കൊല്ലം: കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
ഉളിയക്കോവിൽ സ്വദേശി ഹരികൃഷ്ണൻ, ചെന്നൈ സ്വദേശി അഹമ്മദ് ഷാ എന്നിവരാണ് പിടിയിലായത്. മൂന്നു പ്രതികളെ കണ്ടെത്താൻ കൊട്ടിയം പോലീസ് അന്വേഷണം ഊർജിതമാക്കി.
കൊട്ടിയം പീടിക മുക്കിൽ ജൂൺ 28ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് അഞ്ചാംഗ സംഘം എത്തിയത്.
വീടിനുള്ളിലേക്ക് കയറിയ സംഘം തൊഴിലാളികളുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി. പണവും മൊബൈൽ ഫോണുകളും അപഹരിക്കുകയായിരുന്നു. 20,000 രൂപയും 5 മൊബൈൽ ഫോണുകളും സംഘം കൈക്കലാക്കി.
സംഭവത്തിൽ കൊട്ടിയം പോലീസിന് തൊഴിലാളികൾ പരാതി നൽകി. പ്രതികൾ സഞ്ചരിച്ച ഓട്ടോ ലക്ഷ്യമാക്കി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടുപേരെ പിടികൂടിയത്.
അറസ്റ്റിലായ ഹരികൃഷ്ണൻ ഓട്ടോ ഡ്രൈവറാണ്. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. മറ്റൊരു പ്രതിയായ അഹമ്മദ് ഷാ ആനന്ദവല്ലിസ്വരത്തെ സർവീസ് സ്റ്റേഷനിലെ ജീവനക്കാരനാണ്.
കേസിലെ മറ്റു പ്രതികളായ മാടൻനട സ്വദേശി ഷൈൻ, രഞ്ജിത്ത്, വിപിൻ എന്നിവർ കൂടെ പിടിയിലാകാനുണ്ട്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.