/sathyam/media/media_files/2025/09/09/milk-price-2025-09-09-15-17-51.jpg)
കോട്ടയം: പുറംവിപണിയില്‍ പാല്‍ വില 65 രൂപ വരെയായിരിക്കേ മില്‍മ കര്‍ഷകര്‍ക്ക് 50 രൂപ പോലും നല്‍കുന്നില്ല. മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പശു വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ പാല്‍ വില മാസങ്ങള്‍ക്കു മുമ്പേ 60 രൂപയാക്കിയിരുന്നു.
മില്‍മയുടെ നിയന്ത്രണത്തിലുള്ള ക്ഷീര സംഘങ്ങളില്‍ നിന്നു നേരിട്ടു പാല്‍ വാങ്ങണമെങ്കിലും 60 രൂപ നല്‍കണം. എന്നാൽ, നിലവില്‍ ഒരു ഒരു ലിറ്റര്‍ പാലിനു കര്‍ഷകര്‍ക്കു ലഭിക്കുന്നതു പരമാവധി 45 മുതല്‍ 49 രൂപ വരെ മാത്രം. ടോണ്‍ഡ് മില്‍ക്കിന്റെ വില ലിറ്ററിനു 52 രൂപയാണ്.
10 രൂപയുടെയെങ്കിലും വര്‍ധനയുണ്ടായാലേ പിടിച്ചു നില്‍ക്കാന്‍ കഴിയൂവെന്ന് ക്ഷീര കര്‍ഷകര്‍ പറയുന്നു. ഈ മാസം 15നു ചേരുന്ന മില്‍മയുടെ മൂന്നു മേഖലകളും ചേരുന്ന ഫെഡറേഷന്‍ യോഗത്തില്‍ പാല്‍ വില വര്‍ധനയ്ക്കു തീരുമാനമെടുത്ത് പിറ്റേന്ന് ചേരുന്ന പൊതുയോഗത്തില്‍ അവതരിപ്പിക്കുമെന്നാണു നിലവിലെ സൂചന.
പൊതുയോഗം വില വര്‍ധന നടപ്പിലാക്കാന്‍ സര്‍ക്കാരിലേക്കു കൈമാറും. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം വൈകിയേക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ വില വര്‍ധന തിരിച്ചടിയാകുമെന്ന ഭയമാണു കാരണം.
ഒരു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു വിജ്ഞാപനം ഉണ്ടായേക്കുമെന്ന സൂചനയുള്ളതിനാല്‍ അതുവരെ പ്രഖ്യാപനം നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണു സൂചന.
ലിറ്ററിനു നാലു മുതല്‍ അഞ്ചു രൂപയുടെ വരെ വര്‍ധനയാണ് മില്‍മ തീരുമാനിച്ചിരിക്കുന്നതെന്നാണു സൂചന. വര്‍ധിച്ച ഉത്പാദന ചെലവിന് ആനുപാതികമായി വില വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
2022 ഡിസംബറിലാണ് ഇതിനു മുമ്പ് മില്‍മ പാലിനു വില കൂട്ടിയത്. അന്നു ലിറ്ററിനു ആറു രൂപയാണ് വര്‍ധിപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ വര്‍ധനയുണ്ടായാലേ ക്ഷീര കര്‍ഷകര്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയൂവെന്ന് കര്‍ഷകപ്രതിനിധികള്‍ പറയുന്നു.
പശുക്കളുടെ വില, വളര്‍ത്തു ചെലവിലെ വര്‍ധന, കാലീത്തീറ്റയുടെയും മരുന്നിന്റെയും വലിയ വില, തുടങ്ങിയ കാരണങ്ങളാല്‍ ക്ഷീരമേഖലയില്‍ നിന്നു പിന്‍വാങ്ങുന്ന ചെറുകിട കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയാണ്.
ഈ സാഹചര്യത്തില്‍ 15നു ചേരുന്ന യോഗത്തിലാണു കര്‍ഷകരുടെ പ്രതീക്ഷകള്‍ മുഴുവനും. ജൂലൈയില്‍ ചേര്‍ന്ന മില്‍മ യോഗത്തില്‍ വില വര്‍ധിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല.
വില 60 രൂപയാക്കണമെന്നു മില്‍മയുടെ തിരുവനന്തപുരം, എറണാകുളം, മലബാര്‍ യൂണിയനുകള്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, വില വര്‍ധന വേണ്ടെന്നു ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു.