എട്ടാം ക്ലാസ്സുകാരന്റെ ജീവനെടുത്ത ഇലക്ട്രിക് ലൈൻ മാറ്റി. കുട്ടിയുടെ മരണത്തിൽ വീഴ്ച സമ്മതിച്ച് കെഎസ്ഇബി

ലൈൻ കേബിൾ ചെയ്ത് സുരക്ഷിതമാക്കാൻ രണ്ടു ദിവസം മുൻപ് ഷെഡ് പൊളിച്ച് നൽകാൻ കെഎസ്ഇബി സ്കൂൾ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നു. 

New Update
images(1200)

കൊല്ലം: കൊല്ലം തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ കെഎസ്ഇബി ആരംഭിച്ചു. 

Advertisment

സ്കൂളിന്റെ മുകളിലൂടെ പോയിരുന്ന വൈദ്യുത ലൈനാണ് കെഎസ്ഇബി ജീവനക്കാർ മാറ്റുന്നത്. ഇതേ തുടർന്ന് പ്രദേശത്ത് മണിക്കൂറുകൾ വൈദ്യുത തടസമുണ്ടായതിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. 


വൈദ്യുതി ലൈൻ പൂർണമായും വിച്ഛേദിച്ചതിന് ശേഷം മാത്രമാകും പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കുകയെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.


അതേസമയം കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച കെഎസ്ഇബി രംഗത്തെത്തിയിരുന്നു. 

നിയമപ്രകാരം വൈദ്യുതി ലൈനിന് തറ നിരപ്പിൽ നിന്ന് 4.6 മീറ്റർ ഉയരം വേണം. എന്നാൽ ഉണ്ടായിരുന്നത് തറനിരപ്പിൽ നിന്ന് 4.28 മീറ്റർ അകലം മാത്രം. ഇരുമ്പ് ഷീറ്റിൽ നിന്ന് വേണ്ടത് 2.5 മീറ്റർ ഉയരം. 


പക്ഷേ ഉണ്ടായിരുന്നത് 0.88 മീറ്റർ. ലൈൻ കേബിൾ ചെയ്ത് സുരക്ഷിതമാക്കാൻ രണ്ടു ദിവസം മുൻപ് ഷെഡ് പൊളിച്ച് നൽകാൻ കെഎസ്ഇബി സ്കൂൾ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നു. 


അടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് സ്കൂൾ മാനേജ്മെന്റ് അറിയിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്. 

കെഎസ്ഇബിയുടെയും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെയും റിപ്പോർട്ടുകളാണ് മന്ത്രിയ്ക്ക് സമർപ്പിച്ചത്. ചീഫ് സേഫ്റ്റി കമ്മീഷണറുടെ അന്വേഷണത്തിനുശേഷം വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി.

Advertisment