മാലിന്യകെണി’ ഒരുക്കി പെരിനാട് പഞ്ചായത്ത് ഇനി മാലിന്യം വലിച്ചെറിഞ്ഞാൽ ‘പണി’ ഉറപ്പ്

മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെഭാഗമായി 14 സ്ഥലങ്ങളിലായി 31 ക്യാമറകളാണ് സ്ഥാപിച്ചത്.

New Update
image(59) CCTV

കൊല്ലം: പെരിനാട് ഗ്രാമപഞ്ചായത്തിൽ മാലിന്യം വലിച്ചെറിഞ്ഞാൽ പിന്നാലെയെത്തും നിയമത്തിന്റെ കുരുക്ക്; ക്യാമറകെണിയൊരുക്കി കാത്തിരിപ്പിലാണ് പഞ്ചായത്ത് ഭരണസമിതി. 

Advertisment

പലവട്ടംപറഞ്ഞിട്ടും കേൾക്കാത്ത വിരുതുള്ളവരെ തെളിവോടെ കുടുക്കാനായി മുക്കിലും മൂലയിലും ക്യാമറക്കണ്ണുകൾ തുറന്നിരിപ്പുണ്ട്.


മാലിന്യരഹിത പരിസരമെന്ന വലിയ ലക്ഷ്യത്തിന് നാട്ടിലെല്ലാവരുടേയും സഹകരണം കിട്ടുന്നില്ലന്ന്കണ്ടാണ് തെളിവുകൾ സഹിതമുള്ള നിയമവഴിയിലേക്ക് തിരിഞ്ഞത്. 


മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെഭാഗമായി 14 സ്ഥലങ്ങളിലായി 31 ക്യാമറകളാണ് സ്ഥാപിച്ചത്. 2024-25 സാമ്പത്തികവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 1,75,0000 രൂപയാണ് മാലിന്യകാവലിന് വിനിയോഗിച്ചത്.

സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം നടത്തിയെങ്കിലും മാലിന്യം പൊതുയിടങ്ങളിൽ നിരന്തരം വലിച്ചെറിയുന്ന പ്രവണതയ്ക്ക് അവസാനമാകാത്തത് വെല്ലുവിളിയായി തുടരുകയായിരുന്നു. ഇരുട്ടിന്റെ മറവിൽ മാത്രമല്ല പട്ടാപകലും മാലിന്യം തള്ളാൻ മത്സരമായിരുന്നു പലർക്കും.  


ഇതോടെ രാപകൽ പ്രവർത്തിക്കുന്ന നൈറ്റ് വിഷൻ ക്യാമറയാണ് എല്ലായിടത്തും സ്ഥാപിച്ചിരിക്കുന്നത്.


വാഹനങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സഹിതം തിരിച്ചറിയാൻ ക്ഷമതയുള്ള അത്യാധുനിക ക്യാമറകളാണിവ. 

കെൽട്രോൺ ആണ് ക്യാമറകൾ സ്ഥാപിച്ചത്. അറ്റകുറ്റപ്പണിയും മേൽനോട്ടവും ഉൾപ്പെടെ ഒരു വർഷത്തേക്ക് കരാർ നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിലാണ് ക്യാമറകളുടെ നിയന്ത്രണം.

പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന സ്ഥിരം മാലിന്യംതള്ളുന്ന ചന്ദനത്തോപ്പ് ഐ.ടി.ഐ ജങ്ഷൻ, കൈതാകോടി, കേരളപുരം ബസ് സ്റ്റോപ്പ്, റെയിൽവേ അടിപ്പാത, കൈതാകോടി അങ്കണവാടി, മാമ്പഴക്കടവ്, ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്റർ, മിനി എം സി എഫ്, വയലിൽ ഭാഗം, ഇളമ്പള്ളൂർ റോഡ്, ഉഴുന്നുവിളമുക്ക്, ഇടവട്ടം എ വാർഡ്, ചന്ദനത്തോപ്പ് ഐ.ടി.ഐ, എം.സി.എഫ് പെരിനാട് എന്നിവിടങ്ങളിൽ 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. 


മറ്റിടങ്ങളിലേക്കും പുതിയ ക്യാമറകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.  


പൊതുയിടങ്ങളെ വിവിധഭാഗങ്ങളായി തിരിച്ച് ഒരിടത്ത്തന്നെ രണ്ട് ക്യാമറകളുടെ നിരീക്ഷണം ഉറപ്പാക്കിയുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. 

പഞ്ചായത്ത് കെട്ടിടവും പൂർണമായും ക്യാമറ നിരീക്ഷണത്തിലാണ്. പഞ്ചായത്ത് സെക്രട്ടറി ജി ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് നിരീക്ഷണ ചുമതല. ക്യാമറകൾ തത്സമയം നിരീക്ഷിച്ച് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ അതിവേഗം നടപടി സ്വീകരിക്കും.

കൈതാകോടിയിലുള്ള ക്യാമറ പൂർണമായും സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് പ്രസിഡന്റ് ദിവ്യ ജയകുമാർ പറഞ്ഞു. ക്യാമറകൾ സ്ഥാപിച്ചതോടെ മാലിന്യം വലിച്ചെറിയുന്ന രീതിക്ക് മാറ്റംവന്നുതുടങ്ങിയെന്നും വ്യക്തമാക്കി.