/sathyam/media/media_files/2025/09/08/prince-lukose-body-2025-09-08-16-13-36.jpg)
കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ സംസ്ഥാന ഉന്നത അധികാര സമിതി അംഗവുമായ പ്രിന്‍സ് ലൂക്കോസിന്റെ മൃതദേഹം കോട്ടയത്ത് എത്തിച്ചു. തെങ്കാശിയില്‍ നിന്നും മൃതദേഹം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയിലേക്കു പ്രത്യേക വാഹനത്തിലാണ് എത്തിച്ചത്.
മൃതദേഹം കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്, പാറമ്പുഴ പള്ളി വികാരി ഫാ. മാത്യു ചൂരവടി, ഫാ. ഡോ. ജെയിംസ് മുല്ലശേരിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തി.
എം.എല്‍.എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍, മോന്‍സ് ജോസഫ്, മുന്‍ എം.പി മാരായ സുരേഷ് കുറുപ്പ്, ജോയ് എബ്രഹാം, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് കണ്‍വീനര്‍ ഫില്‍സണ്‍ മാത്യു, അപു ജോണ്‍ ജോസഫ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്‌സണ്‍ ജോസഫ്, ബിനു ചെങ്ങളം എന്നിവര്‍ കാരിത്താസ് ആശുപത്രിയില്‍ എത്തി അന്തിമോപചാരം അറിയിച്ചു.
പ്രിന്‍സ് ലൂക്കോസിന്റെ നിര്യാണത്തില്‍ വരുന്ന ഒരാഴ്ച കാലത്തെ പാര്‍ട്ടിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചുകൊണ്ട് ദു:ഖാചരണം പ്രഖ്യാപിച്ചതായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് അറിയിച്ചു.
പ്രിന്‍സിനോടുള്ള ആദരസൂചകമായി നാളെ ഉച്ചകഴിഞ്ഞു രണ്ടിന് കാരിത്താസ് ആശുപത്രിയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി വിലാപയാത്ര ആരംഭിച്ച് ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നു പ്രത്യേകം സജ്ജമാക്കുന്ന പന്തലില്‍ പൊതുദര്‍ശനവും നടക്കുന്നതാണ്.
തുടര്‍ന്ന് അതിരമ്പുഴ- യൂണിവേഴ്‌സിറ്റി- മെഡിക്കല്‍ കോളജ് - പനമ്പാലം- ബേക്കര്‍ ജങ്ഷന്‍- ശാസ്ത്രി റോഡ് വഴി കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ 4 ന് പൊതുദര്‍ശനം ഉണ്ടായിരിക്കും. അതിനുശേഷം വിലാപയാത്രയായി ആറുമണിക്കു പാറപുഴയിലുള്ള വസതിയില്‍ മൃതദേഹം എത്തിക്കും.
സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ഭവനത്തിലെ ശുശ്രൂഷകള്‍ ആരംഭിക്കും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു പാറമ്പുഴ ബദലഹേം പള്ളിയില്‍ സമാപന പ്രാര്‍ഥന ശുശ്രൂഷകള്‍ക്കു ശേഷം മൃതദേഹം സംസ്‌കരിക്കും.