അമ്മയേ തേടി.... ജാർഖണ്ഡിൽ നിന്ന് 4 വർഷം മുമ്പ് കാണാതായ അമ്മയെ മകന് തിരികെ നൽകി കൊല്ലം നവജീവൻ അഭയകേന്ദ്രം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
manvika devi

കൊല്ലം:  മറവി രോഗം ബാധിച്ച് ജാർഖണ്ഡിലെ സ്വന്തം വീടും നാടും വിട്ട് അലഞ്ഞുതിരിഞ്ഞ ഒരമ്മയുടെ ദയനീയ ജീവിതത്തിന് സന്തോഷകരമായ പരിസമാപ്തി. മൻക ദേവി എന്ന ഈ അമ്മയെ നാല് വർഷങ്ങൾക്ക് ശേഷം മകന് തിരികെ നൽകി കൊല്ലത്തെ നവജീവൻ അഭയകേന്ദ്രം.


Advertisment

മാനുഷികതയുടെ ഉദാത്ത മാതൃകയായി. കണ്ണനല്ലൂർ പൊലീസ് യാദൃശ്ചികമായി കണ്ടെത്തിയ മൻക ദേവിയെ തുടർന്ന് നവജീവൻ അഭയകേന്ദ്രത്തിൽ ഏൽപ്പിക്കുകയായിരുന്നു. ഓർമ്മകൾ നഷ്ടപ്പെട്ട ആ അമ്മയെക്കുറിച്ച് യാതൊരു വിവരവും പൊലീസിനോ അഭയകേന്ദ്ര അധികൃതർക്കോ ലഭിച്ചിരുന്നില്ല. നവജീവൻ അഭയകേന്ദ്രത്തിലെ അധികൃതർ മൻക ദേവിയുടെ കുടുംബത്തെ കണ്ടെത്താനായി കഴിഞ്ഞ നാല് വർഷമായി ശ്രമങ്ങൾ നടത്തിവരികയായിരുന്നു.


സ്ഥാപനത്തിലെ ജീവനക്കാരും മാനേജ്‌മെന്റ് കമ്മിറ്റിയും വിവിധ തരത്തിലുള്ള അന്വേഷണങ്ങൾ നടത്തി. ഒടുവിൽ അവരുടെ ശ്രമം ഫലം കണ്ടു. ജാർഖണ്ഡിൽ മൻക ദേവിക്ക് ഒരു മകനുണ്ടെന്നുള്ള വിവരം അവർക്ക് ലഭിച്ചു. ഉടൻ തന്നെ അഭയകേന്ദ്രം അധികൃതർ ആ മകനെ കേരളത്തിലുള്ള അമ്മയുടെ വിവരം അറിയിച്ചു. അമ്മയെ കാണാനായി ജാർഖണ്ഡിൽ നിന്നും മകൻ നവജീവൻ അഭയകേന്ദ്രത്തിൽ എത്തിച്ചേർന്നു. 


നാല് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ അവൻ തന്റെ അമ്മയെ കണ്ടുമുട്ടി. ആ കാഴ്ച എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. മറവി രോഗം ബാധിച്ചിരുന്നെങ്കിലും മകൻ എത്തിയപ്പോൾ മൻക ദേവി അവനെ തിരിച്ചറിഞ്ഞു.


ആ അമ്മയുടെയും മകന്റെയും സന്തോഷത്തിന് അതിരുകളില്ലായിരുന്നു. മാനേജ്മെന്റ് കമ്മിറ്റിയംഗം അനീഷ് യുസുഫ്, റസിഡന്റ് മാനേജർ അബ്ദുൽ മജീദ്, വെൽഫെയർ ഓഫീസർ ഷാജിമു എന്നിവരുടെ സാന്നിധ്യത്തിൽ മൻക ദേവിയെ മകന് കൈമാറി. അഭയകേന്ദ്രത്തിലെ ജീവനക്കാരും അന്തേവാസികളും ഈ സന്തോഷകരമായ നിമിഷത്തിന് സാക്ഷികളായി.

Advertisment