കൊല്ലം: ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ നീളും.
നടപടികൾ തിങ്കളാഴ്ച്ചയോടെ പൂർത്തിയാക്കാനാണ് ശ്രമം. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.
അതേസമയം, ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിപഞ്ചിക പോസ്റ്റ് ചെയ്ത കുറിപ്പും പ്രചരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹത്തിലെ തുടർ നടപടികൾക്കും മറ്റു നിയമനപടികൾക്കുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഉൾപ്പടെയുള്ള ഏജൻസികൾ ഇടപെട്ടിട്ടുണ്ട്.
ഷാർജ ഇന്ത്യൻ അസോസിയേഷനും വിഷയത്തിൽ ഇടപെടുന്നുണ്ട്. വിപഞ്ചികയുടെ പോസ്റ്റുമോർട്ടവും മറ്റു നടപടികളും വൈകുമെന്നാണ് സൂചന.
അടുത്ത രണ്ടു ദിവസങ്ങൾ വാരാന്ത്യ അവധി ആയതിനാൽ തിങ്കളാഴ്ചയാകും ഇക്കാര്യത്തിൽ തുടർ നടപടി ഉണ്ടാകുക.
ഫോറൻസിക് റിപ്പോർട്ട് അടക്കം ലഭിച്ച ശേഷമാകും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിക്കുക.
അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് സുഹൃത്തുക്കളും സഹ പ്രവർത്തകരും ശ്രമിക്കുന്നത്.
അതേസമയം, കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽതന്നെ സംസ്കരിക്കണമെന്ന് വിപഞ്ചികയുടെ ഭർത്താവ് നിധീഷ് ആവശ്യപ്പെട്ടതായാണ് വിവരം.
കേസ് നിലനിൽക്കുന്നതിനാൽ നാട്ടിലേക്ക് പോകാനാകില്ലെന്നും കുഞ്ഞിന്റെ സംസ്കാരം ഷാർജയിൽ നടത്തിയാൽ തനിക്ക് പങ്കെടുക്കാൻ കഴിയുമെന്നുമാണ് നിധീഷിന്റെ വാദം.
കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം ഇന്നലെ പൂർത്തിയായി.
അതിനിടെ, താൻ നേരിട്ട പീഡനങ്ങളും അപമാനവും വിവരിച്ച് ഗുരുതര ആരോപണങ്ങളുമായി വിപഞ്ചിക എഴുതിയ കുറിപ്പും പുറത്തു വന്നു.
ഫേസ്ബുക്കിൽ ഷെഡ്യൂൾ ചെയ്ത് പോസ്റ്റ് ചെയ്തതാണ് ഇതെന്നാണ് വിവരം.
കുടുംബത്തിന്റെ അഭിഭാഷകൻ അത് സ്ഥിരീകരിക്കുന്നുണ്ട്. മടുത്തു എന്നെഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.