കോട്ടയം: തുലാവര്‍ഷം ദുര്‍ബലമാകുന്നു ഇക്കുറി വേനലില്‍ വരാനിരിക്കുന്നത് കടുത്ത കുടിവെള്ള ക്ഷാമം?. ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നലെ വരെയായി 501.1 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ പെയ്തതു 417. 6 മില്ലീമീറ്റര്‍ മഴ മാത്രം.
കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം തുലാവര്‍ഷ മഴയില്‍ 17 ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിത ന്യൂനമര്‍ദത്തെത്തുടര്‍ന്നു കാറ്റിന്റെ ദിശയില്‍ മാറ്റമുണ്ടായതു തിരിച്ചടിയായി.
ഇതേത്തുടര്‍ന്നു തിരുവനന്തപുരത്തു മാത്രമാണു ശക്തമായ മഴ ലഭിച്ചത്. തുലാവര്‍ഷം കനിഞ്ഞാല്‍ മാത്രമേ, വേനല്‍ക്കാലം രൂക്ഷമായ കുടിവെള്ളക്ഷാമത്തെ മറികടക്കാനാകൂ. ഡിസംബറിലും മഴ പെയ്യുമെന്നു പ്രവചനമുണ്ടെങ്കിലും വരും ദിവസങ്ങളിലെ മഴയുടെ ശക്തി സംബന്ധിച്ചു വ്യക്തതയില്ല.
ശക്തമായ വേനലിനാണു സാധ്യതയെങ്കിലും ഇടവേളകളില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യതയും നിരീക്ഷകര്‍ പ്രവചിക്കുന്നുണ്ട്. മുന്‍ ദിവസങ്ങളേതിനേക്കാള്‍ പകല്‍ താപനില ഇന്നലെ ഉയരുകയും ചെയ്തു. സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനപ്രകാരം 26നു ശേഷം ഏതാനും ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍ മഴ ലഭിച്ചേക്കും.
ഈ വര്‍ഷം വേനല്‍ ശക്തമായിരുന്നുവെങ്കിലും വേനല്‍ മഴയുടെ അളവില്‍ 87 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നാലെയെത്തിയ കാലവര്‍ഷ മഴയില്‍ 6 ശതമാനം കുറവ് രേഖപ്പെടുത്തി.
മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം തുലാവര്‍ഷ മഴയില്‍ 38 ശതമാനം അധിക മഴ ജില്ലയില്‍ ലഭിച്ചിരുന്നു. ഇനി പെയ്യുന്ന മഴയില്‍ പരമാവധി ജലസംഭരണം നടത്തണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്.