ചങ്ങനാശേരി: മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേകം ഇന്ന്. ഉച്ചകഴിഞ്ഞു രണ്ടിനു മെത്രാപ്പോലീത്തന്‍ പള്ളിക്കുള്ളിലാണു സ്ഥാനാഭിഷേക ചടങ്ങുകള്‍. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികനാകും. മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ചുബിഷപ് മോസ്റ്റ് റവ.ഡോ. എഡ്ഗര്‍ പഞ്ഞ പാര്‍റ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
മെത്രാന്‍മാരും വൈദികരും അണിനിരക്കുന്ന പ്രദക്ഷിണം കൊച്ചുപള്ളിയില്‍ നിന്നാരംഭിച്ചു മെത്രാപ്പോലിത്തന്‍പള്ളിയില്‍ എത്തുന്നതോടെ അഭിഷേക ചടങ്ങൂകള്‍ക്കു തുടക്കമാകും. അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയിൽ സ്വാഗതം ആശംസിക്കും.
അഭിഷേക ചടങ്ങുകള്‍ക്കു പിന്നാലെ മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന കുര്‍ബാനമധ്യേ സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് വചനസന്ദേശം നല്‍കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ് റവ. ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ, മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, ഫാ. തോമസ് കല്ലുകളം, മാര്‍ ജോര്‍ജ് കൂവക്കാട് എന്നിവര്‍ പ്രസംഗിക്കും.
ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള കര്‍ദിനാളന്മാര്‍, മെത്രാന്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കേന്ദ്ര-സംസ്ഥാന ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നും വൈദികര്‍, സന്യസ്തര്‍, അല്‍മായര്‍ എന്നിവരടങ്ങുന്ന 4000-ല്‍ അധികം പ്രതിനിധികള്‍ സ്ഥാനാഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കും.
മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം ഡിസംബര്‍ ഏഴിനു വത്തിക്കാനില്‍. ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനു സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ ജോര്‍ജ് കൂവക്കാടിനെ മറ്റ് ഇരുപതു പേരൊടൊപ്പം കര്‍ദിനാളായി നിയമിക്കും.
മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാകും സ്ഥാനാരോഹണ കര്‍മങ്ങള്‍.കര്‍ദിനാളായി സ്ഥാനമേല്‍ക്കുന്ന മാര്‍ ജോര്‍ജ് കൂവക്കാടിന് മാതൃരൂപതയായ ചങ്ങനാശേരി അതിരൂപതയുടെ സ്വീകരണം ഡിസംബര്‍ 21 നല്‍കും.