തിരുവനന്തപുരം: കൂത്ത് പറമ്പ് വെടിവെപ്പില്‍ പങ്കെടുത്ത റവാഡ ചന്ദ്രശേഖറിനെ ഡി.ജി.പിയാക്കിയതിന് പുറമേ അദ്ദേഹത്തിന്റെ തുടക്കവും കണ്ണൂരില്‍ നിന്ന് ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ പച്ചക്കൊടി.
ഇന്ന് രാവിലെ ഏഴു മണിക്കാണ് പോലീസ് ആസ്ഥാനത്ത് എത്തി ചുമതല ഏറ്റെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കാനാണ് പോലീസ് മേധാവിയുടെ കണ്ണൂര്‍ യാത്ര.
മേഖലാതല അവലോകന യോഗമാണ് പോലീസ് മേധാവിയുടെ ആദ്യ ഔദ്യോഗിക പരിപാടി. കൂത്ത് പറമ്പ് വെടിവെപ്പിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പാര്‍ട്ടി നേതൃത്വവും നേതാക്കന്‍മാരും തള്ളിയെങ്കിലും സി.പി.എമ്മിന്റെ കീഴ്ഘടകങ്ങളില്‍ ചൂടേറിയ ചര്‍ച്ചകളാണ് ഇത് സംബന്ധിച്ച് നടക്കുന്നത്.
ഇതിനിടെ കേന്ദ്രഇന്റലിജന്‍സ് ബ്യൂറോയുടെ സ്പെഷ്യല്‍ ഡയറക്ടറും കല്‍ക്കത്ത സ്വദേശിയുമായ രവാഡ കേന്ദ്ര- സംസ്ഥാനങ്ങള്‍ക്കിടയിലെ ഒരു ഹൗറ പാലമാകാനും ഇടയുണ്ടെന്നുള്ള ആരോപണങ്ങളും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
കൂത്ത് പറമ്പ് വെടിപ്പെ് സംബന്ധിച്ച് പി.ജയരാജന്റെ പരാമര്‍ശങ്ങളെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മുതല്‍ ഇ.പി ജയരാജന്‍ വരെ രംഗത്തിറങ്ങിയിരുന്നു. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളൊന്നും റവാഡയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും കരുതപ്പെടുന്നു.
ഡി.വൈ.എഫ്.ഐ പോലെയുള്ള സംഘടനകള്‍ പഞ്ചപുച്ഛമടക്കിയാണ് റവാഡയെ ന്യയീകരിക്കുന്നത്. താന്‍ ജോലിയുടെ ഭാഗമായാണ് അന്ന് കൂത്ത്പറമ്പ് സംഭവത്തില്‍ പങ്കെടുത്തതെന്ന റവാഡയുടെ വാദം മുഖവിലയ്ക്ക് എടുക്കാമെങ്കിലും അന്ന് പാര്‍ട്ടി അണികള്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ റവാഡയെ കുറ്റക്കാരനായാണ് സി.പി.എം മുദ്രകുത്തിയിരുന്നത്.
അദ്ദേഹത്തെ കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് മാറ്റുകയും പിന്നീട് അവിടെ നിന്നും സസ്പെന്‍ഷനിലാവുകയും ചെയ്തിരുന്നു.
പിന്നീട് റവാഡയുടെ ബന്ധുക്കള്‍ അന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന സീതാറാം യെച്ചൂരിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമാണ് റവാഡയെ നിയമിക്കാന്‍ സി.പി.എം തയ്യാറായത്. പിന്നീട് 2009 വരെ റവാഡ കേരളത്തില്‍ തുടര്‍ന്ന ശേഷമാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയത്.
കേന്ദ്രം തിരിച്ചു നല്‍കിയ പട്ടികയിലെ ഒന്നാമനായ നിതിന്‍ അഗര്‍വാളിനെ ഡി.ജി.പിയാക്കാത്തതിന് പിന്നിലും ചില രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു.
ബി.എസ്.എഫ് മേധാവിയായിരിക്കുന്ന സമയത്ത് കേന്ദ്രവുമായി ഉടക്കിയെന്നും അവര്‍ക്ക് താല്‍പര്യമില്ലാത്ത വ്യക്തിയായതിനാല്‍ തന്നെ അദ്ദേഹത്തെ ഡി.ജി.പിയാക്കാന്‍ സംസ്ഥാനം വിമുഖത പ്രകടിപ്പിച്ചുവെന്നുമാണ് കോണ്‍ഗ്രസ് ആരോപണമുയര്‍ത്തുന്നത്.
നിതിന് പകരം കേന്ദ്ര സര്‍ക്കാരിന് കൂടി പ്രിയങ്കരനായ റവാഡയെ സംസ്ഥാനത്ത് ഡി.ജി.പിയായി നിയമിച്ചതിന് പിന്നിലും സി.പി.എം - ബി.ജെ.പി ഡീല്‍ മണക്കുന്നുണ്ടെന്നും വാദമുയരുന്നുണ്ട്.
മുമ്പ് ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റ സംസ്ഥാനത്തെ ഒരു സി.പി.എം നേതാവിന്റെ പ്രമാദമായ കേസ് ഒതുക്കുന്നതില്‍ കേന്ദ്രത്തോട് ആശയവിനിമയം നടത്തി അത് സാധ്യമാക്കിയെന്ന ആരോപണം ഇപ്പോഴുമുണ്ട്. നിലവിലെ ഡി.ജി.പിയും കേന്ദ്ര - സംസ്ഥാനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ- ഭരണ പാലമായി വര്‍ത്തിക്കുമെന്ന ആരോപണം നിതിന്‍ അഗര്‍വാളിനെ ഒഴിവാക്കിയതിലൂടെ ശക്തിപ്പെടുകയാണ്.