/sathyam/media/media_files/aex6UpjaT01oC7a0Sk51.jpg)
കോട്ടയം: ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റബർ നാലുവരെ 386.19 കോടി രൂപയുടെ വരുമാനം,
പുതു ചരിത്രമെഴുതി സപ്ലൈക്കോ. സപ്ലൈക്കോയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുൽ വരുമാനം ഈ ഓണക്കാല കച്ചവടത്തിൽ നിന്നാണ്.
കഴിഞ്ഞ ഓണത്തിന് 163 കോടി രൂപയായിരുന്നു നേട്ടം. എന്നാൽ, ഓണക്കാലം അവസാനിക്കുന്നതോടെ സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുതെന്നു ജനങ്ങൾ ആവശ്യപ്പെടുന്നു.
മുൻപു സപ്ലൈകോയിൽ സബ്സിഡി ഉൽപ്പന്നങ്ങൾ പോലും ഇല്ലാത്ത അവസ്ഥ പല തവണ ഉണ്ടായി.
ചെറുപയർ, പഞ്ചസാര, മല്ലി, മുളക് എന്നിവ പോലും ഇല്ലാത്ത അവസ്ഥ ജനങ്ങളെ വലച്ചിരുന്നു. കാലി കവറുമായി തിരിച്ചു പോകേണ്ടി വന്നിരുന്നത് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.
പ്രധാനമായും സബ്സിഡി ഉൽപന്നങ്ങൾ വാങ്ങാനാണ് കൂടുതൽ പേരും സപ്ലൈകോ സ്റ്റോറുകളെ ആശ്രയിക്കുന്നത്.
സബ്സിഡി ഉൽപന്നങ്ങൾ സുലഭമായാൽ അവയ്ക്കൊപ്പം മറ്റ് ഉൽപന്നങ്ങളും സപ്ലൈകോയിൽ നിന്നു തന്നെ ആളുകൾ വാങ്ങി തുടങ്ങുമെന്ന് തെളിയിക്കുന്നതാണ് ഈ ഓണക്കാലം തെളിയിക്കുന്നത്.
13 ഇന സബ്സിഡി സാധനങ്ങളിൽ അരിയൊഴികെ മറ്റൊന്നും ഔട്ട്ലെറ്റുകളിൽ ഇല്ല.
സാധനങ്ങൾക്ക് സപ്ലൈകോ സബ്സിഡി നൽകുന്ന തുക സർക്കാർ കൃത്യസമയത്ത് അനുവദിച്ചിരുന്നില്ല. ഇതാണ് മുൻപ് സാധനങ്ങളുടെ ക്ഷാമത്തിന് കാരണമായത്.
വിതരണക്കാർക്ക് കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ അവരും ടെൻഡറിൽ പങ്കെടുക്കാത്ത അവസ്ഥ ഉണ്ടാകും..
ഇതോടെ സാധനങ്ങൾ ഇല്ലെന്ന് അറിയാതെ സപ്ലൈകോയിൽ എത്തുന്ന ഉപഭോക്താക്കൾ കയ്യും വീശി മടങ്ങും. ഇക്കുറി സർക്കാർ മാറി ചിന്തിക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്ക് ള്ളളത്.
വലിയ തലവേദന ആകുമെന്ന് കരുതിയ വെളിച്ചെണ്ണ ഓണക്കാലത്ത് സപ്ലൈകോയെ തുണച്ചത്.
വില 500 കടന്നേക്കുമെന്ന് തോന്നിയപ്പോൾ സർക്കാർ എണ്ണ വ്യാപാരികളുമായും കൊപ്ര ഇടപാടുകാരുമായും സംസാരിച്ച് വില നിയന്ത്രണം ആവശ്യപ്പെട്ടിരുന്നു.
കിലോഗ്രാമിന് 280-290 രൂപ വരെയായിരുന്നു കൊപ്രവില. വൻതോതിൽ ചൈന കൊപ്രവാങ്ങിക്കൂട്ടിയതാണ് ആഗോളതലത്തിൽ എണ്ണവില കൂട്ടിയത്.
പക്ഷേ, ഓഗസ്റ്റ് പാതിയോടെ കൊപ്രവില ഇടിഞ്ഞ് തുടങ്ങിയതോടെ വെളിച്ചെണ്ണവിലയിലും അത് പ്രതിഫലിച്ചു. 529 രൂപയായിരുന്ന കേരഫെഡിന്റെ വെളിച്ചെണ്ണവില 479 -ലേക്ക് താഴ്ത്തി.
മൊത്തവിലയ്ക്ക് ഇവർ സപ്ലൈകോയ്ക് വെളിച്ചെണ്ണ കൊടുത്തു.
ശബരി ബ്രാന്റിന് കൊപ്ര നൽകുന്നവരും വില കുറച്ചതോടെ ശബരി വെളിച്ചെണ്ണവില സപ്ലൈകോ രണ്ടുതവണയാണ് താഴ്ത്തിയത്.
വെളിച്ചെണ്ണ തേടി ജനം സപ്ലൈകോയിലേക്ക് വന്നതോടെ മൊത്തം വിൽപ്പന കുതിച്ചു.
ഒപ്പം കിലോഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോഗ്രാം അരി കൂടി കൊടുക്കാൻ തീരുമാനിച്ചതോടെ സപ്ലൈകോയിൽ ജനത്തിരക്ക് ഇരട്ടിച്ചു.
എന്നാൽ, ഓണത്തിന് ശേഷം സപ്ലൈകോ വീണ്ടും പഴയപടിയാകുമോ എന്നാണ് ജനങ്ങളുടെ ആശങ്ക.