111 വയസ്സിന്റെ ഓർമ്മകളുമായി കൂവപ്പടിയിൽ ഒരു സർക്കാർ വിദ്യാലയ മുത്തശ്ശി !

വെള്ളിയാഴ്ച നടന്ന വാർഷികാഘോഷപരിപാടികളിൽ വിരമിച്ച അധ്യാപികമാർക്ക് ആദരവും യാത്രയയപ്പും നൽകി

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update

പെരുമ്പാവൂർ: കൂവപ്പടിക്കാരായ പഴമക്കാരുടെ ഓർമ്മകളിലെ 'പെൺപള്ളിക്കൂട'ത്തിന് വെള്ളിയാഴ്ച 111 വയസ്സു പൂർത്തിയായി.

Advertisment

മദ്രാസ് കവലയ്ക്കു സമീപമുള്ള കൂവപ്പടി ഗവണ്മെന്റ് എൽ.പി. സ്‌കൂളിൽ പലകാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥികൾക്ക് ഗൃഹാതുരസ്മരണകളുണർത്തുന്ന അനുഭവമായി മാറി വെള്ളിയാഴ്ച സ്‌കൂളിൽ നടന്ന വാർഷികാഘോഷ പരിപാടികൾ.  


കൂവപ്പടി ഗ്രാമത്തിലെ ആദ്യത്തെ രണ്ടു സർക്കാർ പ്രാഥമിക വിദ്യാലങ്ങളിലൊന്നാണ് ഈ സ്‌കൂൾ. 1914-ൽ സ്ഥാപിതമായതാണ്. അന്ന് പെൺപള്ളിക്കൂടം എന്നാണറിയപ്പെട്ടിരുന്നത്.  


പെരുമ്പാവൂർ വിദ്യാഭ്യാസ ഉപജില്ലയിൽ, ആദ്യം സ്‌കൂൾ ആരംഭിച്ചത് കൂവപ്പടി ഗ്രാമപഞ്ചായത്തോഫീസിനു സമീപത്തെ കെട്ടിടത്തിലായിരുന്നു. മദ്രാസ് കവലയ്ക്കു സമീപം ഒരേക്കർ അമ്പതു സെന്റു സ്ഥലത്ത് ഇന്ന് സ്‌കൂളിരിയ്ക്കുന്നയിടത്ത് പണ്ട് പ്രവർത്തിക്കച്ചേരി (വില്ലേജ് ഓഫീസ്) യായിരുന്നു. 

publive-image

കൂവപ്പടിക്കാരനായ എം.എ. കൃഷ്ണയ്യർ എന്ന ക്രാന്തദർശിയായ പൗരപ്രമുഖൻ സൗജന്യമായി നൽകിയതാണ് സ്‌കൂളിനുള്ള സ്ഥലം. ഒന്നു മുതൽ അഞ്ചുവരെ ക്‌ളാസ്സുകളിലായി ഏതാണ്ട് നാനൂറോളം കുഞ്ഞുങ്ങൾ 80 അടിയുള്ള കെട്ടിടത്തിൽ രാവിലെ പത്തു മുതൽ നാലുവരെ തിങ്ങിഞെരുങ്ങിയിരുന്നായിരുന്നു പഠനം. 


95 വിദ്യാർത്ഥികൾ അഞ്ചാം ക്‌ളാസിൽ മാത്രം. കെട്ടിടത്തിന്റെ ഒരറ്റത്ത് 20 അടി ചതുരത്തിൽ ഒരു മുറി മാത്രം ഇട തിരിച്ചിരുന്നു. അതിലായിരുന്നു അഞ്ചാം ക്ലാസ്സ്. ഒരു സ്ക്രീൻവച്ച് തിരിച്ച ഓഫീസ് മുറിയും. ബാക്കിയുണ്ടായിരുന്ന 60 അടി നീളത്തിലുള്ള സ്ഥലത്ത് ഒന്നു മുതൽ നാലുവരെ ക്‌ളാസ്സുകൾ. 


ഒരു മറ പോലുമില്ലാതെയായിരുന്നു പല ഡിവിഷനുകളും. തുടക്കത്തിൽ അന്നുണ്ടായിരുന്ന 9  അദ്ധ്യാപകരുടെ ആത്മാർത്ഥവും നിസ്വാർത്ഥവുമായ  അർപ്പണമനോഭാവത്തിൽ നിന്നും വളർച്ചപ്രാപിച്ച വിദ്യാലയത്തെ ഓർത്തെടുക്കുകയാണ് 1958-ൽ ഇവിടെ അധ്യാപകനായെത്തിയ, ഇപ്പോൾ 91വയസുള്ള സി. കുമാരൻ സാർ.

publive-image

ഏഴ് അധ്യാപകരാണ് ആദ്യഘട്ടത്തിൽ ജോലി ചെയ്തിരുന്നത്. രാശാ സാർ എന്നു വിളിച്ചിരുന്ന അപ്പാദുരൈ അയ്യരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. കെ. നീലകണ്ഠപ്പിള്ള, എം.വി. പൈലി, സി.ജെ. ഏലിയാമ്മ, എം.ജെ. മാത്യു, എം. ആർ. തങ്കമ്മ, ഇ. റോസ് ഇവരായിരുന്നു സ്കൂളിനെ നയിച്ചിരുന്നത്. 

പിന്നീടുവന്നവരാണ് പി. പി. മത്തായിയും സി. കുമാരനും. പനമ്പു തട്ടിക ഉപയോഗിച്ച് മറയുണ്ടാക്കി ക്‌ളാസ്സ് മുറികൾ തിരിച്ചത് ആ കാലഘട്ടത്തിലാണ്. ദരിദ്രജനവിഭാഗങ്ങളുടെ കുട്ടികളായിരുന്നു ഭൂരിഭാഗവും. 


ജോലി പൂർത്തിയാക്കി നാലുമണിയ്ക്കുശേഷം കുട്ടികളുടെ ഉച്ചക്കഞ്ഞിയ്ക്കായി വീടുകൾ തോറും കയറി അധ്യാപകർ പിരിവെടുത്തതും മറ്റും ഓർത്തെടുക്കുകയാണ് പഴയ തലമുറ. 


പനമ്പിന്റെ മറയിൽ തീർത്ത് ശൗചാലയം അങ്ങനെ പരാധീനതകളുടെ കാലം പലതും താണ്ടിയാണ് കാലം കടന്നു പോയത്. ശാസ്ത്രീയമായ പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പാഠ്യപ്രവർത്തനങ്ങളാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. 

ഇംഗ്ലീഷ്, മലയാളം മീഡിയം, കുട്ടികൾക്കായുള്ള പാർക്ക്, കമ്പ്യൂട്ടർ വിദ്യാഭ്യാസം എന്നിവ അനുബന്ധമായുണ്ട്. വെള്ളിയാഴ്ച  വാർഷികാഘോഷത്തോടനുബന്ധിച്ച് വിരമിച്ച അധ്യാപകരായ ബിന്ദു വി.കെ, ശോഭ ടി., എന്നിവർക്ക് യാത്രയയപ്പും നൽകി.  

publive-image

കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.പി. ജോസ് സ്വാഗതം പറഞ്ഞു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ വിരമിച്ച അധ്യാപകരെ ആദരിച്ചു.  

s

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്ത്കുമാർ, കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ഒ. ജോസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.കെ. ബിജിമോൾ, പി.ടി.എ. പ്രസിഡന്റ് പി.എസ്. അനൂപ്, എം.പി.ടി.എ. പ്രസിഡന്റ് രഞ്ജിനി സി.എൻ., സ്കൂൾ ലീഡർ ആദിദേവ് എം.എസ്., ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് 'തരംഗം-2025' എന്ന പേരിൽ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Advertisment