമായി കവർ ചെയ്തത് 24ന് തിരിച്ചടിയായെന്നും വിലയിരുത്തുന്നു.
''നമ്മളീ മത്സരത്തിന്റെ മുമ്പിൽ ലീഡ് ചെയ്യുന്ന സമയത്ത്, കൊല്ലത്ത് പോയിക്കിടന്ന് ഇങ്ങനൊക്കെയുള്ള പോരാട്ടങ്ങൾ നടത്തുന്നവര് ഈ സ്ഥാപനത്തോട് ചെയ്യുന്ന ദ്രോഹമെന്താണെന്ന് ഇവരൊക്കെ ആലോചിക്കുന്നുണ്ടോ ?
ഞാനിപ്പോ ഇത്ര മാത്രമേ പറയുന്നുള്ളൂ, മെന്റലി ഞാൻ വളരെ രോഷത്തിലാണെന്ന് കൂടി നിങ്ങൾ മനസിലാക്കുക.'' എന്നും അദ്ദേഹം വളരെ വിഷമമത്തോടെ പറയുന്നുണ്ട്.
പാർട്ടി സമ്മേളനങ്ങൾ പോലെ ദിവസങ്ങൾ നീളുന്ന റിപ്പോർട്ടിങ് നടക്കുമ്പോൾ സംഭവങ്ങൾ ഒന്നൊഴിയാതെ ഒപ്പിയെടുത്ത് ഫീൽഡ് പ്രകടനത്തിൽ മറ്റ് ചാനലുകളുടെ മുകളിലെത്താനുള്ള മത്സരബുദ്ധി കാട്ടാതെ പരസ്പരമുള്ള ഇഗോക്ലാഷുകൾ മുതിർന്നവർ നടത്തിയതാണ് ചീഫ് എഡിറ്ററെ ചൊടിപ്പിച്ചിട്ടുള്ളത്.
അതേസമയം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ അഭിമുഖം ആദ്യം നല്‍കിയതും ഇതേ റീജിയണല്‍ ഹെഡ് ആയിരുന്നെന്നതും ശ്രദ്ധേയമാണ്.
2018ൽ തുടങ്ങിയ 24ചാനൽ മനോരമ, മാതൃഭൂമി അടക്കം മുമ്പുണ്ടായിരുന്ന വമ്പൻമാരെ മുട്ടുകുത്തിച്ച് ഏറെനാളായി രണ്ടാം സ്ഥാനം ഉറപ്പിച്ച് നിൽക്കുകയായിരുന്നു. റിപ്പോർട്ടർ കൂടി വന്നതോടെ കടുത്ത മത്സരമാണ് ചാനൽ നേരിടുന്നത്.
എപ്പോഴും ഒന്നാം സ്ഥാനം നിലനിർത്തി മുന്നേറുന്ന ഏഷ്യാനെറ്റിനെ പിന്തള്ളി ഒരിക്കൽ ഒന്നാം സ്ഥാനത്തെത്താനും ചാനലിന് കഴിഞ്ഞരുന്നു.
നിലവിലെ വിഷയത്തിൽ ഇതുവരെ നടപടിയൊന്നും, വന്നിട്ടില്ലെങ്കിലും മുതിർന്ന രണ്ട് മാധ്യമപ്രവർത്തകർക്കെതിരെയും നടപടിയെടുക്കുമെന്നാണ് ചീഫ് എഡിറ്റര്‍ വോയിസ് ക്ലിപ്പുകളില്‍ പറഞ്ഞിട്ടുള്ളത്.
എന്നാല്‍ ഈ രണ്ടു പേരും ചാനലിന് വേണ്ടപ്പെട്ടവര്‍ ആണെന്നതാണ് മറ്റൊരു വസ്തുത. ഇതില്‍ തിരുവനന്തപുരം ഹെഡ് ആണ് സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ എക്സ്ക്ളൂസീവ് വാര്‍ത്തകള്‍ ചെയ്തിട്ടുള്ള മാധ്യമ പ്രവര്‍ത്തകന്‍. പ്രത്യേകിച്ചു സി.പി.എം , സി.പി.ഐ വാര്‍ത്തകളില്‍ ഇദ്ദേഹത്തിനുള്ള മികവ് പരക്കെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്.
കോഴിക്കോട് ഹെഡ് ചാനലിന്‍റെ മുതലാളിമാരില്‍ ഒരാള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട ആളാണ്. ഒപ്പം, സ്വന്തം വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിവാദ നായകനും.
സഹപ്രവര്‍ത്തകരായ മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണ് മുന്‍പൊരു വിവാദ കേസിന്‍റെ കാലത്ത് ഇയാളുടെ വിദ്യാഭ്യാസ യോഗ്യതയും വിവാദ ഇടപെടലുകളും വാര്‍ത്തയാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us