വനം മുതൽ കടലോളം പരക്കുന്ന വികസനം -  മന്ത്രി കെ. എൻ. ബാലഗോപാൽ

ജില്ലയുടെ ഭാവിവികസനപരിപാടികൾക്ക് മുതൽക്കൂട്ടാകുംവിധം കൊല്ലം തുറമുഖത്തിന്റെ വിനോദ സഞ്ചാര-വാണിജ്യ സാധ്യകൾ വളർത്തിയെടുക്കുകയാണ്.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
kc1

കൊല്ലം: വനം മുതൽ കടൽമേഖലയോളം പരക്കുന്ന വികസനപ്രവർത്തന മികവാണ് ജില്ല അടയാളപ്പെടുത്തുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. 

Advertisment

കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വിളിച്ചുചേർത്ത ഉദ്യോഗസ്ഥതല യോഗത്തിൽ അധ്യക്ഷനായിരുന്നു അദ്ദേഹം.


ജില്ലയുടെ ഭാവിവികസനപരിപാടികൾക്ക് മുതൽക്കൂട്ടാകുംവിധം കൊല്ലം തുറമുഖത്തിന്റെ വിനോദ സഞ്ചാര-വാണിജ്യ സാധ്യകൾ വളർത്തിയെടുക്കുകയാണ്. 


വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതോടെ ചരക്കുകപ്പലുകളും രാജ്യാന്തര വിനോദസഞ്ചാരം സാധ്യമാകുന്ന കപ്പലുകളുമാണ് ഇതുവഴി വരിക.

ശ്രീനാരായണഗുരു ഓപൺ യൂണിവേഴ്‌സിറ്റിക്ക് ആസ്ഥാനമന്ദിരം പണിയുന്നതിന് സ്ഥലം സ്വന്തമാക്കി. ജില്ലയ്ക്കായി കോടതിസമുച്ചയം നിർമാണവും ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് പണിയുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. 


നഗരഹൃദയത്തിൽ ഐ.ടി. പാർക്ക് വരുന്നു. കശുവണ്ടി മേഖലയിൽ തൊഴിൽദിനങ്ങൾ വർധിപ്പിക്കാനായി. ജൈവവിധ്യ സർക്യൂട്ട് യാഥാർഥ്യമാകും. തീരശോഷണം തടയാൻ ശാസ്ത്രീയസംവിധാനം ഏർപ്പെടുത്തും. 


നീണ്ടകരയിൽ വലനിർമാണ ഫാക്ടറിക്ക് 53 കോടി അനുവദിച്ചു. മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങൾക്ക് കേരളത്തിനാകെ മികച്ച മാതൃകയാണ് കുരീപ്പുഴ ചണ്ടി ഡിപോയിലെ മാലിന്യനിർമാർജനത്തിലൂടെ സാധ്യമാക്കിയത്.

ഇങ്ങനെ തുടർച്ചായ വികസന പരിപാടികളിലൂടെ മുഖഛായ മാറുന്ന ജില്ലയുടെ നേട്ടങ്ങളെല്ലാം ജനങ്ങളിലേക്കെത്തിക്കുന്ന പ്രദർശന-വിനോദ-വിജ്ഞാന-വിപണന മേളയാണ് മെയ് 11 മുതൽ 17 വരെ ആശ്രാമം മൈതാനത്ത് നടത്തുക. 


ഭാവിയിലേക്കുള്ള വികസന സാധ്യതകൾ പ്രദർശനത്തിലുൾപ്പെടുത്തണം. ഇവ വിലയിരുത്തി തുടർപ്രവർത്തന ആശയങ്ങൾ പൊതുസമൂഹത്തിന് പങ്കിടാനാകും. 


ഇതു മുന്നിൽകണ്ടുവേണം ഓരോ വകുപ്പും പങ്കാളിത്തം ഉറപ്പാക്കേണ്ടത് എന്ന് മന്ത്രി നിർദേശിച്ചു.  

പരിപാടിയുമായി ബന്ധപ്പെട്ട വിപുലമായ സംഘാടകസമിതി ഏപ്രിൽ 16ന് ചേരാൻ തീരുമാനിച്ചു. തദ്ദേശസ്ഥാപന തലത്തിലും പ്രദർശനങ്ങൾ സമാന്തരമായി നടത്താനും നിർദേശമുണ്ട്.

ജില്ലാ കലക്ടർ എൻ ദേവിദാസ്, എ.ഡി.എം ജി നിർമൽകുമാർ, സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.