/sathyam/media/media_files/2025/08/30/k-n-balagopal-aisha-potty-2025-08-30-00-21-58.jpg)
കൊല്ലം: ജില്ലാകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതോടെ പാർട്ടിയുമായി അകൽച്ചയിലായ കൊട്ടരക്കരയിലെ മുൻ എം.എൽ.എ പി.ഐഷാ പോറ്റിയും സി.പി.എമ്മും തമ്മിലുളള ബന്ധം വീണ്ടും വഷളാകുന്നു.
കൊട്ടരക്കര മണ്ഡലത്തിലെ സ്കുളിൻെറ ഉൽഘാടനത്തിൻെറ ക്രെഡിറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ ഏറ്റെടുത്തതാണ് പുതിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ഐഷാ പോറ്റി എം.എൽ.എയായിരക്കെ സർക്കാരിൻെറ പൊതു ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ട് കോടി രൂപ കൊണ്ട് നിർമ്മിച്ച കെട്ടിടത്തിൻെറ ക്രെഡിറ്റാണ് മന്ത്രി കെ.എൻ.ബാലഗോപാൽ കൊണ്ടുപോയത്.
2020ലാണ് വാക്കനാട് ഗവൺമെന്റ് എച്ച്എസ്എസിൽ പുതിയ കെട്ടിടത്തിന് രണ്ടുകോടി അനുവദിച്ചത്. കെട്ടിടത്തിൻെറ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങിയപ്പോൾ നോട്ടീസിലും കെട്ടിടത്തിൻെറ ഭിത്തിയിലെ എഴുത്തിലും ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച രണ്ടുകോടി രൂപകൊണ്ട് നിർമിച്ച കെട്ടിടം എന്നാണ് രേഖപ്പെടുത്തിയത്.
പണം അനുവദിച്ച ഐഷാ പോറ്റിയുടെ പേര് എവിടെയുമില്ല. അവഗണന വ്യക്തമായതോടെ ഉൽഘാടന ചടങ്ങിലേക്ക് ക്ഷണമുണ്ടായിട്ടും അയിഷാപോറ്റി പങ്കെടുത്തില്ല. ഉൽഘാടനത്തിന് തൊട്ടുതലേന്ന് സ്കൂളിൽ എത്തി അധ്യാപകരെയും കുട്ടികളെയും കണ്ട് മടങ്ങിയാണ് ഐഷാ പോറ്റി നീരസം പ്രകടമാക്കിയത്.
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പകൾ അടുത്തിരിക്കെ മുൻ എം.എൽ.എ ഐഷാ പോറ്റിയുമായി ഉണ്ടായ തർക്കങ്ങൾ കൊട്ടരാക്കരയിൽ വീണ്ടും മത്സരിക്കാൻ തയാറെടുക്കുന്ന കെ.എൻ.ബാലഗോപാലിൻെറ സാധ്യതകളെ സാരമായി ബാധിച്ചേക്കും.
സി.പി.എമ്മുമായി ഇടഞ്ഞു നിൽക്കുന്ന ഐഷാ പോറ്റിയെ സ്വന്തം പാളയത്തിലെത്തിക്കാൻ കോൺഗ്രസും ബി.ജെ.പിയും ശ്രമം നടത്തുന്നുണ്ട്. കോൺഗ്രസ് സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ ഐഷപോറ്റി പങ്കെടുത്തതും പാർട്ടി വിടുന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
എന്നാൽ രാഷ്ട്രീയ നിലപാടിൽ തൽക്കാലം മാറ്റമില്ലെന്ന് അതേ വേദിയിൽ തന്നെ ഐഷാപോറ്റി തുറന്നുപറയുകയും ചെയ്തിരുന്നു. വാക്കനാട് സ്കൂളിൻെറ ഉൽഘാടനത്തിൽ നിന്ന് വിട്ടുനിന്നതും വ്യക്തിപരമായ അസൗകര്യങ്ങളെ തുടർന്നാണെന്നാണ് ഐഷാ പോറ്റിയുടെ വിശദീകരണം.
കൊട്ടാരക്കര മണ്ഡലത്തിൽ മികച്ച ജനകീയ പ്രതിഛായയുളള നേതാവാണ് 3 ടേം എം.എൽ.എയായിരുന്ന പി.ഐഷാ പോറ്റി. കന്നി മത്സരത്തിൽ കൊട്ടരാക്കരയിലെ അതികായനായിരുന്ന ആർ.ബാലകൃഷ്ണപിളളയെ അട്ടിമറിച്ചാണ് ഐഷാ പോറ്റി മണ്ഡലത്തെ ഇടതുപക്ഷത്തോട് ചേർത്തത്.
കൊട്ടാരക്കരയിലെ ജനങ്ങളുമായി ഐഷാപോറ്റിക്കുളള വ്യക്തി ബന്ധങ്ങളും കുടൂംബബന്ധങ്ങളുമാണ് അവരുടെ ശക്തി. വീണ്ടും മത്സരിക്കാൻ ഇറങ്ങുന്ന കെ.എൻ.ബാലഗോപാലിനും ഇത് ഭീഷണിയാവും.
ഐഷാ പോറ്റിയുമായി ബന്ധപ്പെട്ട വ്യക്തിപരവും കുടുംബപരവുമായ വോട്ടുകൾ മറിഞ്ഞാൽ കെ.എൻ.ബാലഗോപാലിനു വിജയിക്കുക അത്ര എളുപ്പമാവില്ല. 2016ൽ ഐഷാ പോറ്റി 42,632 വോട്ടുകൾക്ക് ജയിച്ച കൊട്ടാരക്കരയിൽ 2021ൽ കെ.എൻ.ബാലഗോപാൽ വിജയിച്ചത് 10814 വോട്ടുകൾക്കാണ്.
ഭരണവിരുദ്ധ വികാരവും രാഷ്ട്രീയ അടിയൊഴുക്കുകളും സംഭവിച്ചാൽ കൊട്ടരാക്കരയിൽ രണ്ടാമതൊരു ജയം എളുപ്പമാകില്ല. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് ഐഷാ പോറ്റിയുമായി തർക്കം ഉണ്ടായിരിക്കുന്നത്.
രണ്ടാം പിണറായി സർക്കാരിൽ ധനകാര്യമെന്ന നിർണായക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ.എൻ ബാലഗോപാലിന് വകുപ്പുമായി ബന്ധപ്പെട്ട തിരക്കുകളുണ്ട്. ഇതുകൊണ്ടുതന്നെ കൊട്ടാരക്കര മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സൂക്ഷ്മശ്രദ്ധചെലുത്താൻ മന്ത്രിക്ക് കഴിയുന്നില്ല.
പഴ്സണൽ സ്റ്റാഫ് അംഗങ്ങളെയും പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തെയും ആശ്രയിച്ചാണ് മണ്ഡലത്തിലെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവരിൽ നിന്നെല്ലാം ഉണ്ടാകുന്ന പിഴവുകളുടെയും വീഴ്ചകളുടെയും പഴി കേൾക്കേണ്ടി വരുന്നത് മന്ത്രിയാണ്.
വാക്കനാട് സ്കൂളിലെ കെട്ടിടം ഉൽഘാടനവുമായി ബന്ധപ്പെട്ട് പി.ടി.എ തയാറാക്കിയ നോട്ടീസിൽ മന്ത്രി ബാലഗോപാലിൻെറ ശ്രമഫലമായി എന്ന് എഴുതിചേർത്തത് മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിൻെറ ശ്രദ്ധയിൽ കൊണ്ടുവന്നതാണ്.
എന്നിട്ടും അതിലെ രാഷ്ട്രീയ അപകടം മുൻകൂട്ടികാണാൻ അവർക്കായില്ല.ഇതോടെയാണ് നോട്ടീസ് അച്ചടിച്ച് പുറത്തുവരുന്ന സ്ഥിതിയുണ്ടായത്.സംഭവം വിവാദം ആയപ്പോൾ പ്രതിക്കൂട്ടിലായത് മന്ത്രി ബാലഗോപാൽ ആണ്.