കുന്നിക്കോട്: കൊല്ലം വിളക്കുടി കിണറ്റിൽകരയിൽ തെരുവുനായയുടെ കടിയേറ്റ ഏഴുവയസ്സുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ഏപ്രിൽ എട്ടിനാണ് വീടിനുസമീപത്തുവച്ച് കുട്ടിയെ തെരുവുനായ ആക്രമിച്ചത്.
ഇടതു കൈമുട്ടിന് താഴെ മുറിവേറ്റു. ഉടൻ വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ഐഡിആർവി വാക്സിൻ നൽകി.
അന്നുതന്നെ പുനലൂർ താലൂക്കാശുപത്രിയിൽനിന്ന് ഇമ്യൂണോഗ്ലോബിൻ വാക്സിനും നൽകി.
മൂന്നുതവണ വാക്‌സിൻ എടുത്തു. നാലാം വാക്‌സിൻ എടുക്കുംമുമ്പ് കുട്ടിക്ക് കടുത്ത വിറയലോടു കൂടിയ പനിയും ശരീരവേദനയും അനുഭവപ്പെട്ടു.
സ്വകാര്യ ആശുപത്രിയിൽനിന്നാണ് എസ്‌എടിയിൽ എത്തിച്ചത്. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയും തുടങ്ങി.