കൊല്ലം: കടയ്ക്കലിൽ മദ്യലഹരിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ യാത്രക്കാരുടെ പരാതിയെ തുടർന്ന് പൊലീസ് പിടികൂടി. കടയ്ക്കൽ തെറ്റിമുക്ക് സ്വദേശി അജയകൃഷ്ണനാണ് പൊലീസിന്റെ പിടിയിലായത്.
കല്ലറ - കടക്കൽ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് മദ്യപിച്ചു വാഹനം ഓടിച്ചത്. 'ചിലമ്പ്' എന്ന പേരിലുള്ള ബസിലെ ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിക്കുന്നത് എന്ന് സംശയം തോന്നിയ യാത്രക്കാർ കടയ്ക്കൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ബസ് കല്ലറയിൽ നിന്നും കടയ്ക്കലിൽ എത്തിയപ്പോൾ ബസ്റ്റാൻഡിന് സമീപത്ത് വച്ച് പൊലീസ് സംഘം പരിശോധന നടത്തി.
പ്രാഥമിക പരിശോധയിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.
വൈദ്യ പരിശോധനയിലും അജയകൃഷ്ണൻ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. ബസ് കടയ്ക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഡ്രൈവർക്കെതിരെ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഒടിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു. അജയകൃഷ്ണനെ ജാമ്യത്തിൽ വിട്ടെങ്കിലും ബസ് പൊലീസ് കസ്റ്റഡിയിലാണ്. മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കും.