/sathyam/media/media_files/2026/01/21/arun-vasanthakumar-2026-01-21-21-49-13.jpg)
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കൊല്ലം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായി.
നിലവിലെ എം.എൽ.എ എം.മുകേഷിന് പകരം പുതുമുഖങ്ങളെ ഇറക്കി മണ്ഡലം നിലനിർത്താനുള്ള ആലോചനയിലാണ് എൽ.ഡി.എഫ്.
സി.പി.എം ജില്ലാ -ഏരിയാ കമ്മിറ്റിയോഗങ്ങളിലെ ചർച്ചകളിൽ പ്രധാനമായും ഉയർന്നു കേൾക്കുന്നത് രണ്ട് പേരുകളാണ്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിൻെറയും, പ്രശസ്ത കാഥികൻ സാംബശിവന്റെ മകൻ വസന്തകുമാർ സാംബശിവൻെറയും പേരുകളാണ് പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്യുന്നത്.
​കൊല്ലം നിയമസഭാ മണ്ഡലം എക്കാലത്തും ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ണാണ്. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ മുന്നണിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
/filters:format(webp)/sathyam/media/media_files/xZlu8h4tXh9DhafQpjRB.jpg)
സിനിമാ താരം എം.മുകേഷ് തുടർച്ചയായി രണ്ട് തവണ വിജയിച്ച മണ്ഡലത്തിൽ, ഇത്തവണ 'സെലിബ്രിറ്റി ഇമേജും' ഒപ്പം 'രാഷ്ട്രീയ പാരമ്പര്യവും' ഒത്തുചേരുന്ന ഒരാളെ കണ്ടെത്താനാണ് സി.പി.എം ശ്രമിക്കുന്നത്.
അതാണ് വി.എസിൻെറ മകൻ അരുൺ കുമാറിലേക്കും സാംബശിവൻെറ മകൻ വസന്തകുമാറിലേക്കും ചർച്ചകൾ എത്തിനിൽക്കാൻ കാരണം. വി.എസ്. അച്യുതാനന്ദന്റെ മകൻ എന്ന നിലയിൽ കേരള രാഷ്ട്രീയത്തിൽ പരിചിതനായ മുഖമാണ് വി.എ. അരുൺകുമാർ.
ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ചുമതല വഹിക്കുന്ന അദ്ദേഹം, വി.എസിന്റെ രാഷ്ട്രീയ പിൻഗാമി എന്ന നിലയിൽ കൊല്ലത്ത് പരീക്ഷിക്കപ്പെട്ടേക്കാം. പാർട്ടി പ്രവർത്തന രംഗത്ത് സജീവമല്ലെങ്കിലും അരുൺകുമാറിന് പല അനുകൂല ഘടകങ്ങളുമുണ്ട്.
​രാഷ്ട്രീയ കേരളത്തിൽ ഇന്നും ഒളിമങ്ങാതെ നിൽക്കുന്ന വി.എസ് എന്ന ബ്രാൻഡ് തന്നെയാണ് അതിൽ പ്രധാനം.
വി.എസ്. അച്യുതാനന്ദനോടുള്ള വൈകാരികമായ അടുപ്പം വോട്ടർമാരിൽ, പ്രത്യേകിച്ച് പ്രായമായവരിലും സാധാരണ തൊഴിലാളികളിലും സ്വാധീനം ചെലുത്തും. സർക്കാർ സർവീസിലെ ഭരണപരിചയവും അരുൺ കുമാറിന് മുതൽക്കൂട്ടാണ്.
/filters:format(webp)/sathyam/media/media_files/2026/01/21/va-arun-kumar-cpm-jpg-2026-01-21-21-49-56.webp)
അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് രംഗത്തെ പരിചയം വികസന ചർച്ചകളിൽ മുൻതൂക്കം നൽകും. വി.എസിൻെറ മകനാണെങ്കിലും പിണറായി വിജയൻ അടക്കമുളള പാർട്ടിയിലെ ഔദ്യോഗിക പക്ഷ നേതാക്കളുമായി അരുൺകുമാറിന് നല്ല ബന്ധമുണ്ട്.
നല്ല നയചാതുര്യമുളളയാളായത് കൊണ്ടുതന്നെ ഔദ്യോഗിക പക്ഷത്തിന് വിരോധമില്ലാത്ത രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചേക്കും.
എന്നാൽ മറ്റേത് സ്ഥാനാർത്ഥിയേയും എന്നപോലെ വി.എ.അരുൺകുമാറിനും പ്രതികൂല ഘടകങ്ങളുണ്ട്.​ പഴയ വിവാദങ്ങളാകും അരുൺകുമാറിനെതിരെ എതിരാളികൾ പ്രചരാണായുധമാക്കുക.
ഐ.എച്ച്.ആർ.ഡി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുൻപ് ഉയർന്ന ആരോപണങ്ങൾ പ്രതിപക്ഷം ഉപയോഗിക്കും. മണ്ഡലത്തിന് പുറത്തുനിന്നുളള ആൾ എന്നതും അരുണിന് പ്രതികൂലമാണ്.
/filters:format(webp)/sathyam/media/media_files/6tpjmbJJKVtdWk60Xq8V.jpg)
കൊല്ലം സ്വദേശിയല്ലാത്തത് പ്രാദേശിക നേതാക്കൾക്കിടയിൽ ചെറിയ എതിർപ്പുകൾ ഉണ്ടാക്കിയേക്കാം. ഐ.എച്ച്.ആർ.ഡി തലപ്പത്ത് നിന്ന് വിരമിക്കാൻ ഒന്നോ രണ്ടോ വർഷമുളളതിനാൽ സീറ്റ് ലഭിച്ചാൽ അരുൺകുമാറിന് സർവീസിൽ നിന്ന് രാജിവെക്കേണ്ടി വരും.
സർവീസ് ജീവിതം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്നതിൽ അരുൺ കുമാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അരുൺകുമാർ മത്സരിക്കാൻ സന്നദ്ധനായാൽ രാഷ്ട്രീയത്തിൽ വി.എസിന് പിന്തുടർച്ചക്കാരൻ ഉണ്ടാകും.
​വി.എസിൻെറ മകൻ വി.എ.അരുൺകുമാറിനൊപ്പം കൊല്ലം നിയോജക മണ്ഡലത്തിലേക്ക് പരിഗണിക്കുന്ന വസന്തകുമാർ സാംബശിവനും അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളുണ്ട്.
കാഥികൻ സാംബശിവന്റെ മകൻ എന്നതിലുപരി, അറിയപ്പെടുന്ന ഒരു കലാകാരനും സാംസ്കാരിക പ്രവർത്തകനുമാണ് വസന്തകുമാർ. കൊല്ലത്തിന്റെ സാംസ്കാരിക ഭൂമികയിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്.
കൊല്ലത്തെ പ്രധാന വോട്ടുബാങ്കായ കശുവണ്ടി തൊഴിലാളികൾക്കും സാധാരണക്കാർക്കും കാഥികൻ സാംബശിവൻ എന്ന പേര് ഇന്നും ആവേശമാണ്.
അദ്ദേഹത്തിൻെറ മകനായ വസന്തകുമാർ സാംബശിവൻ സ്ഥാനാർത്ഥിയായാൽ ആ വികാരം വോട്ടായി മാറാൻ സാധ്യതയുണ്ട്. യാതൊരു വിധ അഴിമതി ആരോപണങ്ങളുമില്ലാത്ത വ്യക്തിത്വം എന്നതും വസന്തകുമാറിൻെറ അനുകൂല ഘടകമാണ്.
എം.മുകേഷിന് ശേഷം മറ്റൊരു കലാകാരൻ എന്ന നിലയിൽ വസന്തകുമാർ വോട്ടർമാർക്ക് പെട്ടെന്ന് സ്വീകാര്യനാകും. കൊല്ലം ജില്ലയുമായുള്ള അടുത്ത ബന്ധം പ്രചാരണത്തിൽ ഗുണകരമാകുകയും ചെയ്യും.
സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ വി.എ. അരുൺകുമാറിനെ അപേക്ഷിച്ച് പിന്നിലാണ് എന്നതാണ് വസന്തകുമാറിൻെറ പ്രതികൂല ഘടകം. നിയമസഭയിലെ രാഷ്ട്രീയ പോരാട്ടങ്ങളിൽ അദ്ദേഹം എത്രത്തോളം ശോഭിക്കുമെന്ന ചോദ്യം ഉയർന്നേക്കാം.
/filters:format(webp)/sathyam/media/media_files/2026/01/21/d-2026-01-21-21-51-14.jpg)
പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിനെതിരെയുള്ള വികാരം മറികടക്കാൻ കരുത്തനായ സ്ഥാനാർത്ഥി തന്നെ വേണം. അപ്പോൾ കലാകാരനായ വസന്തകുമാറിനെ സ്ഥാനാർത്ഥി ആക്കിയാൽ മതിയോയെന്ന ചോദ്യം സ്വാഭാവികമായി ഉയർന്നുവരാനിടയുണ്ട്.
വി.എ. അരുൺകുമാറിനെ ഇറക്കി വൈകാരികമായ ഒരു 'വി.എസ് തരംഗം' ലക്ഷ്യമിടണോ, അതോ വസന്തകുമാർ സാംബശിവനെ ഇറക്കി സാംസ്കാരികവും പാരമ്പര്യവുമായ വോട്ടുകൾ ഉറപ്പിക്കണോ എന്നതാണ് സിപിഎം നേതൃത്വത്തിന് മുന്നിലുളള ചോദ്യം.
എം. മുകേഷിന് മൂന്നാം ഊഴം നൽകുന്നില്ലെങ്കിൽ, ഈ രണ്ടുപേരിൽ ഒരാൾ കൊല്ലത്തിന്റെ അങ്കത്തട്ടിൽ ഉണ്ടാകാനാണ് സാധ്യത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us