കോട്ടയം: നഗര, ഗ്രാമവ്യത്യാസമില്ലാതെ വിലസി തെരുവുനായകള്‍, വെറുതേ നടന്നു പോകുന്നവര്‍ക്കു പോലും കിടയേല്‍ക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പലരും ഓരോ ദിവസവും ഭയന്നാണു വീടുകളില്‍ നിന്നു പുറത്തേയ്ക്കിറങ്ങുന്നത്. ബൈക്ക് യാത്രികരെയും തെരുവുനായകള്‍ പിന്നാലെ എത്തി ആക്രമണിക്കുന്നതു പതിവാണ്. ഇത്തരത്തില്‍ നായകള്‍ പിന്തുടരുന്നതു പലപ്പോഴും അപകടങ്ങള്‍ക്കും വഴിവെക്കുന്നു.
നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ആളു കൂടുന്ന സ്ഥലങ്ങളിലെല്ലാം തെരുവുനായ ശല്യം വര്‍ധിച്ചിരിക്കുകയാണ്. തെരുവുനായ വന്ധ്യംകരണം ഊര്‍ജിതമാണെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും എണ്ണം കുറയുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.
മാലിന്യം തള്ളല്‍ വര്‍ധിച്ചതും സംസ്‌കരണം പാളിയതും തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. ആവശ്യത്തിലേറെ തീറ്റ ലഭിക്കുന്നതിനാല്‍ മിക്ക മാര്‍ക്കറ്റുകളോട് ചേര്‍ന്നും തെരുവുനായകള്‍ പെറ്റുപെരുകുകയാണ്. ഒരു ലക്ഷം ജനസംഖ്യയുള്ള പ്രദേശത്ത് കുറഞ്ഞത് 3500 തെരുവു നായ്ക്കളുണ്ടാകുമെന്നാണു പുതിയ കണക്ക്.
കോട്ടയം നഗരത്തില്‍ എത്തിയാല്‍ കടി ഉറപ്പ്
കോട്ടയത്ത് മാര്‍ക്കറ്റ്, ടി.ബി. റോഡ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, നാഗമ്പടം സ്റ്റാന്‍ഡ്, നാഗമ്പടം മേല്‍പ്പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ ശല്യമേറെ. തിരുനക്കരയുടെ പല ഭാഗങ്ങളിലും വൈകുന്നേരങ്ങളില്‍ തെരുവുനായ കൂട്ടം ഭീഷണിയാകുന്നതായി ജനങ്ങള്‍ പറയുന്നു.
തിരുവാതുക്കല്‍, കാരാപ്പുഴ മേഖലകളിലും തെരുവുനായ ശല്യംമൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. കെ.കെ. റോഡില്‍ കഞ്ഞിക്കുഴി, മണര്‍കാട് ഭാഗങ്ങളിലും തെരുവുനായ ശല്യം വര്‍ധിച്ചിരിക്കുകയാണ്.
ദേശീയപാതയിലെ വെള്ളൂര്‍ ഏഴാം മൈല്‍ ജങ്ഷനില്‍ പകല്‍ലോ, രാത്രിയൊ വ്യത്യാസമില്ലാതെ തെരുവ് നായ കൂട്ടത്തിന്റെ ശല്യം വര്‍ധിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ പുറത്തിറങ്ങാന്‍ മടിക്കുന്ന പാലാ
പാലാ നഗരത്തില്‍ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ വിദ്യാര്‍ഥികള്‍ പോലും പുറത്തിറങ്ങാന്‍ മടിക്കുകയാണ്. പലരും ആക്രമണത്തില്‍ നിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെടുന്നത്.
തെരുവു നായ്ക്കളുടെ ശല്യം ഏറിയതോടെ രക്ഷിതാക്കള്‍ കുട്ടികളെ ഒറ്റയ്ക്കു സ്‌കൂളില്‍ വിടനും തയാറല്ല. പരാതി പറഞ്ഞിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇരുചക്ര വാഹനങ്ങളുടെ പിന്നാലെ നായ്ക്കള്‍ ഓടുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.
രാത്രിയിലും പകലുമെല്ലാം പ്രധാന റോഡുകളില്‍ നായ്ക്കള്‍ അലഞ്ഞു തിരിയുകയാണ്. രാത്രി കാലങ്ങളില്‍ ബസുകളില്‍ നഗരത്തിലെത്തി ടൗണിലൂടെ നടന്നു പോകുന്നവരും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നു.
ടൗണ്‍ ബസ് സ്റ്റാന്‍ഡ്, റിവര്‍വ്യൂ റോഡ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, ടിബി റോഡ്, ചെത്തിമറ്റം തുടങ്ങിയ ഇടങ്ങളിലെല്ലാം നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ വരെ തെരുവ് നായ്ക്കള്‍ താവളമാക്കിയിരിക്കുകയാണ്.
ബസ് കാത്തുനില്‍ക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കു കയറാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. നായ്ക്കള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പിന്നാലെ എത്തുന്നതും പതിവാണ്.
കടിയില്‍ റെക്കോര്‍ഡ്
തെരുവുനായ നിയന്ത്രണവും വളര്‍ത്തുനായകള്‍ക്കുള്ള കുത്തിവയ്പ്പുമൊക്കെ മുറ പോലെ തുടരുമ്പോഴും നായ കടി ഏല്‍ക്കുന്നവരുടെ എണ്ണത്തില്‍ മാത്രം യാതൊരു കുറവുമില്ല. ഓരോ മാസവും ജില്ലയില്‍ നായ കടി ഏല്‍ക്കുന്നത് രണ്ടായിരത്തോളം പേര്‍ക്ക്. അഞ്ചു മാസത്തിനിടെ പതിനേഴായിരത്തോളം പേരാണ് നായ കടിയേറ്റു ചികിത്സ തേടിയത്.
ഇതിനിടെ അക്രമകാരികളായ പകുതിയിലേറെ നായ്ക്കള്‍ക്കും പേവിഷ ബാധയാണെന്ന കണ്ടെത്തലും ആശങ്ക ഉണര്‍ത്തുന്നു. ഈ വര്‍ഷം നായ കടിയേറ്റവരുടെ എണ്ണം പതിനേഴായിരം കടന്നു.
ജനുവരി -2056, ഫെബ്രുവരി -1949, മാര്‍ച്ച് -1950, ഏപ്രില്‍ -1922, മേയ് 1902, ജൂണ്‍ 1998, ജൂലൈ 1778, ഓഗസ്റ്റ് 1955, സെപ്റ്റംബര്‍ 1828,ഒക്‌ടോബര്‍ 1784 എന്നിങ്ങനെയാണു നായ കടിയേറ്റു ചികിത്സ തേടിയവരുടെ എണ്ണം.
നായകളില്‍ പേവിഷ ബാധ വ്യാപകം
മുന്‍പ് പേ വിഷബാധയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലും താഴെയായിരുന്നെങ്കില്‍ ഇപ്പോഴത് 50 ശതമാനത്തിന് മുകളിലാണെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ അനൗദ്യോഗിക കണക്ക്.
ജില്ലയില്‍ നാലു വര്‍ഷത്തിനിടെ രണ്ടു പേര്‍ പേ വിഷബാധയേറ്റു മരിച്ചു.
വന്ധ്യംകരണം സജീവമാണെന്ന് പറയുമ്പോഴും ജില്ലയില്‍ തെരുവുനായകളുടെ എണ്ണം അഞ്ച് ഇരട്ടിയിലേറെ വര്‍ധിച്ചതായാണ് കണക്ക്.
കുറുനരികള്‍, പേ വിഷം ബാധിച്ച നായകള്‍ എന്നിവയുടെ കടിയേറ്റാണ് തെരുവുനായ്ക്കളില്‍ പേ വിഷം വ്യാപിക്കുന്നത്. മുമ്പ് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മാത്രം ഒതുങ്ങിയിരുന്ന കുറുനരി ശല്യം ഇപ്പോള്‍ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിച്ചു.
2020ന് മുന്‍പ് ആയിരത്തില്‍ 10 എന്ന തോതിലായിരുന്നു പേ വിഷം ബാധിതിച്ചതോ വാഹകരോ ആയ നായ്ക്കള്‍. എന്നാല്‍ ഇപ്പോഴത് നൂറില്‍ 10 എന്നായി.