/sathyam/media/media_files/8QvQMbo13QFMDsdM1jWg.jpg)
കൊല്ലം; ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേർക്കും തട്ടിക്കൊണ്ടു പോകലുമായി ബന്ധമില്ലെന്ന് സൂചനകൾ.
ഇവരെ ചോദ്യംചെയ്തശേഷം വിട്ടയച്ചേക്കുമെന്നാണ് സൂചനകൾ. ചൊവ്വാഴ്ച രാവിലെ ശ്രീകണ്‌ഠേശ്വരത്തു നിന്ന് രണ്ടുപേരേയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് കേസുമായി ബന്ധമില്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയ്ക്കാണ് സംസ്ഥാനത്തെ നടുക്കിയ സംഭവം നടന്നത്. ട്യൂഷന് പോകുന്ന വഴിയിലാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്. അബിഗേൽ സാറാ റജിയുടെ സഹോദരൻ ജോനാഥനെയും മുഖംമൂടി സംഘം കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടികുതറി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം.
അതേസമയം കുട്ടിയെ കാണാതായി 17 മണിക്കൂർ പിന്നിടുമ്പോഴും പൊലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. പൊലീസ് കുട്ടിയുടെ അടുത്തെത്തിയെന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെവി മനോജ് കുമാർ വ്യക്തമാക്കി. ഉടൻതന്നെ ശുഭകരമായ വാർത്തകൾ കേൾക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് 4.20-നാണ് കൊല്ലം ഓട്ടുമല കാറ്റാടി റജിഭവനിൽ റജി ജോണിൻ്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. കാറിൽ എത്തിയ സംഘഗമാണ് തട്ടിക്കൊണ്ടു പോയത്.
അബിഗേഗലിൻ്റെ ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്നു പുറത്തേക്കു തള്ളിയിടുകയായിരുന്നു. കാലുകൾ റോഡിലുരഞ്ഞ് ജോനാഥന് പരിക്കുപറ്റുകയും ചെയ്തിരുന്നു.
രാത്രിയോടെ അഞ്ചുലക്ഷം രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് വിളിക്കുകയും തുടർന്ന് തുടർന്ന് അച്ഛനോട് സംസാരിച്ചപ്പോൾ 10 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് വിവരം.
രാത്രി 7.45നാണ് കുട്ടിയുടെ അമ്മയ്ക്ക് ഒരു സ്ത്രീയുടെ ഫോൺ കോൾ എത്തിയത്. അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ ഫോൺ കോളെത്തിയത്. പാരിപ്പള്ളി കുളമടയിലെ കടയുടെ ഉടമയായ സ്ത്രീയുടെ ഫോണിൽ നിന്നാണ് കോൾ എത്തിയത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയവർ കടയുടെ ഉടമയായ ഗിരിജയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു എന്നാണ് വിവരം. ഓട്ടോയിലാണ് സ്ത്രീയും പുരുഷനും എത്തിയതെന്നാണ് കടയുടെ ഉടമ പറയുന്നത്. മാത്രമല്ല സ്ത്രീ ഫോൺ വാങ്ങി കോൾ ചെയ്യുന്ന സമയത്ത് കൂടെ വന്ന വ്യക്തി കടയിൽ നിന്ന് ബിസ്‌ക്കറ്റും റസ്‌കും തേങ്ങയും വാങ്ങിയിരുന്നു എന്നും കടയുടെ ഉടമയായ ഗിരിജ പറയുന്നുണ്ട്.