Advertisment

ഭാരവാഹനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടി എം.സി. റോഡ്, അപകടങ്ങളും വര്‍ധിക്കുന്നു. ആറുവരി പാത വികസനം എന്നുവരും?.

New Update
2373653-untitled-1

കോട്ടയം: ഭാരവാഹനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടി എം.സി. റോഡ്, അപകടങ്ങളും വര്‍ധിക്കുന്നു.. സന്ധ്യ മയങ്ങിയാല്‍ എം.സി. റോഡിലും  നിരന്നു തുടങ്ങുന്ന തടിലോറികള്‍, കണ്ടെയ്നർ ലോറികൾ, അന്തർ സംസ്ഥാന ബസുകൾ  ചെറു വാഹനങ്ങളിലെ യാത്രക്കാര്‍ക്കു ഭീഷണിയാണ്. തടി ലോറികളാണ് കൂടുതലും അപകടം ഉണ്ടാക്കുന്നത്.

Advertisment

മൂവാറ്റുപുഴ, പെരുമ്പാവൂര്‍ മേഖലകളിലെ മില്ലുകളിലേക്കു റബര്‍ തടിയുമായി പോകുന്ന ലോറികളാണ് ഇവയില്‍ ഏറെയും. 
കന്യാകുമാരി മുതലുള്ള ലോറികളാണ് ഇത്തരത്തില്‍  എത്തുന്നത്. 


രാത്രി പത്തു കഴിയുന്നതോടെ ലോറികളുടെ തിരക്കേറും. പുറത്തേയ്ക്കു തള്ളി നില്‍ക്കുന്ന വിധത്തില്‍ ക്രമരഹിതമായി അടുക്കി കോല്‍ത്തടികളുമായി പോകുന്ന ലോറികളാണു യാത്രക്കാരെ ഏറെ ഭയപ്പെടുത്തുന്നത്.


എല്ലാ മാനദണ്ഡവും ലംഘിച്ചാണ് പല ലോറികളിലും തടി അടുക്കുന്നത്. അനുവദനീയമായതിലും ഭാരം മിക്ക ലോറികളിലുമുണ്ടാകും. തടി അടുക്കുന്നതിലെ അപാകം മൂലം ചില ലോറികള്‍ ചരിഞ്ഞാണ് പോകുന്നത്. പരിചിതരായ തൊഴിലാളികളല്ല തടി അടുക്കുകയും കെട്ടുകയും ചെയ്യുന്നതെങ്കിലും അപകടത്തിനു സാധ്യതയേറെ.

 കയറുകള്‍ വാഹനത്തിന്റെ അരികുകളില്‍ ഉരഞ്ഞു പൊട്ടാനുള്ള സാധ്യതയുള്ളതിനാല്‍ ഇടയ്ക്കിടെ നിര്‍ത്തി പരിശോധിക്കണമെന്നു നിര്‍ദേശിക്കാറുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. വലിയ ഉയരത്തില്‍ തടികള്‍ കയറ്റി എത്തുന്ന ലോറികള്‍ പിന്നിലുള്ള വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതും ആകിസില്‍ ഒടിഞ്ഞും ടയറുകള്‍ പൊട്ടിയും വഴിമധ്യത്തില്‍ കിടക്കുന്നതും അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്.


ഡ്രൈവര്‍മാര്‍ വിശ്രമത്തിനും ഭക്ഷണം കഴിക്കാനും ലോറികള്‍ വഴിയരുകില്‍ അശ്രദ്ധമായി പാര്‍ക്ക് ചെയ്യുന്നതും ചെറു വാഹനങ്ങള്‍ക്കു ഭീഷണിയാണ്. തിരക്കുള്ള സ്ഥലങ്ങളില്‍ പോലും ഇത്തരത്തില്‍  ലോറികള്‍ നിര്‍ത്തിയിടുന്നതു കോട്ടയത്തിനും -ഏറ്റുമാനൂരിനുമിടയില്‍ പലപ്പോഴും രാത്രി അപകടങ്ങള്‍ക്കു കാരണമാകാറുണ്ട്.


അതേസമയം, എം.സി. റോഡ് ആറുവരി പ്രഖ്യാപനം നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേഗത കൊണ്ടു വരണമെന്ന ആവശ്യവും ശക്തമാണ്.  240 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എം.സി. റോഡ് ആറു വരിപ്പാതയാക്കി വികസിപ്പിക്കാന്‍ ഭരണാനുമതി ഈ മാസം ലഭിച്ചിരുന്നു.

 കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു റോഡിന്റെ നവീകരണം ലക്ഷ്യമിടുന്നത്. അങ്കമാലി -കോട്ടയം -തിരുവനന്തപുരം പാതയുടെ വികസനം മധ്യകേരളത്തിന്റെ മുഖഛായമാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാധ്യതാപഠനത്തിനും വിശദപദ്ധതിരേഖയ്ക്കും ട്രാഫിക് സര്‍വേയ്ക്കുമായി മരാമത്ത് ഡിസൈന്‍ വിഭാഗത്തെ 2022 ല്‍ ചുമതലപ്പെടുത്തിയിരുന്നു. പദ്ധതി നര്‍മാണത്തിന് വേഗത കൊണ്ടുവരണമെന്നാണ് ആവശ്യം.

Advertisment