കോട്ടയം: തകര്‍ന്നടിഞ്ഞു റബര്‍ വില.. പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍ വീണ്ടും രംഗത്ത്. വിപണയില്‍ നിന്നു ടയര്‍ കമ്പനികള്‍ വിട്ടു നില്‍ക്കുന്നതോടെ റബര്‍ വില വലയ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ആര്‍.എസ്.എസ്.5ന് 170 രൂപ പോലും കിട്ടാത്ത അവസ്ഥയിലേക്ക് എത്തിയെന്നു കര്‍ഷകര്‍ പറയുന്നു.
ആര്‍.എസ്.എസ് 5ന് 176 രൂപയും ആര്‍.എസ്.എസ്. 4ന് 180 രൂപയുമാണ് വില. കഴിഞ്ഞ ഓഗസ്റ്റില്‍ കിലോയ്ക്ക് 250 രൂപ എന്ന എക്കാലത്തെയും ഉയരത്തിലെത്തിയ ആര്‍എസ്എസ്4നാണു വില മൂന്നുമാസം പിന്നിടുമ്പോഴേക്കും താങ്ങുവിലയിലേക്കു താഴ്ന്നത്. ഇതിനോടകം പില ഇടത്തരം തോട്ടങ്ങളിലും ഇതിനോടകം ടാപ്പിങ് അവസാനിപ്പിച്ചു.
ഉയര്‍ന്ന ടാപ്പിങ് കൂലി നല്‍കി കൃഷി തുടര്‍ന്നാല്‍ നഷ്ടങ്ങളുടെ കണക്കുമാത്രമേ ബാക്കിയുണ്ടാകൂ എന്നും കര്‍ഷകര്‍ പറയുന്നു.
ഉല്‍പാദന ചിലവ് കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലാണെന്നിരിക്കേയുള്ള ഈ വിലത്തകര്‍ച്ച കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ്.
വിപണിവില 180 രൂപയ്ക്ക് താഴെയായാല്‍, താങ്ങുവിലയും വിപണിവിലയും തമ്മിലെ അന്തരം കര്‍ഷകര്‍ക്കു വിലസ്ഥിരതാ പദ്ധതിപ്രകാരം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കണം. താങ്ങുവില കൂട്ടണമെന്ന ആവശ്യവും ഏറെക്കാലമായി കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.
അതേ സമയം വിലതകര്‍ച്ചയേ തുടര്‍ന്നു പ്രതിഷേധ സമരങ്ങള്‍ക്കൊരുങ്ങുകയാണു കര്‍ഷക സംഘടനകള്‍. കൃത്രിമമായി റബറിന്റെ വിലയിടിക്കുന്ന കോര്‍പറേറ്റുകള്‍ക്കും അവരെ പിന്തുണയ്ക്കുന്ന കേന്ദ്രസര്‍ക്കാരിനുമെതിരെ കേരള കര്‍ഷകസംഘത്തിൻ്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കും. കോട്ടയത്തെ റബര്‍ ബോര്‍ഡ് ഓഫീസിന് മുമ്പിലും വിവിധ ഏരിയകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പിലും രാവിലെ 10നാണു സമരം.
കഴിഞ്ഞ മൂന്നുമാസത്തിനിടെ വന്‍കിട ടയര്‍ കമ്പനികള്‍ ഇറക്കുമതി ചെയ്തത് രണ്ടര ലക്ഷം ടണ്‍ റബറാണ്. ഇതുമൂലം ആഭ്യന്തര വിപണിയില്‍ വില കുത്തനെ ഇടിഞ്ഞു. ഓഗസ്റ്റില്‍ 250 രൂപവരെ എത്തിയ റബര്‍ വില 180ല്‍ താഴെയായി. കോര്‍പറേറ്റ് കമ്പനികളും കേന്ദ്രസര്‍ക്കാരും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമായാണു വില വീണ്ടും ഇടിഞ്ഞത്.
ഇറക്കുമതി നിയന്ത്രിക്കാന്‍ ഒരു നടപടിയും കേന്ദ്രം സ്വീകരിക്കുന്നില്ല. റബര്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്ന കോര്‍പറേറ്റ് കേന്ദ്രസര്‍ക്കാര്‍ കൂട്ടുകെട്ടിനെതിരെ വിപുലമായ പ്രതിഷേധമുയര്‍ത്തുന്നതിന്റെ ഭാഗമായാണു സമരമെന്നും കര്‍ഷക സംഘടനാ ഭാരവാവികള്‍ പറയുന്നു. പിന്നാലെ മറ്റു കര്‍ഷക സംഘടനകളും പ്രക്ഷോഭ പരിപാടികള്‍ക്കു തയാറെടുക്കകയാണ്.