കൊല്ലം: കൊല്ലം ആര്യങ്കാവിൽ വനം വകുപ്പ് ഉദ്യോഗസ്ഥനും കൂപ്പ് മാനേജർക്കും യൂണിയൻ നേതാക്കളുടെ മർദ്ദനം. ആര്യങ്കാവ് റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ് കുമാറിനും കൂപ്പ് മാനേജർ ബിജുവിനുമാണ് മർദ്ദനമേറ്റത്.
ബിഎംഎസ്, എഐടിയുസി പ്രവർത്തകരാണ് മർദിച്ചതെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി. ആര്യങ്കാവ് തേക്ക് തോട്ടത്തിലെ തൊഴിൽ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
മരങ്ങൾ മുറിക്കുന്ന ജോലി അവസാന ഘട്ടത്തിലായിരുന്നു. ഇതിനിടെ ബി എം എസ്, എ.ഐ റ്റി യു സി പ്രാദേശിക നേതാക്കൾ സ്ഥലത്തെത്തി.
കൂപ്പ് മാനേജരുമായി വാക്കേറ്റം ഉണ്ടായി. സ്ഥലത്തു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ് കുമാറിനെയും മർദ്ദിച്ചു.
പിടിച്ചുമാറ്റാൻ എത്തിയ പ്രദേശവാസി കൂടിയായ കൂപ്പ് മാനേജർ ബിജുവിനെയും തൊഴിലാളികൾ ക്രൂരമായ മർദ്ദിച്ചു. ആക്രമണത്തിൽ ആര്യങ്കാവ് റേഞ്ച് ഓഫീസർ സനോജ് തെന്മല പൊലീസിൽ പരാതി നൽകി.
മർദ്ദനമേറ്റവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ആര്യങ്കാവ് സ്വദേശികളായ രാശി കുമാർ, സുരേഷ് കുമാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.