Advertisment

എല്‍.ഡി.എഫിലെ രാജ്യസഭാ സീറ്റ് ചര്‍ച്ച മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം. ജോസ് കെ. മാണി സി.പി.എമ്മിന്റെ അരക്കില്ലത്തില്‍ കിടന്നു വെന്തുരുകാതെ യു.ഡി.എഫിലേക്കു തിരിച്ചുവരണമെന്നു കോണ്‍ഗ്രസ് മുഖപത്രം. പിന്നാലെ വീക്ഷണത്തെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫും.

New Update
1600x960_1260989-fedf.jpg

കോട്ടയം: എല്‍.ഡി.ഫില്‍ രാജ്യസഭാ സീറ്റിനൊച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കിടെ കേരളാ കോണ്‍ഗ്രസ് എമ്മിനെ തിരികെ യു.ഡി.എഫിലേക്കു ക്ഷണിച്ചു കോണ്‍ഗ്രസ് മുഖപത്രം, പിന്നാലെ പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ്. പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണത്തിന്റെ എഡിറ്റോറിയലിലാണു ജോസ് കെ. മാണിയെ പരസ്യമായി യു.ഡി.എഫിലേക്കു ക്ഷണിച്ചിരിക്കുന്നത്.

Advertisment

എതിരാളികള്‍ മനസില്‍ കാണുന്നതു മാനത്ത് കാണുന്ന അതീവ കൗശലക്കാരനായ രാഷ്ട്രീയക്കാരനായിരുന്നു കെ.എം. മാണിയെന്നും അത്തരമൊരു മനസോ കൗശലമോ ഇല്ലാത്ത ജോസ് കെ.മാണി സി.പിഎമ്മിന്റെ അരക്കില്ലത്തില്‍ കിടന്നു വെന്തുരുകാതെ യു.ഡി.എഫിലേക്കു തിരിച്ചുവരുന്നതാണു നല്ലതെന്നാണു വീക്ഷണം എഡിറ്റോറിയല്‍ പറയുന്നത്.

ജൂലൈ ഒന്നിനാണു സി.പി.എം. നേതാവ് എളമരം കരീം, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാ കാലാവധി തീരുന്നത്. ഇടതുമുന്നണിയുടെ മൂന്നുപേര്‍ ഒഴിയുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍, എം.എല്‍.എ.മാരുടെ എണ്ണമനുസരിച്ചു രണ്ടുപേരെയേ മുന്നണിക്ക് ജയിപ്പിക്കാനാവൂ. സി.പി.ഐ.യുടെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ ഒഴിയുന്ന സീറ്റ് വീണ്ടും നിലനിര്‍ത്തേണ്ടതു രണ്ടുപാര്‍ട്ടികളുടെയും ആവശ്യമാണ്.

അതേസമയം, മൂന്നു സീറ്റില്‍ ഒന്നു തങ്ങളുടേതാണെന്നും അതില്‍ വിട്ടുവീഴ്ച വേണ്ടെന്നുമുള്ള നിലപാടാണു സി.പി.ഐ സ്വീകരിച്ചതോടെയാണു രണ്ടാമത്തെ സീറ്റ് ആര്‍ക്കു നല്‍കും എന്നതു സംബന്ധച്ചുള്ള ചര്‍ച്ചകള്‍ ഇടതു മുന്നണിയില്‍ നടക്കുന്നത്. ഇതു മുതലെടുത്താണു കോണ്‍ഗ്രസ് മുഖപത്രം പരസ്യമായി കേരളാ കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്കു തിരികെ ക്ഷണിച്ചത്. 

രണ്ടു സീറ്റില്‍ ഒന്നു തങ്ങള്‍ക്കാണെന്നും വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ സംബന്ധിച്ചടുത്തോളം രാജ്യസഭാ സീറ്റ് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ജോസ് കെ.മാണിയുടെ കാലാവധി തീരുന്ന സാഹചര്യത്തില്‍ ഒഴിവു വരുന്ന സീറ്റിലേക്കു ജോസ് കെ.മാണിയെ തന്നെ പരിഗണിക്കണമെന്നാണു കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. സി.പി.ഐയും ഇതേ ആവശ്യവുമായി ശക്തമായ സന്മര്‍ദം തുടരുന്ന സാഹചര്യത്തില്‍ സി.പി.എം.

വിട്ടുവീഴ്ചയ്ക്കു തയാറായാല്‍ പ്രശ്‌ന പരിഹാരത്തിനു വഴിയൊരുങ്ങുമെന്നാണു കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മറ്റി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ഇടതു മുന്നണിയുടെ ഭരണത്തുടര്‍ച്ചയ്ക്കു വഴിയൊരുക്കിയതു കേരള കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിന്റെ ഭാഗമായതിനാലാണെന്നു ചെയര്‍മാന്‍ ജോസ്.കെ.മാണി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് യു.ഡി.എഫിലേക്കു തിരികെ ക്ഷണിച്ചുകൊണ്ടുള്ള വീക്ഷണത്തിന്റെ മുഖപത്രം പുറത്തു വന്നത്.

അതേസമയം വീക്ഷണം മുഖപ്രസംഗം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തു വന്നു. ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിലേക്കു സ്വാഗതം ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു വി.ഡി. സതീശന്‍ പറഞ്ഞു.

യു.ഡി.എഫ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നു കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എയും പറഞ്ഞു. പുതിയ കക്ഷികള്‍ മുന്നണിയിലേക്കു വരുന്നെങ്കില്‍ അവര്‍ ആദ്യം അഭിപ്രായം പറയട്ടെ. കേരള കോണ്‍ഗ്രസിനു വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട്. ഇതു മുന്നണിയില്‍ വ്യക്തമാക്കുമെന്നും മോന്‍സ് ജോസഫ് പ്രതികരിച്ചു.

Advertisment