ചങ്ങനാശേരി: അതിരൂപതാ വൈദികഗണത്തില്‍നിന്നുള്ള മൂന്നാമത്തെ കര്‍ദ്ദിനാളാകാന്‍ മോണ്‍. ജോര്‍ജ് കൂവക്കാട്. സീറോമലബാര്‍സഭയുടെ മുന്‍ മേജര്‍ ആര്‍ച്ചുബിഷപ്പുമാരായ മാര്‍ ആന്റണി പടിയറ, മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരാണ് മറ്റുരണ്ടുപേര്‍. മോണ്‍ ജോര്‍ജ് കൂവക്കാട്ട് എത്തുക കത്തോലിക്കാ സഭയിലെ ഉന്നതപദവിയിലേക്ക്.
മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം ഡിസംബര്‍ ഏഴിനു വത്തിക്കാനില്‍. ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനു സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ ജോര്‍ജ് കൂവക്കാടിനെ മറ്റ് ഇരുപതു പേരൊടൊപ്പം കര്‍ദിനാളായി നിയമിക്കും.
സഭയിലെ വളരെ ഉന്നതമായ പദവിയാണ് കര്‍ദിനാള്‍ സ്ഥാനം. മാര്‍പ്പാപ്പായെ തന്റെ ദൗത്യത്തില്‍ സഹായിക്കുക എന്നതാണു കര്‍ദ്ദിനാള്‍ പദവിയുടെ പ്രധാനകര്‍ത്തവ്യം. നിലവില്‍ കത്തോലക്കാ സഭയില്‍233 കര്‍ദിനാള്‍മാരാണുള്ളത്.
മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരുകൂടി കര്‍ദിനാള്‍സ്ഥാനത്തേക്കു നിയമിക്കപ്പെടുന്നതോടുകൂടി എണ്ണം 254 ആയി ഉയരും. എന്നാല്‍, മാര്‍പാപ്പായെ തെരഞ്ഞെടുക്കാന്‍ യോഗ്യതയുള്ള കര്‍ദിനാള്‍മാരുടെ എണ്ണം 120 ആയി നിജപ്പെടുത്തിയിരിക്കുന്നു. മാര്‍ കൂവക്കാട് ഇതില്‍ ഉള്‍പ്പെടും.
മാമ്മൂട് ലൂര്‍ദ് മാതാ ഇടവക കൂവക്കാട് ജേക്കബ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1973 ഓഗസ്റ്റ് 11നാണ് മാര്‍ കൂവക്കാടിന്റെ ജനനം.
കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരി, ആലുവ സെന്റ്് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി, റോമിലെ സദസ് സപ്പിയന്‍സിയേ കോളജ് എന്നിവിടങ്ങളില്‍ വൈദികപഠനം പൂര്‍ത്തിയാക്കി, 2004 ജൂലൈ 24 ന് മാര്‍ ജോസഫ് പവ്വത്തില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.
എസ്.ബി കോളജില്‍ നിന്ന് കെമിസ്ട്രിയില്‍ ബി.എസ്.സി ബിരുദവും റോമിലെ സാന്താ ക്രോച്ചേ യൂണിവേഴിസിറ്റി യില്‍നിന്ന് കാനന്‍ലോയില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍ അസി. വികാരിയായി ശുശ്രൂഷ ചെയ്തു. തുടര്‍ന്ന് 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്രകാര്യാലയത്തില്‍ ജോലി ചെയ്തുവരുന്നു.
അള്‍ജീരിയ, സൗത്ത് കൊറിയ, ഇറാന്‍, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളിലെ നയതന്ത്ര ശുശ്രൂഷകള്‍ക്കുശേഷം 2020 മുതല്‍ ഫ്രാന്‍സിസ് പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലയുള്ള സ്റ്റേറ്റ് നയതന്ത്ര ഉദ്യോഗസ്ഥനായി ശുശ്രൂഷ നിര്‍വഹിച്ചു വരവെയാണ് പുതിയ നിയമനം.
നിയുക്ത കര്‍ദിനാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെ നിസിബിസ് കല്‍ദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി ഒക്ടോബര്‍ 25ന് പ്രഖ്യാപിച്ചിരുന്നു.
എഡി 300-ല്‍ സ്ഥാപിതമായതാണ് പൗരസ്ത്യ സുറിയാനി സഭയിലെ നിസിബിസ് അതിരൂപത. തുര്‍ക്കിയുടെയും സിറിയയുടെയും അതിര്‍ത്തിയിലാണ് ആധുനിക നിസിബിസ് പട്ടണം സ്ഥിതി ചെയ്യുന്നത്.