/sathyam/media/media_files/2025/07/20/electricity1-2025-07-20-06-25-59.jpg)
കോന്നി: വൈദ്യുതി പ്രവാഹം നിര്‍ത്തിവെച്ച ലൈനില്‍നിന്ന് ഷോക്കേറ്റ് കരാര്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ അപകട കാരണം കണ്ടെത്താനാകാതെ വൈദ്യുതി വകുപ്പ്. കലഞ്ഞൂര്‍ പറയന്‍തോട് ചരുവുവിള സുബീഷ് (35) ആണ് ബുധനാഴ്ച വൈകീട്ട് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
മുരിംഗമംഗലം മെഡിക്കല്‍ കോളജ് ഹൈടെന്‍ഷന്‍ ലൈനില്‍ പണി നടക്കുമ്പോഴായിരുന്നു അപകടം. സംഭവത്തില്‍ വകുപ്പിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
പത്തനംതിട്ട ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് വിഭാഗം പരിശോധന നടത്തി നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അവരും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, അപകടം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും അപകട കാരണം കണ്ടെത്താനായിട്ടില്ല.
മുരിംഗമംഗലം ട്രാന്‍സ്ഫോര്‍മറില്‍നിന്ന് വൈദ്യുതിലൈന്‍ ഓഫാക്കി മെഡിക്കല്‍ കോളജ് ലൈനില്‍ പണി നടക്കുകയാണ്. വൈദ്യുതി ലൈന്‍ ഓഫാക്കിയിരിക്കുന്ന സമയത്ത് ലൈനില്‍ വൈദ്യുതി വന്നത് എങ്ങനെയാണെന്നുള്ളതിന് വിശദീകരിക്കാന്‍ കെഎസ്ഇബിക്ക് കഴിയുന്നില്ല.
ഹൈടെന്‍ഷന്‍ ലൈന്‍ പോകുന്ന വൈദ്യുതതൂണിലൂടെ മെഡിക്കല്‍ കോളജിലേക്ക് എബിസി കവറേജോടുകൂടിയുള്ള ലൈനും വലിച്ചിട്ടുണ്ട്. അതിന്റെ നിയന്ത്രണം സബ് സ്റ്റേഷനില്‍ നിന്നാണെന്ന് പറയുന്നു.
അതില്‍ വൈദ്യുതി ഉണ്ടെങ്കില്‍ അപകടം സംഭവിക്കാന്‍ ഇടയുള്ളതായി പറയുന്നു. മരിച്ച കരാര്‍ തൊഴിലാളിയുടെ ആശ്രിതര്‍ക്ക് അപകട ഇന്‍ഷുറന്‍സ് തുക നല്‍കുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us