കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ കോട്ടയം ജനത. മരണം കുടുംബസമേതം വേളാങ്കണ്ണി പള്ളിയില്‍ പോയി മടങ്ങും വഴി. ഇന്നലെ രാത്രി വേളാങ്കണ്ണിയിലെ ഹോട്ടലിൽ വച്ച് സൗഹൃദം പങ്കുവച്ച് യാത്ര പറഞ്ഞുപോയ പ്രിൻസ്, പുലർച്ചെയായപ്പോൾ മരിച്ചെന്ന വാർത്ത കേട്ട് ഞെട്ടി ജോസ് കെ മാണി. കേരളാ കോൺഗ്രസ്‌ രാഷ്ട്രീയത്തിലെ യുവരക്തം പ്രിൻസ് വിടവാങ്ങുമ്പോൾ..

കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിന്‍സ് ലൂക്കോസ്.

New Update
photos(192)

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന പ്രസിഡന്റ്റും പിന്നീട് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗവുമായി മധ്യകേരളത്തിലെ രാഷ്ട്രീയ ലോകത്ത് നിറഞ്ഞു നിന്ന നേതാവ് പ്രിന്‍സ് ലൂക്കോസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ ആണ് കോട്ടയം ജനതയും ഗ്രൂപ്പ്‌ വ്യത്യാസം ഇല്ലാതെ കേരള കോൺഗ്രസ്‌ രാഷ്ട്രീയവും.

Advertisment

 പൊതുപ്രവര്‍ത്തനരംഗത്തു സജീവമായിരുന്ന പ്രിന്‍സ് സൗമ്യമായ സ്വഭാവം കൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായ നേതാവ് കൂടിയായിരുന്നു.

കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിന്‍സ് ലൂക്കോസ്.
 കുടുംബത്തോടൊപ്പമാണ് പ്രിൻസ് വേളാങ്കണ്ണിയിലേക്ക് പോയിരുന്നത്.


വേളാങ്കണ്ണിയില്‍ പരിശുദ്ധമാതാവിന്റെ പിറവി പെരുന്നാളുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ കൊടിയേറ്റ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു പ്രിന്‍സും കുടുംബവും പോയിരുന്നത്.


അവിടെ വെച്ച് ജോസ് കെ. മാണി എം.പിയെയും ജോബ് മൈക്കിള്‍ എം.എല്‍.എയെയും കാണാനിടയാവുകയും സൗഹൃദസംഭാഷണം നടത്തി മടങ്ങുകയും ചെയ്തിരുന്നു.  

ഇന്ന് പുലര്‍ച്ചെ 3.30ന് തെങ്കാശിയില്‍ എത്തിയപ്പോഴാണ് ട്രെയിനില്‍വച്ച് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 പ്രിന്‍സിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് രാഷ്ട്രീയ കേരളം. പലര്‍ക്കും മരണം ഉള്‍ക്കൊള്ളാനായിട്ടില്ല. മണിക്കൂറുകൾക്ക് മുൻപ് വിശേഷം തിരക്കി യാത്ര പറഞ്ഞു പിരിഞ്ഞ പ്രിൻസ് മരിച്ചുവെന്ന വാർത്ത ജോസ് കെ മാണിയും ഞെട്ടലോടെയാണ് കേട്ടത്.


'പ്രിയപ്പെട്ട പ്രിന്‍സ് ലൂക്കോസിന്റെ വിയോഗ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് രാവിലെ കേട്ടത്. ഇന്നലെ വേളാങ്കണ്ണിയില്‍ ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ വച്ച് പ്രിന്‍സിനെയും കുടുംബത്തെയും കാണുകയും
കുശലം പറഞ്ഞു പിരിയുകയുമായിരുന്നു. 


ഇന്ന് രാവിലെ പള്ളിയില്‍ മാതാവിന്റെ മുന്നില്‍ പ്രാര്‍ത്ഥനയില്‍ നില്‍ക്കുമ്പോഴാണ്  4.45 ന് മരണ വിവരം അറിയുന്നത്. അദ്ദേഹത്തിന്റെ വേര്‍പാട് സൃഷ്ടിച്ച വേദന മറികടക്കാനുള്ള കരുത്ത് കുടുംബത്തിന് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു' എന്നു ജോസ് കെ. മാണി എം.പി. അനുസ്മരിച്ചു.

പ്രിയപ്പെട്ട സുഹൃത്ത് പ്രിന്‍സ് ലൂക്കോസിന്റെ അപ്രതീക്ഷിതമായ വേര്‍പാട് വിശ്വസിക്കാനാകുന്നില്ല. കഴിഞ്ഞ ദിവസം വേളാങ്കണ്ണിയില്‍ വച്ച് കണ്ടപ്പോള്‍ അല്പനേരം സൗഹൃദ സംഭാഷണം നടത്തിയാണ് പിരിഞ്ഞതെന്നും ജോബ് മൈക്കിള്‍ എം.എല്‍.എ അനുസ്മരിച്ചു.

യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷ പദവിയിൽ ജോബിന്റെ പിൻഗാമിയായിരുന്നു പ്രിൻസ്.

തികച്ചും അപ്രതീക്ഷിതമായ വിടവാങ്ങലിലൂടെ നഷ്ടമായത് മികച്ച പൊതുപ്രവര്‍ത്തകനെയാണെന്നു മന്ത്രി വി.എന്‍. വാസവന്‍ അനുസ്മരിച്ചു.


 വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ പ്രിന്‍സിനെ അടുത്ത് അറിയുന്നത് ഏറ്റുമാനൂരിലെ തെരഞ്ഞെടുപ്പ് കാലത്താണ്. 


ആ സൗഹൃദം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. പ്രിന്‍സിന്റെ വേര്‍പാട് സൃഷ്ടിച്ച വേദന മറികടക്കാന്‍ കുടുബത്തിനും സുഹൃത്തുക്കള്‍ക്കും കഴിയട്ടെ എന്നും മന്ത്രി വാസവന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനുരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് സി.പി.എമ്മിലെ വി.എന്‍. വാസവനോട് 14303 വോട്ടുകള്‍ക്കു പരാജയപ്പെടുകയായിരുന്നു. 

കോട്ടയം പെരുമ്പയിക്കാട് സ്വദേശിയാണ്.  കോട്ടയം ബാറിലെ അഭിഭാഷകന്‍ കൂടിയാണ് പ്രിന്‍സ്.

Advertisment